2013-08-17 16:11:35

ആഗസ്റ്റ് 18, നീതി ഞായര്‍


ആഗസ്റ്റ് 18, നീതി ഞായര്‍
16 ആഗസ്റ്റ് 2013, ന്യൂഡല്‍ഹി
ആഗസ്റ്റ് 18ന് ഭാരത സഭ 30ാമത് നീതി ഞായര്‍ (Justice Sunday) ആചരിക്കുന്നു. ദേശീയ കത്തോലിക്കാ മെത്രാന്‍സമിതിയുടെ നീതിസമാധാന വികസന കാര്യങ്ങള്‍ക്കുവേണ്ടിയുള്ള കാര്യാലയമാണ് നീതി ഞായര്‍ ആചരണത്തിന് നേതൃത്വം നല്‍കുന്നത്. വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ പാച്ചെം ഇന്‍ തേറിസ്, എന്ന ചാക്രിക ലേഖനത്തിന്‍റെ സുവര്‍ണ്ണജൂബിലി പ്രമാണിച്ച് “ഭൂമിയില്‍ സമാധാനം” എന്ന ശീര്‍ഷകമാണ് ഇക്കൊല്ലം നീതി ഞായര്‍ ആചരണത്തിന് നല്‍കപ്പെട്ടിരിക്കുന്നത്. 1963 ഏപ്രില്‍ 11നാണ് വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ വിഖ്യാതമായ “ഭൂമിയില്‍ സമാധാനം” (Pacem in Terris) എന്ന ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചത്.
അന്‍പതുവര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ട ഈ ചാക്രിക ലേഖനത്തിലെ പ്രബോധനങ്ങള്‍ ഇന്നും കാലികപ്രസക്തമാണെന്ന് നീതി സമാധാന വികസന കാര്യങ്ങള്‍ക്കുവേണ്ടിയുള്ള കാര്യാലയത്തിന്‍റെ സെക്രട്ടറി ഫാ.ചാള്‍സ് ഇറുദയം അഭിപ്രായപ്പെട്ടു. സത്യം, നീതി, സ്നേഹം, സ്വാതന്ത്ര്യം എന്നീ നാല് ഘടകങ്ങളാണ് സമാധാനത്തിന്‍റെ അടിസ്ഥാന ശിലകളായി മാര്‍പാപ്പ ചൂണ്ടിക്കാട്ടിയത്. ഈ ചതുര്‍സ്തംഭങ്ങളില്‍ ഊന്നിയ പുതിയ ലോകക്രമത്തെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവയ്ച്ച മാര്‍പാപ്പ സമാധാനത്തിന്‍റെ സംസ്ക്കാരത്തേക്കുറിച്ചും ആത്മീയതയില്‍ അടിയുറച്ച മാനവ വികസനത്തെക്കുറിച്ചും ചാക്രിക ലേഖത്തില്‍ നല്‍കിയ പ്രബോധനങ്ങളും ഫാ.ഇറുദയം അനുസ്മരിച്ചു. ആയുധമത്സരം അവസാനിപ്പിക്കാനുള്ള പാപ്പായുടെ ആഹ്വാനം ആയുധ ഇറക്കുമതിയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയെ സംബന്ധിച്ച് അതിപ്രസക്തമാണെന്നും അദേഹം അഭിപ്രായപ്പെട്ടു.

വാര്‍ത്താ സ്രോതസ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.