2013-08-13 09:27:19

കര്‍മ്മാനുഷ്ഠാനങ്ങളില്‍ തെളിയുന്ന
ഇസ്രായേലിന്‍റെ വിശ്വാസപാരമ്യം (50)


RealAudioMP3
വിശുദ്ധ കൂടാരത്തെ ചുറ്റിപ്പറ്റിയുള്ള വളരെ സൂക്ഷ്മമായ നിര്‍മ്മിതി നിയമങ്ങളെയും അവയുടെ നിലനില്പിന് അവശ്യമായി ചിട്ടകളെയും അവയുടെ ഉപയോഗത്തില്‍ നിര്‍വ്വഹിക്കേണ്ട കര്‍മ്മാദികളെയും കുറിച്ചാണ് പുറപ്പാടു ഗ്രന്ഥത്തിന്‍റെ പഠനത്തില്‍ നാം വിശകലനം ചെയ്യുന്നത്. ബലിപീഠം 27
ഇസ്രായേലിന്‍റെ ആരാധനക്രമജീവിതത്തിന്‍റെ ഭാഗമാണ് ബലിയര്‍പ്പണം,
അത് പൗരോഹിത്യ പാരമ്പര്യത്തില്‍ നിര്‍മ്മിതമായ കൂടാരത്തിലേയ്ക്ക് മാറ്റപ്പെടുന്നതാണ് തുടര്‍ന്നുള്ള വിവരണം. കര്‍മ്മാദികള്‍ക്കാവശ്യമായ ചെറിയ സാധനസാമഗ്രികളെക്കുറിച്ചുപോലും ഗ്രന്ഥകാരന്‍ കുറിച്ചുവച്ചിരിക്കുന്നു.
ഇസ്രായേലിന്‍റെ ജീവിതനിഷ്ഠയ്ക്കും ഏകീകരണത്തിനും ആവശ്യമായ ഈ ആരാധനക്രമ ചിട്ടവട്ടങ്ങളുടെ പഠനം പൗരോഹിത്യ പാരമ്പര്യപ്രകാരം ലഭ്യാമായത് നാം വിശകലനം ചെയ്യുകയാണ്.

“കരുവേലമരംകൊണ്ട് ഒരു ബലിപീഠം പണിയണം. അതു സമചതുരമായിരിക്കണം. നീളവും വീതിയും അഞ്ചുമുഴം, ഉയരം, മൂന്നു മുഴം. ബലിപീഠത്തിന്‍റെ നാലു മൂലകളിലും അതോട് ഒന്നായിച്ചേര്‍ന്നു നില്‍ക്കുന്ന നാലു കൊമ്പുകള്‍ നിര്‍മ്മിച്ച് ഓടുകൊണ്ടു പൊതിയണം. ചാരപ്പാത്രങ്ങള്‍, കോരികള്‍, താലങ്ങള്‍ മുള്‍ക്കരണ്ടികള്‍, അഗ്നികലശങ്ങള്‍ എന്നിങ്ങനെ ബലിപീഠത്തിങ്കല്‍ ആവശ്യമുള്ള ഉപകരണങ്ങളെല്ലാം ഓടുകൊണ്ടു നിര്‍മ്മിക്കണം. ബലിപീഠത്തിനുവേണ്ടി ഓടുകൊണ്ടുള്ള അഴികളുപയോഗിച്ച് വലയുടെ രൂപത്തില്‍ ചട്ടക്കൂടുണ്ടാക്കണം. അതിന്‍റെ നാലു മൂലയിലും ഓരോ ഓട്ടുവളയം ഘടിപ്പിക്കണം. ചട്ടക്കൂടു ബലിപീഠത്തിന്‍റെ മുകളിലത്തെ അരികുപാളിക്കു കീഴില്‍ ഉറപ്പിക്കണം.
അതു ബലിപീഠത്തിന്‍റെ മദ്ധ്യഭാഗംവരെ ഇറങ്ങി നില്‍ക്കണം. കരുവേലമരംകൊണ്ടു തന്നെ ബലിപീഠത്തിനു തണ്ടുകള്‍ നിര്‍മ്മിച്ച് ഓടുകൊണ്ടു പൊതിയണം. ബലിപീഠം വഹിച്ചുകൊണ്ടു പോകാനായി, പിന്നെ അതിന്‍റെ ഇരുവശങ്ങളിലും വളയങ്ങള്‍ ഘടിപ്പിച്ച് അവയിലൂടെ തണ്ടുകള്‍ വയ്ക്കണം. പലകകള്‍കൊണ്ട്, അകം പൊള്ളയായിരിക്കണം
ഈ ബലിപീഠം.”

