2013-08-15 18:06:38

മറിയത്തിന്‍റെ സ്തോത്രഗീതം
എളിയവരുടെ പ്രത്യാശഗീതം


15 ആഗസ്റ്റ് 2013, ക്യാസില്‍ ഗണ്ടോള്‍ഫോ
പാപ്പാ ഫ്രാന്‍സിസ് സ്വര്‍ഗ്ഗാരോപണ മഹോത്സവം റോമിനു പുറത്തുള്ള ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ ആഘോഷിച്ചു. ആഗസ്റ്റ് 15-ാം തിയതി പ്രാദേശിക സമയം രാവിലെ 9.00 മണിക്ക് വത്തിക്കാനില്‍നിന്നും കാറിലാണ് വേനല്‍ക്കാല വസതിയായ ക്യാസില്‍ ഗണ്ടോള്‍ഫോയിലേയ്ക്ക് പാപ്പാ പുറപ്പെട്ടത്.
35 കി.മീറ്റര്‍ യാത്രചെയ്ത് പാപ്പാ 9.30-ന് ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ എത്തി. അടുത്തുള്ള ക്ലാരിസ്റ്റ് സന്ന്യാസിനികളുടെ മിണ്ടാമഠം അനൗപചാരികമായി സന്ദര്‍ശിച്ച പാപ്പാ, എല്ലാ സഹോദരിമാരെയും കാണുകയും സംസാരിക്കുകയും, അവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയുംചെയ്തു.

ക്യാസില്‍ ഗണ്ടോള്‍ഫോയുടെ വിസ്തൃതമായ സ്വാതന്ത്ര്യത്തിന്‍റെ ചത്വരമാണ് പാപ്പായുടെ ദിവ്യബലിക്ക് വേദിയായത്. ദിവ്യബലിയില്‍ പങ്കെടുക്കുന്നതിനായി അല്‍ബാനോ പ്രവിശ്യല്‍നിന്നു മാത്രമല്ല, ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍നിന്നും വിലയ തീര്‍ത്ഥാടക സമൂഹം ക്യാസില്‍ഗണ്ടോള്‍ഫോയില്‍ എത്തിയിരുന്നു. കൃത്യം 10.30-ന് ദിവ്യബലി ആരംഭിച്ചു.
വേനലവധിക്ക് അവിടെ താമസിക്കാത്ത പാപ്പാ, മുന്‍പാപ്പാമാരുടെ പതിവുതെറ്റിക്കാതെയാണ് സ്വാര്‍ഗ്ഗാരോപണ നാളില്‍ അവിടെയെത്തി ജനങ്ങള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചത്.

ദിവ്യബലിമദ്ധ്യേ പാപ്പ വചനപ്രഘോഷണം നടത്തി:
ജീവന്‍റെയും മരണത്തിന്‍റെയുംമദ്ധ്യേ, നന്മ-തിന്മകള്‍ക്കിടയില്‍, ദാരിദ്ര്യത്തിന്‍റെയും രോഗങ്ങളുടെയും ക്ലേശങ്ങള്‍ക്കിടയില്‍, ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള വിശ്വാസംവഴി സ്നേഹത്തില്‍ മനുഷ്യന്‍ ആര്‍ജ്ജിക്കുന്ന പുണ്യമാണ് പ്രത്യാശയെന്ന് പാപ്പാ വചനസമീക്ഷയില്‍ സമര്‍ത്ഥിച്ചു.
ജീവിതയാതനകളുടെ മദ്ധ്യേ ചരിക്കുന്ന മനുഷ്യര്‍ ഏറ്റുപാടേണ്ട പ്രത്യാശയുടെ ഗീതമാണ് മറിയത്തിന്‍റെ സ്തോത്രഗീതമെന്ന് സുവിശേഷത്തെ അധികരിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചു.

എളിമയും ലാളിത്യവുമുള്ള ധാരാളം വിശുദ്ധാത്മാക്കളും, പ്രശസ്തരും എന്നാല്‍ പ്രശസ്തരല്ലാത്തവരും, പലപ്പോഴും ദൈവത്തിനുമാത്രം അറിയാവുന്ന ആത്മീയതയുള്ള മാതാപിതാക്കളും, മതാദ്ധ്യാപകരും, മിഷണറിമാരും, വൈദികരും സന്ന്യസ്തരും യുവജനങ്ങളും, എന്തിന് കുഞ്ഞുങ്ങള്‍ പോലും അവരുടെ ജീവിതയാതനകളുടെമദ്ധ്യേ ഏറ്റുപാടിയിട്ടുള്ള സുന്ദരഗീതമാണ് ‘മാഞ്ഞീഫിക്കാത്ത്’ Magnificat മറിയത്തിന്‍റെ സ്തോത്രഗീതമെന്ന് പാപ്പാ പ്രസ്താവിച്ചു.

ഇന്ന് സ്വര്‍ഗ്ഗാരോപണനാളില്‍ സഭ മറിയത്തൊടൊപ്പം ഈ സ്തോത്രഗീതം ഏറ്റുപാടുകയാണ്, പ്രത്യേകിച്ച് ക്രിസ്തുവിന്‍റെ മൗതികശരീരം പീഡനങ്ങള്‍ക്ക് വിധേയമാകുന്ന ഇടങ്ങളില്‍. പീഡനങ്ങള്‍ അനുഭവിക്കുന്ന സമൂഹങ്ങളുടെയും സഹോദരങ്ങളുടെയുംമദ്ധ്യേ മറിയം സന്നിഹിതയാണെന്നും, അവരോടൊപ്പം വേദനിക്കുകയും, തേങ്ങുകയും, അവരെ തുണയ്ക്കുകയും ചെയ്തുകൊണ്ട് സ്വര്‍ഗ്ഗീയ അമ്മ പ്രത്യാശയുടെ സ്തോത്രഗീതം അവര്‍ക്കൊപ്പം സ്വര്‍ഗ്ഗപിതാവിന്‍റെ സന്നിധിയില്‍ ആലപിക്കുന്നുണ്ടെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
Reported : nellikal, sedoc









All the contents on this site are copyrighted ©.