2013-08-13 16:18:28

യഥാര്‍ത്ഥ നിക്ഷേപം, സ്നേഹമുള്ള ജീവിതം


നമ്മുടെ ജീവിതവും ബന്ധങ്ങളും പ്രാരാബ്ദങ്ങളുമെല്ലാം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് ദൈവ സ്നേഹത്തിലാണെന്ന് ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിക്കുന്നു. കര്‍ത്താവ് നമ്മുടെ ഹൃദയത്തില്‍ വിതച്ച സ്നേഹം, ദൈവിക സ്നേഹം, ക്രൈസ്തവരുടെ ജീവിതമാര്‍ഗമായിരിക്കണമെന്നും ഇക്കഴിഞ്ഞ ഞായറാഴ്ച വത്തിക്കാനില്‍വച്ചു നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തില്‍ മാര്‍പാപ്പ സഭാംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.

ഈദുല്‍ ഫിത്തര്‍ ആഘോഷിച്ച മുസ്ലീം സഹോദരങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ആശംസകള്‍ നേരാനും മാര്‍പാപ്പ ഈ അവസരം വിനിയോഗിച്ചു. ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന മാര്‍പാപ്പ പ്രാര്‍ത്ഥനയുടേയും ഉപവാസത്തിന്‍റേയും സത്കര്‍മ്മങ്ങളുടേയും ഒരു മാസംനീണ്ട ഒരുക്കത്തോടെയാണ് അവര്‍ പെരുന്നാള്‍ ആഘോഷിച്ചതെന്നും അനുസ്മരിച്ചു. റംസാന്‍ മാസാചരണത്തോടനുബന്ധിച്ച് താന്‍ നല്‍കിയ സന്ദേശത്തില്‍ പരാമര്‍ശിച്ചിരുന്നതുപോലെ, ക്രൈസ്തവരും മുസ്ലീമുകളും പരസ്പര ആദരവിന്‍റെ സംസ്ക്കാരം കെട്ടിപ്പടുക്കാന്‍ ഒരുമിച്ച് പ്രയത്നിക്കണമെന്നും, പുതിയ തലമുറയ്ക്കു നല്‍കുന്ന വിദ്യാഭ്യാസത്തില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.

ആഗസ്റ്റ് 11ന് മാര്‍പാപ്പ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിന്‍റെ മലയാള പരിഭാഷ ചുവടെ ചേര്‍ക്കുന്നു:

(ഞായറാഴ്ച ദിവ്യബലി മധ്യേ വായിച്ച സുവിശേഷഭാഗം ആസ്പദമാക്കിയായിരുന്നു മാര്‍പാപ്പയുടെ പ്രഭാഷണം. വി.ലൂക്കായുടെ സുവിശേഷം 12ാം അദ്ധ്യായം 32 മുതല്‍ 48വരെയുള്ള വാക്യങ്ങളായിരുന്നു സുവിശേഷഭാഗം. ചെറിയ അജഗണമേ ഭയപ്പെടേണ്ട, എന്ന ആമുഖത്തോടെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ശാശ്വത ഭവനത്തെക്കുറിച്ച് ക്രിസ്തു തന്‍റെ ശിഷ്യരോട് വിവരിക്കുന്നതും, നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയമെന്ന് പ്രസ്താവിക്കുന്നതും, വിശ്വസ്തനും സദാ ജാഗരൂകനുമായ ഭൃത്യന്‍റെ ഉപമയെക്കുറിച്ച് പറയുന്നതുമായ കാര്യങ്ങളാണ് ഈ ഭാഗത്തെ പ്രതിപാദ്യം. )

പ്രിയ സഹോദരീ സഹോദരന്‍മാരേ സുപ്രഭാതം,

ഈ ഞായറാഴ്ചയിലെ സുവിശേഷഭാഗം ക്രിസ്തുവുമായുള്ള ശാശ്വത കൂടിക്കാഴ്ച്ചയെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദൈവവുമായുള്ള കൂടിക്കാഴ്ച്ച പ്രതീക്ഷിച്ചിരിക്കുന്നവര്‍ സദാ ജാഗരൂകതയോടെ, ഉണര്‍ന്നിരുന്ന്, ആ കൂടിക്കാഴ്ച്ചയ്ക്കായി ഒരുങ്ങുന്നു. അടിസ്ഥാനപരമായ ഒരു ജീവിതദര്‍ശനമാണിത്. കാരണം ദൈവവുമായുള്ള അന്തിമകൂടിക്കാഴ്ച്ചയെക്കുറിച്ചുള്ള ചിന്തകള്‍ പ്രത്യക്ഷമായോ പരോക്ഷമായോ നമ്മുടെ ഹൃദയത്തിലുണ്ട്.