പൗരോഹിത്യ പാരമ്പര്യത്തിലുള്ള വിവരണങ്ങളെല്ലാം ഗ്രന്ഥകാരന്‍ ചരിത്രത്തിന്‍റെ ഭാഗമെന്നോണം രചന നടത്തിയിരിക്കുന്നത് മനോഹരമായി കോര്‍ത്തിണക്കിക്കൊണ്ടാണ്. ഇനി കൂടാരത്തിനു ചുറ്റും ഒരുക്കേണ്ട അങ്കണത്തെക്കുറിച്ചുള്ള വിവരണം ശ്രദ്ധിക്കാം.
“കൂടാരാത്തിന് ഒരു അങ്കണമുണ്ടാക്കണം. അങ്കണത്തിന്‍റെ തെക്കുഭാഗത്ത് നേര്‍മ്മയായി നെയ്തെടുത്ത ചണത്തുണികൊണ്ട് നൂറുമുഴം നീളത്തിലൊരു മറയയുണ്ടാക്കിയിരിക്കണം. അതിന് ഇരുപതു തൂണുകള്‍ വേണം. തൂണുകളുടെ പാദകുടങ്ങള്‍ ഓടുകൊണ്ടുള്ളതായിരിക്കണം. തൂണുകള്‍ക്ക് വെള്ളികൊണ്ടുള്ള കൊളുത്തുകളും പട്ടകളും ഉണ്ടായിരിക്കണം. അപ്രകാരം തന്നെ, വടക്കു ഭാഗത്ത് നെടുകെ നൂറുമുഴം നീളമുള്ള മറയും മറ തൂക്കുന്നതിന് ഇരുപത് തൂണുകളും അവയ്ക്ക് ഇരുപത് ഓട്ടുപാദകുടങ്ങളും, വെള്ളികൊണ്ടുള്ള കൊളുത്തുകളും പട്ടകളും ഉണ്ടായിരിക്കണം. പടിഞ്ഞാറു ഭാഗത്തെ മുറ്റത്തിന്‍റെ വീതിക്കൊത്ത് അന്‍പതുമുഴം നീളമുള്ള മറയും പത്തു തൂണുകളും അവയ്ക്ക് പത്തു പാദകുടങ്ങളും ഉണ്ടായിരിക്കണം. കിഴക്കുഭാഗത്തെ മുറ്റത്തിന്‍റെ വീതി അന്‍പതു മുഴമായിരിക്കണം. കവാടത്തിന്‍റെ ഒരു വശത്ത് പതിനഞ്ചു മുഴം നീളമുള്ള മറയും, മൂന്നു തൂണുകളും അവയ്ക്ക് മൂന്നു പാദകുടങ്ങളും ഉണ്ടായിരിക്കണം. കവാടത്തിന്‍റെ മറുവശത്ത് പതിനഞ്ചു മുഴം നീളമുള്ള മറയും, മൂന്നു തൂണുകളും അവയ്ക്ക് മൂന്നു പാദകുടങ്ങളും വേണം. അങ്കണകവാടത്തിന് ഇരുപതുമുഴം നീളമുള്ള ഒരു യവനിക ഉണ്ടായിരിക്കണം.”

