2013-08-14 18:46:18

സ്വര്‍ഗ്ഗാരോപണത്തിന്‍റെ
ചരിത്രപശ്ചാത്തലം


14 ആഗസ്റ്റ് 2013, വത്തിക്കാന്‍
ദൈവമാതാവിന്‍റെ സ്വര്‍ഗ്ഗാരോപണത്തിന് ചരിത്ര പാരമ്പര്യമുണ്ടെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. 1950-ല്‍ പന്ത്രണ്ടാം പിയൂസ് പാപ്പായാണ് ക്രിസ്തുവിന്‍റെ അമ്മയുടെ സ്വര്‍ഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചതെങ്കിലും, ഈ വിശ്വാസ സത്യത്തിന് ആദ്യ നൂറ്റാണ്ടുകളിലേയ്ക്ക് കടന്നുചെല്ലുന്ന ചരിത്രപാരമ്പര്യമുണ്ട് പ്രസ്താവന സ്ഥിരീകരിച്ചു. ഉത്ഭവപാപക്കറയില്ലാത്ത നസ്രത്തിലെ മറിയം, തന്‍റെ ഭൗമിക ജീവിതാന്ത്യത്തില്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്വം പൂകിയെന്നും, തന്‍റെ തിരുക്കുമാരനോട് കൂടുതല്‍ അനുരൂപപ്പെട്ടിരിക്കുന്നതിന് ദൈവം അവളെ ഈ പ്രപഞ്ചത്തിന്‍റെ നാഥയും രാജ്ഞിയുമായി അവരോധിച്ചുവെന്നും രണ്ടാം വത്തിക്കന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുള്ളത് പ്രസ്താവന ചൂണ്ടിക്കാട്ടി (L.G. 59). എന്നാല്‍ ആദ്യനൂറ്റാണ്ടുകളോളം പിന്നോട്ടുപോകുന്ന സഭയുടെ ചരിത്ര പാരമ്പര്യത്തില്‍ ഊട്ടിയുറപ്പിക്കപ്പെട്ടതാണ് മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണത്തിന്‍റെ വിശ്വാസസത്യമെന്ന് പ്രസ്താവന വ്യക്തമാക്കി.

ക്രിസ്താബ്ദം 431-ലെ എഫേസൂസ് കൗണ്‍സില്‍ മറിയത്തിന്‍റെ ദൈവമാതൃത്വം പ്രഖ്യപിച്ചതിനെ തുടര്‍ന്ന് 450-ല്‍ ജരൂസലേമിലെ സിഹിയോണ്‍ ഊട്ടുശാലയുടെ സ്ഥാനത്തു സ്ഥാപിതമായ മേരിയന്‍ ദേവാലയം ദൈവമാതാവ് അന്ത്യവിശ്രമംകൊണ്ട ഇടമായി വണങ്ങിപ്പോന്നു. ദേവാലയ പ്രതിഷ്ഠനടത്തപ്പെട്ടതും തുടര്‍ന്ന് മറിയത്തിന്‍റെ അന്ത്യവിശ്രമത്തിന്‍റെ തിരുനാള്‍ ആചരിക്കപ്പെട്ടിരുന്നതും ആഗസ്റ്റ് 15-ാം തിയതിയാണ്. ബൈസാന്‍റൈന്‍ ചക്രവര്‍ത്തി, മാവുരൂസിന്‍റെ കാലംമുതല്‍, അഞ്ചാം നൂറ്റാണ്ടില്‍ (582-602) മറിയത്തിന്‍റെ അന്ത്യവിശ്രമത്തിന്‍റെ അനുസ്മരണം the feast of Dormition ആചരിച്ചിരുന്നതിന് ചരിത്ര രേഖകളുണ്ട്.

പാപ്പാ സെര്‍ജിയൂസിന്‍റെ കാലത്ത്, 7-ാം നൂറ്റാണ്ടില്‍ മറയത്തിന്‍റെ അന്ത്ര്യവിശ്രമത്തിന്‍റെ തിരുനാള്‍ റോമില്‍ ആചരിക്കുവാന്‍ തുടങ്ങി. റോമിലെ പുരാതന ബസിലിക്കകളായ മേരി മെയ്ജര്‍, ജോണ്‍ ലാറ്ററാന്‍ എന്നിവയെ കേന്ദ്രീകരിച്ച് 16-ാം നൂറ്റാണ്ടുവരെ ആഗസ്റ്റ് 15-ാം തിയതികളില്‍ മറിയത്തിന്‍റെ അന്ത്യവിശ്രമത്തിന്‍റെ തിരുനാള്‍ സാഘോഷമായി കൊണ്ടാടിയിരുന്നത് ചരിത്രമാണ്. 1950-ല്‍ സഭ പ്രഖ്യാപിച്ച സ്വര്‍ഗ്ഗാരോപണത്തിന്‍റെ വിശ്വാസസത്യമാണ് വീണ്ടും വത്തിക്കാന്‍ കൗണ്‍സിന്‍റെ തിരുസഭയെക്കുറിച്ചുള്ള Lumen Gentium എന്ന പ്രമാണരേഖയിലൂടെ ആധുനിക കാലത്ത് സഭ അടിവരയിട്ട് ഉറപ്പിച്ചത്. ഉത്ഭവപാപക്കറയില്ലാത്ത നസ്രത്തിലെ മറിയം, തന്‍റെ ഭൗമിക ജീവിതാന്ത്യത്തില്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്വം പൂകിയെന്നും, തന്‍റെ തിരുക്കുമാരനോട് കൂടുതല്‍ അനുരൂപപ്പെട്ടിരിക്കുന്നതിന് ദൈവം അവളെ ഈ പ്രപഞ്ചത്തിന്‍റെ നാഥയും രാജ്ഞിയുമായി അവരോധിച്ചുവെന്നും രണ്ടാം വത്തിക്കന്‍ കൗണ്‍സില്‍ പ്രഖ്യാപിക്കുകയുണ്ടായി (59).
Reported : nellikal, sedoc








All the contents on this site are copyrighted ©.