ക്രിസ്തുവിന്‍റെ മനോവികാരം

എല്ലായ്പ്പോഴും ജാഗരൂകരായിരുന്ന്, ഈ കൂടിക്കാഴ്ച്ചയ്ക്കായി ഒരുങ്ങാന്‍ ക്രിസ്തു ഉത്ബോധിപ്പിക്കുന്ന പശ്ചാത്തലമെന്താണെന്നും നാം വ്യക്തമായി മനസിലാക്കിയിരിക്കണം. തന്‍റെ ശിഷ്യരുമൊത്ത് ജറുസലേമിലേക്ക് പോകുന്ന വഴിയിലാണ് യേശു ഈ പ്രബോധനങ്ങള്‍ നല്‍കുന്നതെന്ന് വി.ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. തന്‍റെ പീഡാസഹനത്തിന്‍റേയും കുരിശുമരണത്തിന്‍റേയും യാഗവേദിയാണ് ജറുസലേമെന്ന് യേശുവിനറിയാം. ബലിവേദിയിലേക്കുള്ള ഈ യാത്രാമധ്യേ ക്രിസ്തു തന്‍റെ അപ്പസ്തോലന്‍മാര്‍ക്കു നല്‍കുന്ന ഉത്ബോധനങ്ങളില്‍ അവിടുത്തെ ആന്തരിക മനോഭാവം പ്രതിഫലിക്കുന്നു. ഭൗതിക വസ്തുക്കളോടുള്ള പരിപൂര്‍ണ്ണ വിരക്തി , ദൈവപിതാവിന്‍റെ തിരുഹിതത്തോടുള്ള വിശ്വസ്തതയും ആശ്രയത്വവും, ആന്തരികമായ ജാഗരൂകത, ദൈവരാജ്യത്തിനായുള്ള കര്‍മ്മനിരതമായ കാത്തിരിപ്പ് എന്നിങ്ങനെ യേശുവിന്‍റെ മനസിലെ വിവിധ വികാരങ്ങള്‍ ഇവിടെ പ്രകടമാകുന്നു. തന്‍റെ പിതാവിന്‍റെ ഭവനത്തിലേക്ക് മടങ്ങിപോകാന്‍ ഒരുങ്ങുകയാണ് ക്രിസ്തു. നമ്മുടെ കാര്യത്തില്‍, നാം ഒരുക്കത്തോടെ കാത്തിരിക്കുന്നത് ക്രിസ്തുവിനെ സ്വീകരിക്കാനാണ്.

തന്നോടൊത്തായിരിക്കാനായി അമ്മയായ മറിയത്തെ സ്വര്‍ഗത്തിലേക്ക് സംവഹിച്ചതുപോലെ, ക്രിസ്തു നമ്മേയും നിത്യസൗഭാഗ്യത്തിലേക്ക് ആനയിക്കാനെത്തുന്ന നിമിഷത്തിനായി നാം കാത്തിരിക്കുന്നു.

