2013-08-14 18:27:53

‘ആമ്മേന്‍’ വിശ്വാസത്തിന്‍റെയും
വിശ്വസ്തതയുടെയും പ്രഘോഷണം


14 ആഗസ്റ്റ് 2013, റോം
ദൈവ-മനുഷ്യ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന വാക്കാണ് ‘ആമ്മേന്‍’ എന്ന് ദൈവശാസ്ത്ര പണ്ഡിതന്‍, ഡേരിയൂസ് കൊവാല്‍സിക്ക് പ്രസ്താവിച്ചു. വത്തിക്കാന്‍ റേഡിയോയ്ക്കു നല്കുന്ന പതിവുള്ള മതബോധന പരമ്പരയില്‍ വിശ്വാസപ്രമാണത്തിന്‍റെ അന്ത്യത്തിലുള്ള ആമ്മേന്‍ എന്ന പ്രയോഗം വിവരിച്ചുകൊണ്ടാണ് ഫാദര്‍ കൊവാല്‍സിക്ക് ഇങ്ങനെ വ്യാഖ്യാനിച്ചത്.

ഹെബ്രായ ഭാഷയില്‍ ‘ആമ്മേന്‍’ എന്ന വാക്കും വിശ്വസിക്കുക എന്ന വാക്കും ഓരേ ക്രിയാധാതുവില്‍നിന്നും ഉത്ഭവിക്കുന്നതാണെന്നും, അത് വിശ്വാസയോഗ്യത, വിശ്വസ്തത എന്നീ അര്‍ത്ഥങ്ങളാണ് പ്രകാശിപ്പിക്കുന്നതെന്നും ഫാദര്‍ കൊവാല്‍സിക്ക് വിവരിച്ചു. അതിനാല്‍ ‘ആമ്മേന്‍’ എന്ന് പ്രഘോഷിക്കുമ്പോള്‍ ദൈവത്തിന് നമ്മോടുള്ള വിശ്വസ്തതയും, നമുക്കു ദൈവത്തിലുള്ള ആശ്രയബോധവും അത് പ്രകടമാക്കുന്നുവെന്ന് ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റി പ്രഫസര്‍ കൂടിയായ ഫാദര്‍ കൊവാല്‍സിക്ക് വ്യക്തമാക്കി. വിശ്വപ്രമാണത്തിന്‍റെ അന്ത്യത്തിലുള്ള ‘ആമ്മേന്‍’ എന്ന പ്രഘോഷണം, അതിനു മുന്‍പ് ഏറ്റുപറഞ്ഞ വിശ്വാസസംജ്ഞകളില്‍ വിശ്വസിക്കുന്നു എന്ന് ഏറ്റുപറയുകയും അവ സ്ഥിരീകരിക്കുകയും ചെയ്യുന്നതാണെന്ന്
ഫാദര്‍ കൊവാല്‍സിക്ക് ചൂണ്ടിക്കാട്ടി.

‘ആമേന്‍’ എന്ന ഹ്രസ്വമൂല പദ പ്രയോഗത്തിലൂടെ ദൈവത്തിന്‍റെ വാക്കുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും കല്പനകള്‍ക്കും സമ്മതംപറയുക എന്നാണര്‍ത്ഥം. അനന്ത സ്നേഹസംപൂര്‍ണ്ണനും വിശ്വസ്തനുമായ അവിടുത്തേയ്ക്ക് നമ്മെത്തന്നെ കീഴ്പ്പെടുത്തുന്ന പ്രക്രിയയാണ് ആമ്മേന്‍ പ്രഘോഷണം.
ക്രിസ്തു പിതാവിന്‍റെ വാഗ്ദാനങ്ങള്‍ക്ക് പൂര്‍ണ്ണവിധേയനാകയാല്‍ അവിടുന്നാണ് ഈ ഭൂമിയില്‍ മനുഷ്യകുലത്തിന്‍റെ സുനിശ്ചിതമായ ആമ്മേന്‍ എന്നും, അതുകൊണ്ടുതന്നെ സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനകള്‍ എല്ലാം തന്നെ ദൈവശാസ്ത്രപരമായി ക്രിസ്തുവഴി സമര്‍പ്പിച്ചുകൊണ്ട്, ആമ്മേന്‍
എന്ന ജനങ്ങളുടെ പ്രത്യുത്തരത്തോടെ സമാപിക്കുന്നതെന്നും ഫാദര്‍ കൊവാല്‍സിക്ക് വിവരിച്ചു.

പരമ്പരയുടെ വിവിധ 12 ഘട്ടങ്ങളിലൂടെ സ്ഥാനത്യാഗ ചെയ്ത പാപ്പാ ബനഡിക്ടിന്‍റെ വിശ്വാസത്തിന്‍റെ വാതില്‍ Porta Fidei എന്ന അപ്പസ്തോലിക പ്രബോധനത്തിലെ നിര്‍ദ്ദേശം നിവര്‍ത്തിക്കുകയായിരുന്നെന്നും, അത് നമ്മുടെ വിശ്വാസജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്യുന്ന പ്രബോധനമാണെന്നും ഫാദര്‍ കൊവാല്‍സിക്ക് പ്രസ്താവിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.