2013-08-14 18:15:36

വര്‍ഗ്ഗീസ് തോട്ടംകര അഭിഷിക്തനായി
ആഫ്രിക്കയ്ക്ക് കേരളത്തിന്‍റെ അജപാലകന്‍


14 ആഗസ്റ്റ് 2013, റോം
പാപ്പാ ഫ്രാന്‍സിസ് എത്യോപ്യായിലെ നെകേംതെ രൂപതയുടെ ക്വാജുറ്റര്‍ അപ്പസ്തോലിക് വികാരിയായി ജൂണ്‍ 28-ാം തിയതി നിയോഗിച്ച ഫാദര്‍ വര്‍ഗ്ഗീസ് തോട്ടംകരയാണ് ആഗസ്റ്റ് 13-ാം തിയതി ചെവ്വാഴ്ച രാവിലെ റോമിലെ വിന്‍സെന്‍ഷ്യന്‍ പ്രൊവിഷ്യന്‍ ഹൗസിന്‍റെ കപ്പേളയില്‍വച്ച് അഭിഷിക്തനായത്. വിശുദ്ധ വിന്‍സെന്‍റ് ഡി പോള്‍ തന്നെ 1625-ല്‍ സ്ഥാപിച്ച Congregation of the Missions സഭയുടെ തെക്കെ ഇന്ത്യന്‍ പ്രവിശ്യാംഗമാണ് അഭിഷിക്തന്‍.

റോമിലെ ലാറ്ററന്‍ ബസിലിക്കയുടെ റെക്ടറും വിന്‍സെന്‍ഷ്യന്‍ സഭാംഗവുമായി ബിഷപ്പ് ലൂക്കാ ബ്രന്‍ഡലീനിയാണ് തോട്ടംകരയെ മെത്രാനായി അഭിഷേകംചെയ്തത്. സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, സ്ഥാനമൊഴിയുന്ന നികംത്തേ രൂപതാ മെത്രാന്‍, ബിഷപ്പ് തിയൊദോര്‍ വാന്‍ റിജ്യൂവന്‍, ബിഷപ്പ് മാര്‍ക്കോസ് ഗബ്രേ മെദിം, വടക്കെ ഇന്ത്യയിലെ ബാലസൂര്‍ രൂപതാ മെത്രാന്‍ ബിഷപ്പ് തോമസ് തുരുത്താലില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
വളരെ ലളിതമായി നടത്തപ്പെട്ട ചടങ്ങില്‍ കേരളത്തില്‍നിന്നെത്തിയ ഏതാനും ബന്ധുമിത്രാദികളും, റോമിലെ ധാരാളം വിന്‍സെന്‍ഷ്യന്‍ Congregation of the Missions സഭാംഗങ്ങളും വിശ്വാസികളും പങ്കെടുത്തു. സെപ്റ്റബര്‍ 22-ാം തിയതി നെകേംതെയുടെ മെത്രാന്‍സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുന്ന ബിഷപ്പ് തോട്ടംകര കേരളത്തില്‍ പെരുമ്പാവൂരിനടുത്തുള്ള തോട്ട്വാ സ്വദേശിയും എറണാകുളും-അങ്കമാലി അതിരൂപതാംഗവുമാണ്.

അഭിഷേക കര്‍മ്മത്തെ തുടര്‍ന്ന് പുതിയ മെത്രാന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു.
ദിവ്യബലിയുടെ സമാപനത്തില്‍ നവാഭിഷിക്തന്‍, വര്‍ഗ്ഗീസ് തോട്ടംങ്കര ഏവര്‍ക്കും നന്ദിയര്‍പ്പിച്ചശേഷം ‘തെ ദേവും’ എന്നു സ്തോത്രഗീതവും ആലപിക്കപ്പെട്ടു. അധികവും പാവങ്ങളും സാധാരണക്കാരുമുള്ള മിഷന്‍ രൂപതിയിലാണ് താന്‍ സ്ഥാനമേല്‍ക്കുന്നതെന്നും, അവിടുത്തെ വെല്ലുവിളികള്‍ മനസ്സിലാക്കിയാണ് തന്‍റെ അഭിഷേകകര്‍മ്മം വളരെ ലളിതമാക്കി നടത്തിയതെന്നും, ‘ദരിദ്രരോട് സുവിശേഷമറിയിക്കാന്‍ അവിടുന്നെന്നെ അയച്ചിരിക്കുന്നു,’ Evangelizare pauperibus misit me എന്നതാണ് തന്‍റെ സ്ഥാനിക ആപ്തവാക്യമെന്നും, അത് ജീവിക്കാന്‍ സഭാ സ്ഥാപകനായ വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ മാതൃകയും മാദ്ധ്യസ്ഥ്യവും എന്നും തേടുമെന്നും ബിഷപ്പ് തോട്ടങ്കര തന്‍റെ നന്ദിപ്രകടനത്തില്‍ വെളിപ്പെടുത്തി.