ക്രിസ്തുദര്‍ശനത്തിനായി അഭിലഷിക്കുന്ന ക്രിസ്ത്യാനി

തന്‍റെ സഹോദരീസഹോദരന്‍മാരോടൊപ്പം കര്‍ത്താവിനെ ദര്‍ശിക്കാന്‍ ഹൃദയത്തില്‍ അഭിലഷിക്കുന്നവനാണ് ക്രിസ്ത്യാനിയെന്ന് സുവിശേഷകന്‍ നമ്മെ അനുസ്മരിപ്പിക്കുന്നു. ജീവിതവഴിത്താരില്‍ ഒരുമിച്ചു യാത്രചെയ്യുന്നവരോടൊത്ത് ക്രിസ്തുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നവനാണ് ക്രിസ്ത്യാനി. ക്രിസ്തുവിന്‍റെ വിഖ്യാതമായ ഒരു വാക്യത്തില്‍ ഇക്കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. “എവിടെയാണോ നിങ്ങളുടെ നിക്ഷേപം അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും”(വി.ലൂക്കാ 12,34). ഹൃദയത്തിലാണ് ആഗ്രഹം. ആഗ്രഹങ്ങളുള്ളവരാണ് നാമെല്ലാവരും. ആഗ്രഹങ്ങളില്ലാത്തവരുണ്ടോ? ജീവിതത്തില്‍ ഉയര്‍ച്ചയും, മുന്നോട്ടു പോകണമെന്ന ആഗ്രഹവും നമുക്കുണ്ട്. ജീവിത ചക്രവാളത്തിന്‍റെ അതിര്‍ത്തിയോളം സഞ്ചരിക്കാന്‍ നാമാഗ്രഹിക്കുന്നു. ക്രൈസ്തവരായ നമ്മെ സംബന്ധിച്ച് ഈ ചക്രവാളം നമ്മുടെ ജീവനും ആനന്ദവും പ്രതീക്ഷയുമായ ക്രിസ്തുവാണ്, ക്രിസ്തുദര്‍ശനമാണ്.

ക്രിസ്തുവിനെ വരവേല്‍ക്കാന്‍ നമ്മുടെ ഹൃദയം സജ്ജമാണോ?

നിങ്ങളോട് രണ്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ക്രിസ്തുദര്‍ശനം ആഗ്രഹിക്കുന്ന ഹൃദയമാണോ നിങ്ങളുടേത്. ക്രിസ്തുവിനെ ദര്‍ശിക്കാന്‍ നിങ്ങള്‍ ഹൃദയത്തിലാഗ്രഹിക്കുന്നുണ്ടോ? ധ്യാനപൂര്‍വ്വം ചിന്തിച്ചതിനു ശേഷം, നിശബ്ദമായി ഉത്തരം നല്‍കുവിന്‍. “നിന്‍റെ ഹൃദയത്തില്‍ ഈ അഭിലാഷമുണ്ടോ? അതോ അടച്ചുപൂട്ടിയ ഒരു ഹൃദയമാണോ നിനക്കുള്ളത്? അത് നിദ്രാലസ്യത്തിലാണോ ? ലൗകിക കാര്യങ്ങളില്‍ അത് മരവിച്ചിരിക്കുകയാണോ? ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് നിന്‍റെ ഹൃദയം തയ്യാറാണോ?”

എവിടെയാണ് എന്‍റെ നിക്ഷേപം?

രണ്ടാമത്തെ ചോദ്യമിതാണ്: എവിടെയാണ് നിന്‍റെ നിക്ഷേപം? നിന്‍റെ നിക്ഷേപം നീ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്? കാരണം, “നിന്‍റെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിന്‍റെ ഹൃദയം” എന്നല്ലേ ക്രിസ്തു പറഞ്ഞിരിക്കുന്നത്! ഓരോരുത്തരും ആത്മപരിശോധന ചെയ്യുക, “എന്നെ സംബന്ധിച്ച്, എന്താണ് ഏറ്റവും അമൂല്യമായിട്ടുള്ളത്? എന്‍റെ ഹൃദയം തകര്‍ക്കാന്‍ കരുത്തുള്ളതെന്ന് ഞാന്‍ ഭയപ്പെടുന്ന യാഥാര്‍ത്ഥ്യമെന്താണ്? എന്‍റെ ഹൃദയത്തെ ആകര്‍ഷിക്കുന്നതെന്താണ്? ദൈവിക സ്നേഹമാണ് എന്‍റെ ഹൃദയത്തെ ആകര്‍ഷിക്കുന്നതെന്ന് ആത്മാര്‍ത്ഥമായി പറയാന്‍ എനിക്കു സാധിക്കുമോ? അന്യര്‍ക്ക് നന്‍മ ചെയ്തുകൊണ്ട്, കര്‍ത്താവിനുവേണ്ടി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടോ? ദൈവത്തിനും എന്‍റെ സഹോദരങ്ങള്‍ക്കും വേണ്ടിയാണ് ജീവിക്കുന്നതെന്ന് പറയാന്‍ എനിക്കു സാധിക്കുമോ? ” ഓരോരുത്തരും സ്വന്തം ഹൃദയത്തില്‍ മറുപടി നല്കുക.