പിന്നെ യവനികയുടെ നിര്‍മ്മാണത്തിലുള്ള വിശദാംശങ്ങളാണ് ഗ്രന്ഥകാരന്‍ വിവരിക്കുന്നത്:
“നീലം, ധൂമ്രം, കടുചെമപ്പ് എന്നീ നിറങ്ങളുള്ളതും, നേര്‍മ്മയായി നെയ്തെടുത്തതും ചിത്രത്തയ്യല്‍കൊണ്ട് അലങ്കരിച്ചതുമായ ചണവസ്ത്രം കൊണ്ടാണ് യവനിക നിര്‍മ്മിക്കേണ്ടത്. അതിനു നാലു തൂണുകളും അവയ്ക്കു നാലു പാദകുടങ്ങളും ഉണ്ടായിരിക്കണം.. അങ്കണത്തിനും ചുറ്റുമുള്ള തൂണുകള്‍ക്കെല്ലാം വെള്ളികൊണ്ടുള്ള പട്ടകളും കൊളുത്തുകളും ഓട്ടുപാദകുടങ്ങളും ഉണ്ടായിരിക്കണം. അതിനു ചുറ്റും അഞ്ചു മുഴം ഉയരത്തില്‍ നേര്‍മ്മയായി നെയ്തെടുത്ത ചണത്തുണികൊണ്ടുള്ള മറയും തൂണുകള്‍ക്ക് ഓടുകൊണ്ടുള്ള പാദകുടങ്ങളും ഉണ്ടായിരിക്കണം. കൂടാരത്തിലെ ഉപയോഗത്തിനുള്ള എല്ലാ ഉപകരണങ്ങളും കൂടാരത്തിന്‍റെയും അങ്കണത്തിന്‍റെയും മറകള്‍ക്കുവേണ്ട കുറ്റികളും ഓടുകൊണ്ടു നിര്‍മ്മിച്ചിരിക്കണം.”
27, 20-21
കൂടാരത്തിലെ വിളക്ക് എപ്പോഴും കത്തിനില്ക്കുന്നതിന്, ആട്ടിയെതുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടുവരാന്‍ ജനത്തോടു പറയണം. സമാഗമ കൂടാരത്തിനുള്ളില്‍ സാക്ഷൃപേടകത്തിനു മുന്‍പിലുള്ള തിരശ്ശീലയ്ക്കു വെളിയില്‍ വിളക്ക് സന്ധ്യമുതല്‍ പ്രഭാതംവരെ കര്‍ത്താവിന്‍റെ മുന്‍പില്‍ കത്തിനില്‍ക്കാന്‍ അഹറോനും അവന്‍റെ പുത്രന്മാരും ശ്രദ്ധിക്കട്ടെ. ഇസ്രായേല്‍ക്കാര്‍ തലമുറതോറും അനുഷ്ഠിക്കേണ്ട ശാശ്വത നിയമമാണിത്.

പുറപ്പാടിന്‍റെ 28-ാം അദ്ധ്യായവും തുടരുന്നത് പൗരോഹിത്യ പാരമ്പര്യത്തില്‍ വിവരിക്കുന്ന പുരോഹിത വസ്ത്രങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ടാണ്. ദേവാലയം, ദേവാലയാങ്കണം എന്നിവയുണ്ടെങ്കില്‍ പിന്നെ പുരോഹിതരും പുരോഹിത വസ്ത്രവും ഉണ്ടെന്നു പറയേണ്ടതില്ലല്ലോ. ഇസ്രായേല്‍ ജനതയുടെ രൂപീകരണകാലത്തുതന്നെ അവരുടെ ആരാധനക്രമത്തില്‍ രൂപമെടുത്തതും ഇന്നും നിലനില്‍ക്കുന്ന പൗരോഹിത്യ വസ്ത്രങ്ങളെക്കുറിച്ചും നമുക്കു പഠിക്കാം.

പുരോഹിതന്മാരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍വേണ്ടി നിന്‍റെ സഹോദരനായ അഹറോനെയും അവന്‍റെ പുത്രന്മാരായ നാദാബ്, അബീരു, എലെയാസര്‍, ഇത്താമര്‍ എന്നിവരെയും ഇസ്രായേല്‍ക്കാരുടെ ഇടയില്‍നിന്നു നിന്‍റെ പക്കലേയ്ക്കു വിളിക്കുക. നിന്‍റെ സഹോദരനായ അഹറോന് മഹിമയും അഴകും നല്‍കുന്നതിന് അവനുവേണ്ടി വിശുദ്ധവസ്ത്രങ്ങള്‍ നിര്‍മ്മിക്കുക. അഹറോനെ എന്‍റെ പുരോഹിതനായി അവരോധിക്കാന്‍വേണ്ടി അവനു സ്ഥാനവസ്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഞാന്‍ നൈപുണ്യം നല്‍കിയിട്ടുള്ള വിദഗ്ധന്മാരോടും നീ ആവശ്യപ്പെടുക. അവര്‍ നിര്‍മ്മിക്കേണ്ട വസ്ത്രങ്ങള്‍ ഇവയാണ്... ഉരസ്ത്രാണം, എഫോദ്, നിലയങ്കി, ചിത്രത്തയ്യലുള്ള മേലങ്കി, തലപ്പാവ്, അരപ്പട്ട എന്നിവയാണ്. എനിക്കു പുരോഹിത ശുശ്രൂഷചെയ്യാന്‍ അഹറോനും പുത്രന്മാര്‍ക്കുംവേണ്ടി അവര്‍ വിശുദ്ധ വസ്ത്രങ്ങള്‍ നിര്‍മ്മിക്കട്ടെ. സ്വര്‍ണ്ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍ നേര്‍മ്മയായി പരിച്ചെടുത്ത ചണം എന്നിവ അവര്‍ ഉപയോഗിക്കണം.