ആഗസ്റ്റി 14-ാം തിയതി ബുധനാഴ്ച രാവിലെ ബിഷപ്പ് തോട്ടംങ്കര വത്തിക്കാനിലെ പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തായിലെ കപ്പേളയിലെത്തി പാപ്പാ ഫ്രാന്‍സിസിനോടൊപ്പം രാവിലെ ദിവ്യബലിയര്‍പ്പിച്ചു.
ദിവ്യബലിക്കുശേഷം അദ്ദേഹം പാപ്പായുമായി കൂടിക്കാഴ്ച നടത്തി. ഏതാനും നിമിഷങ്ങള്‍ വിവരങ്ങള്‍ ആരാഞ്ഞപാപ്പ, സെപ്റ്റബര്‍ 22-ാം തിയതി നെകേംതെയുടെ മെത്രാന്‍സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുന്ന ബിഷപ്പ് തോട്ടംകരയെ പ്രത്യേകം അനുഗ്രഹിച്ച് ആശിര്‍വ്വദിച്ചയച്ചു.
വിശുദ്ധ വിന്‍സെന്‍റ് ഡി പോള്‍ സ്ഥാപിച്ച Congregation of the Missions-ന്‍റെ വികാരി ജനറലായി പ്രവര്‍ത്തിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് തോട്ടംങ്കരയെ എത്യോപ്യായിലെ നികംത്തേ രൂപതയുടെ സഹായമെത്രാനായി നിയോഗിച്ചത്.

കേരളത്തില്‍ എറണാകുളം അങ്കമാലി അതിരൂപതാംഗവും, പെരിയാറിന്‍റെ തീരത്തുള്ള തോട്വാ സ്വദേശിയുമാണ്, വര്‍ഗ്ഗീസ് തോട്ടംകര. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വിന്‍സെന്‍ഷ്യന്‍ സഭയുടെ ഒറീസ്സാ മിഷനില്‍ ചേര്‍ന്നു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി 1987-ല്‍ വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്നുള്ള 10 വര്‍ഷക്കാലം വടക്കെ ഇന്ത്യയിലെ സഭയുടെ സെമിനാരിയില്‍ പഠിപ്പിച്ചുകൊണ്ട് പ്രേഷിതപ്രവര്‍്ത്തനങ്ങളില്‍ വ്യാപൃതനായി. 1995-ല്‍ ഉപരിപഠനാര്‍ത്ഥം റോമിലെത്തി. ആഞ്ചെലിക്കും യൂണിവേഴ്സിറ്റിയില്‍നിന്നും സന്മാര്‍ഗ്ഗ ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഫാദര്‍ തോട്ടംങ്കരം 1997-മുതല്‍ എത്യോപ്യായിലെ മിഷനിലേയ്ക്ക് പുറപ്പെട്ടത്. അവിടെ സെമിനാരി പ്രഫസര്‍, റെക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2002-ല്‍ ഭാരതത്തില്‍ ചെന്നൈയിലുള്ള സെമിനാരി റെക്ടറായും നോവിസ് മാസ്റ്ററായും നിയമിതനായി. 2005-ല്‍ സഭയുടെ തെക്കെ ഇന്ത്യന്‍ മേഖലയുടെ പ്രൊവിന്‍ഷ്യലായി നിയമിതനായി. 2010-ല്‍ Congregation of the Missions സഭയുടെ ആദ്യം പ്രൊക്കുറേറ്റര്‍ ജനറലായും, പിന്നീട് വികാരി ജനറലായും തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ റോമിലുള്ള ജനറലേറ്റ് കേന്ദ്രീകരിച്ച് ആഗോള സഭാപ്രവര്‍ത്തനങ്ങളില്‍ സജീവമായി വ്യാപൃതനായിരിക്കവെയാണ് മെത്രാന്‍ സ്ഥാനത്തേയ്ക്ക് തോട്ടംകര വിളിക്കപ്പെട്ടത്.
Reported : nellikal, Radio Vatican










All the contents on this site are copyrighted ©.