സ്നേഹത്തില്‍ ഒന്നിക്കുന്ന കുടുംബം

ഒരുപക്ഷേ, ആരെങ്കിലും എന്നോടു പറഞ്ഞേക്കാം, “പിതാവേ, ഞാനൊരു സാധാരണ ജോലിക്കാരനാണ്. എനിക്കൊരു കുടുംബമുണ്ട്, എന്‍റെ കുടുംബമാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്. എന്‍റെ കുടുംബത്തിനുവേണ്ടിയാണ് ഞാന്‍ അദ്ധ്വാനിക്കുന്നതും കഷ്ടപ്പെടുന്നതും.......” തീര്‍ച്ചയായും അതെല്ലാം വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. പക്ഷേ, കുടുംബങ്ങളെ ഐക്യത്തിലും കൂട്ടായ്മയിലും നയിക്കുന്നതെന്താണ്? സ്നേഹത്തിന്‍റെ കരുത്തിലല്ലേ കുടുംബം ഒന്നായിരിക്കുന്നത്! നമ്മുടെ ഹൃദയത്തില്‍ സ്നേഹം വിതയ്ക്കുന്നത് ദൈവമാണ്. ദൈവസ്നേഹം നമ്മുടെ അനുദിന ജീവിതപ്രവര്‍ത്തികള്‍ക്ക് അര്‍ത്ഥമേകുകയും ഗൗരവമായ പ്രതിസന്ധികള്‍ നേരിടാന്‍ നമുക്ക് കരുത്തു പകരുകയും ചെയ്യുന്നു. ഇതാണ് മനുഷ്യന്‍റെ യഥാര്‍ത്ഥ നിക്ഷേപം. സ്നേഹം നിറഞ്ഞ ജീവിതം… നമ്മുടെ ജീവിതം സ്നേഹപൂര്‍വ്വം മുന്നോട്ടു നയിക്കാം.

ദൈവിക സ്നേഹം, നമ്മുടെ ജീവിതമാര്‍ഗം

കര്‍ത്താവ് നമ്മുടെ ഹൃദയത്തില്‍ വിതച്ച സ്നേഹം, ദൈവിക സ്നേഹം, നമ്മുടെ ജീവിതമാര്‍ഗമായിരിക്കട്ടെ... പക്ഷേ, എന്താണ് ദൈവസ്നേഹം? അവ്യക്തമായ ഒരു വികാരമല്ലത്. ദൈവത്തിന്‍റെ സ്നേഹത്തിന് ഒരു പേരും മുഖവുമുണ്ട്: യേശു ക്രിസ്തു. ദൈവികസ്നേഹം ക്രിസ്തുവില്‍ പ്രത്യക്ഷീഭവിച്ചിരിക്കുന്നു.
ശൂന്യതയെ സ്നേഹിക്കാനാകുമോ? അഥവാ ഞാന്‍ എല്ലാം സ്നേഹിക്കുന്നു എന്നു പറയുന്നതില്‍ അര്‍ത്ഥമുണ്ടോ? പൊതുവായി പറയാവുന്ന ഒന്നല്ല സ്നേഹം. നാം സ്നേഹിക്കുന്നത് വ്യക്തികളേയാണ്. യേശുക്രിസ്തു എന്ന വ്യക്തിയെ നാം സ്നേഹിക്കുന്നു. പിതാവായ ദൈവം നമ്മോടൊത്തായിരിക്കാന്‍ നമുക്കു നല്‍കിയ സമ്മാനമാണവിടുന്ന്. യേശുവിനോടുള്ള ഈ സ്നേഹനം നമ്മുടെ ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും മനോഹരവും വിലയേറിയതുമായി മാറ്റുന്നു. നമ്മുടെ കുടുംബബന്ധങ്ങള്‍ ആ സ്നേഹത്തില്‍ ഊട്ടിയുറപ്പിക്കപ്പെടുന്നു. നമ്മുടെ ജോലിയും, പഠനവും, സൗഹൃദങ്ങളും, കലയും, മറ്റെല്ലാ മാനുഷിക പ്രവര്‍ത്തികളും ദൈവിക സ്നേഹത്തില്‍ കൂടുതല്‍ മനോഹരവും ഊഷ്മളവുമായി മാറും. ജീവിതത്തിലെ തിരിച്ചടികള്‍ക്കുപോലും പുതിയൊരു അര്‍ത്ഥം അതു നല്‍കും. കാരണം, തകര്‍ച്ചകള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കാന്‍ ദൈവിക സ്നേഹം നമുക്ക് കരുത്തേകും. തിന്‍മയുടെ തടവില്‍നിന്ന് മോചനമേകി പ്രത്യാശയുടെ കവാടത്തിലേക്കതു നമ്മെ നയിക്കുന്നു. അങ്ങനെ നമ്മുടെ അദ്ധ്വാനവും, വീഴ്ച്ചകളുമെല്ലാം അര്‍ത്ഥപൂര്‍ണ്ണമായിത്തീരും. നമ്മുടെ പാപങ്ങള്‍പോലും ദൈവിക സ്നേഹത്തില്‍ അര്‍ത്ഥം കണ്ടെത്തും. കാരണം യേശുക്രിസ്തുവിലുള്ള ദൈവിക സ്നേഹം നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്നു. എല്ലായ്പ്പോഴും നമ്മോടു ക്ഷമിക്കുംവിധം അത്രവലുതാണ് അവിടുത്തെ സ്നേഹം.