സ്വര്‍ണ്ണനൂല്‍‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മ്മയായി നെയ്തെടുത്ത ചണം എന്നിവ ഉപോയോഗിച്ച് വിദഗ്ദ്ധമായി അവര്‍ എഫോദ് നിര്‍മ്മിക്കട്ടെ. അതിന്‍റെ രണ്ടറ്റങ്ങള്‍ തമ്മില്‍ യോജിപ്പിക്കുന്നതിന് അതില്‍ രണ്ടു തോള്‍വാറുകള്‍ പിടിപ്പിക്കണം.
എഫോദ് കെട്ടിയുറപ്പിക്കാനായി അതിന്മേലുള്ള പട്ടയും പിടിപ്പിക്കണം. രണ്ടു വൈഡൂര്യക്കല്ലുകളെടുത്ത് അവയില്‍ ഇസ്രായേലിന്‍റെ പുത്രന്മാരുടെ പേരുകള്‍ കൊത്തണം. അവരുടെ പ്രായക്രമമനുസരിച്ച് ഓരോ കല്ലിലും ആറു പേരുകള്‍വീതം കൊത്തുക. രത്നശില്പി മുത്തു കൊത്തുതന്നതുപോലെ ഇസ്രായേലിന്‍റെ പുത്രന്മാരുടെ പേരുകള്‍ ആ കല്ലുകളില്‍ രേഖപ്പെടുത്തട്ടെ. കല്ലുകള്‍ സ്വര്‍ണ്ണത്തകിടില്‍ പതിക്കണം. ഇസ്രായേല്‍ പുത്രന്മാരുടെ സ്മാരക ശിലകളായി അവ എഫോദിന്‍റെ തോള്‍ വാറുകളില്‍ ഉറപ്പിക്കണം. അവരുടെ പേരുകള്‍ കര്‍ത്താവിന്‍റെ മുന്‍പില്‍ സ്മരാകമായി അഹറോന്‍ തന്‍റെ ഇരുതോളുകളിലും വഹിക്കട്ടെ.

ഇസ്രായേലിന്‍റെ ജീവിതത്തിലെ ഏറെ സമുന്നതമായ ഉപാസനയാണ് കര്‍ത്താവിനുള്ള ബലി, എന്നു കാണാം. മോശ കര്‍ത്താവിന്‍റെ മലയില്‍ കല്പനകള്‍ സ്വീകരിച്ചു. പിന്നെ അത് ഇസ്രായേല്‍ ജനത്തിനെ ഭരമേല്പിച്ചു. കല്പനയുടെ ഫലകങ്ങള്‍ കൂടുരം നിര്‍മ്മിച്ച് അതില്‍ സംരക്ഷിച്ചു. അത് തങ്ങളുടെ മദ്ധ്യേയുള്ള ദൈവിക സാന്നിദ്ധ്യത്തിന്‍റെ പ്രതീകമായി മാറി ഇസ്രായേല്യര്‍ക്ക്. ഇതിനുശേഷമാണ് പുറപ്പാടിന്‍റെ പുസ്തകത്തില്‍ സംഘടിതമായ ആരാധനക്രമ സംവിധാനങ്ങള്‍ വളര്‍ന്നു വരുന്നതെ നമുക്കു കാണാം. അതിനുമുന്‍പ് ബലിയര്‍പ്പണത്തെക്കുറിച്ച് ഇസ്രായേലിന്‍റെ ചരിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും അത് പുരാതന വിജാതിയ മതങ്ങളില്‍നിന്നും, വിശിഷ്യ ഈജിപ്ഷ്യന്‍ ദൈവങ്ങള്‍ക്കുള്ള ബലികളുടെ പാരമ്പര്യത്തില്‍നിന്നും വളര്‍ന്നുവന്നതാണ് എന്നു വേണം മനസ്സിലാക്കാന്‍. എന്നാല്‍ മോശയോടും തുടര്‍ന്നുള്ള വിമോചനത്തിന്‍റെയും പുറപ്പാടിന്‍റെയും ചരിത്രത്തില്‍ വിരിയുന്ന ദൈവരാധനയുടെ പൗരോഹിത്യ പാരമ്പര്യത്തിലുള്ള സംവിധാനങ്ങള്‍ ഇനിയും അടുത്ത പ്രക്ഷേപണത്തില്‍ പഠിക്കാം.
Presented : nellikal, Vatican Radio









All the contents on this site are copyrighted ©.