2013-08-13 16:56:56

പ്രത്യാശയേകുന്ന വിശ്വാസം


13 ആഗസ്റ്റ് 2013, വത്തിക്കാന്‍
വിശ്വാസം നല്‍കുന്ന പ്രത്യാശയില്‍ ജീവിക്കണമെന്ന് കത്തോലിക്കരോട് ഫ്രാന്‍സിസ് മാര്‍പാപ്പ. മെക്സിക്കോ നഗരത്തിലെ കത്തീഡ്രലിന്‍റെ 200ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെക്സിക്കോ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദിനാള്‍ നോബര്‍ട്ട് റിവേര കരേരയ്ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ആഗസ്റ്റ് 15നാണ് കത്തീഡ്രലിന്‍റെ രണ്ടാംശതാബ്ദിയാഘോഷം.
കത്തോലിക്കാ വിശ്വാസത്തിന്‍റെ ദീപസ്തംഭമായ കത്തീഡ്രലിന്‍റെ രണ്ടാം ശതാബ്ദിയാഘോഷം ഒരേസമയം ചരിത്രസ്മരണകളിലേക്കും ഭാവിപ്രതീക്ഷകളിലേക്കും നയിക്കുമെന്ന് പാപ്പ അഭിപ്രായപ്പെട്ടു. ചരിത്രസ്മരണകളില്‍ ചുരുളഴിയുന്ന ആത്മീയ പൈതൃകം സഭാംഗങ്ങളുടെ വ്യക്തിജീവിതത്തില്‍ പ്രകടമാകണം. വിശ്വാസം പ്രദാനം ചെയ്യുന്ന ആനന്ദവും ഉത്സാഹവും ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് കത്തോലിക്കാ ജീവിതം നവീകരിക്കാനുള്ള ഒരവസരമായിരിക്കട്ടെ ശതാബ്ദിയാഘോഷമെന്ന് പാപ്പ ആശംസിച്ചു. പ്രത്യാശയോടെ ഭാവിയെ വീക്ഷിക്കാനും അനുദിന ജീവിതസാഹചര്യങ്ങളില്‍ യഥാര്‍ത്ഥ ക്രിസ്തു സാക്ഷികളായിരിക്കാനും പരിശുദ്ധ കുര്‍ബ്ബാനയിലൂടെ കരുത്ത് സ്വീകരിക്കണം.
സഭാംഗങ്ങളായ യുവജനങ്ങളെക്കുറിച്ച് പരാമര്‍ശിച്ച മാര്‍പാപ്പ സന്തോഷത്തിന്‍റേയും ഉത്സാഹത്തിന്‍റേയും ജാലകങ്ങള്‍ എന്നാണ് അവരെ വിശേഷിപ്പിച്ചത്. അവര്‍ക്ക് കത്തോലിക്കാ വിദ്യാഭ്യാസം മികച്ച രീതിയില്‍ ലഭ്യമാക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

വാര്‍ത്താ സ്രോതസ്സ് : വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.