സ്വന്തം ജീവിതാന്തസിന് അനുയോജ്യമായ രീതിയില്‍ ക്രിസ്തുവചനം സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ എല്ലാവര്‍ക്കും സാധിക്കുന്നതിനായി പരിശുദ്ധ കന്യകാമറിയത്തിന്‍റേയും ആഗസ്റ്റ് 11ന് തിരുസഭ അനുസ്മരിക്കുന്ന അസീസിയിലെ വി.ക്ലാരയുടേയും മാദ്ധ്യസ്ഥം നമുക്ക് തേടാം.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ത്രികാല പ്രാര്‍ത്ഥന ആരംഭിച്ചു. പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ മാര്‍പാപ്പ ഏവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വാദമേകി

പ്രാര്‍ത്ഥനയ്ക്കുശേഷം ജനങ്ങളെ ഒരിക്കല്‍കൂടി അഭിവാദ്യം ചെയ്ത മാര്‍പാപ്പ ആഗസ്റ്റ് 15ന് തിരുസഭ ആഘോഷിക്കുന്ന മറിയത്തിന്‍റെ സ്വര്‍ഗാരോപണ തിരുന്നാളിനെക്കുറിച്ച് അനുസ്മരിച്ചു. യേശുവിനോടൊത്ത് സ്വര്‍ഗത്തിലായിരിക്കുന്ന പരിശുദ്ധ അമ്മയെക്കുറിച്ച് ധ്യാനിക്കാന്‍ പാപ്പ ഏവരേയും ക്ഷണിച്ചു.

ഇദുല്‍ ഫിത്തര്‍ ആഘോഷിച്ച മുസ്ലീം സഹോദരങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ആശംസകള്‍ നേരാനും മാര്‍പാപ്പ ഈ അവസരം വിനിയോഗിച്ചു.

തദന്തരം, ത്രികാല പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാന്‍ വത്തിക്കാനിലെത്തിയ എല്ലാ തീര്‍ത്ഥാടക സംഘങ്ങളേയും കുടുംബങ്ങളേയും ഇടവക പ്രസ്ഥാനങ്ങളേയും സംഘടനകളേയും അഭിവാദ്യം ചെയ്ത മാര്‍പാപ്പ വിവിധ യുവജനപ്രതിനിധി സംഘങ്ങള്‍ക്ക് പ്രത്യേകം ആശസംകള്‍ നേര്‍ന്നു. റിയോ യുവജനസംഗമത്തിന്‍റെ ആപ്തവാക്യമായിരുന്ന, ‘ലോകമെങ്ങും പോയി സകല ജനതകളേയും ശിഷ്യപ്പെടുത്തുവിന്‍’ എന്ന സുവിശേഷവാക്യം പാപ്പ അവരോട് ആവര്‍ത്തിച്ചു.

പതിവുപോലെ ഒരു നല്ല ഞായറാഴ്ചയും നല്ല ഉച്ചഭക്ഷണവും എല്ലാവര്‍ക്കും ആശംസിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്.


വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.