2013-08-13 16:24:45

താരങ്ങളുടെ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച് മാര്‍പാപ്പ


13 ആഗസ്റ്റ് 2013, വത്തിക്കാന്‍
സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ കായിക താരങ്ങളെ അനുസ്മരിപ്പിക്കുന്നു. ഫുട്ബോള്‍പ്രേമിയായ ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള ആദരാര്‍ത്ഥം നടത്തുന്ന ഇറ്റലി Vs അര്‍ജന്‍റീന സൗഹൃദ ഫുട്ബോള്‍ മത്സരത്തിനായി ഒരുങ്ങുന്ന കളിക്കാരുമായി ആഗസ്റ്റ് 13ന് നടത്തിയ കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു പാപ്പ. 14ാം തിയതി ബുധനാഴ്ച റോമിലെ ഒളിംപ്സ് മൈതാനത്താണ് മത്സരം നടക്കുന്നത്.
അര്‍ജന്‍റീനാ ടീമിന്‍റെ കടുത്ത ആരാധകനായിരുന്നു കര്‍ദിനാള്‍ ബെര്‍ഗോളിയോ. എന്നാല്‍ ഇപ്പോള്‍ റോമാ രൂപതയുടെ മെത്രാനെന്ന നിലയില്‍ അവര്‍ക്ക് പിന്തുണ നല്‍കാന്‍ തനിക്ക് സ്വല്‍പം ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ പാപ്പ ഇതൊരു സൗഹൃദ മത്സരമായതില്‍ ആശ്വാസം പ്രകടിപ്പിച്ചു.

പ്രൊഫഷണല്‍ കളിക്കാരായി പ്രശസ്തി നേടിയാലും കളിക്കാന്‍ ആരംഭിച്ച കാലത്ത് ഉണ്ടായിരുന്ന അതേ ആവേശവും ആത്മാര്‍ത്ഥതയും എന്നും കളിയോട് ഉണ്ടായിരിക്കണമെന്ന് പാപ്പ അവരെ ഉത്ബോധിപ്പിച്ചു. കളിക്കളത്തില്‍ വ്യക്തിമാഹാത്മ്യത്തിനു സ്ഥാനമില്ല. കൂട്ടായ്മയുടെ കളിയാണ് യഥാര്‍ത്ഥ വിജയം നേടുന്നത്.
മറ്റാരേയും പോലെ കഴിവുകളും കുറവുകളും, ആഗ്രഹാഭിലാഷങ്ങളും, പ്രശ്നങ്ങളും ഉള്ള വ്യക്തികളാണ് കായിക താരങ്ങളും. അങ്ങനെ നോക്കുമ്പോള്‍ പ്രശസ്തരായ വ്യക്തികളാണെങ്കിലും കളിക്കളത്തിലും ജീവിതത്തിലും അവരും സാധാരണ വ്യക്തികളാണ്.
എന്നാല്‍ പൊതുജനം ഏറെ ആരാധനയോടെയാണ് കായിക താരങ്ങളെ കാണുന്നത്. അക്കാരണം കൊണ്ടുതന്നെ കായിക താരങ്ങള്‍ക്ക് വര്‍ദ്ധിച്ച സാമൂഹ്യഉത്തരവാദിത്വമുണ്ടെന്ന് പാപ്പ ചൂണ്ടിക്കാട്ടി. താരങ്ങളുടെ പ്രവര്‍ത്തികള്‍ നല്ലതായാലും മോശമായാലും അവ അനുകരിക്കാന്‍ ആളുകള്‍ ശ്രമിക്കും. അതിനാല്‍ കളിക്കളത്തിലും പുറത്തും തങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ല മാതൃക നല്‍കാന്‍ പാപ്പാ ഫ്രാന്‍സിസ് കളിക്കാരെ ക്ഷണിച്ചു.

ദൈവത്തിന്‍റെ കളിക്കളത്തില്‍ തനിക്കു നല്‍കപ്പെട്ടിരിക്കുന്ന സ്ഥാനത്ത് നിന്ന് സത്യസന്ധതയോടും ധൈര്യത്തോടും കൂടി എല്ലാവരുടേയും നന്‍മയ്ക്കുവേണ്ടി കളിക്കാന്‍ സാധിക്കുന്നതിനായി തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ അവരോടഭ്യര്‍ത്ഥിച്ചു.

ജനതകള്‍ തമ്മിലുള്ള സമാധാനത്തിന്‍റെ പ്രതീകമായി ഒരു ഒലിവുതൈ മാര്‍പാപ്പ ആശീര്‍വദിച്ചു. ഇറ്റാലിയന്‍ ഫുട്ബോള്‍ ടീമിന്‍റെ ക്യാപ്റ്റന്‍ ജ്യാന്‍ലൂയിജി ബുഫോണും അര്‍ജന്‍റീനാ ടീമിന്‍റെ ക്യാപ്റ്റന്‍ ലയണല്‍ മെസിയും ഒരുമിച്ചാണ് ഒലിവുതൈ മാര്‍പാപ്പയ്ക്കു സമ്മാനിച്ചത്.

വാര്‍ത്താ സ്രോതസ്സ് : വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.