2013-08-09 17:13:18

മരപ്പണിശാലയിലേക്ക് മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം


09 ആഗസ്റ്റ് 2013, വത്തിക്കാന്‍
വത്തിക്കാനിലെ മരപ്പണിക്കാരുടേയും ഇലക്ട്രിക്കല്‍/പ്ലംബിങ്ങ് തൊഴിലാളികളുടേയും പക്കലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. വെള്ളിയാഴ്ച രാവിലെയാണ് വത്തിക്കാന്‍റെ മരപ്പണിശാലയിലേക്കും ഇലക്ട്രിക്കല്‍/പ്ലംബിങ്ങ് പണിസ്ഥലത്തേക്കും മാര്‍പാപ്പയെത്തിയത്. തൊഴിലാളികള്‍ പതിവുപോലെ തിരക്കിട്ട് പണിയില്‍ വ്യാപൃതരായിക്കുമ്പോഴായിരുന്നു എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് മാര്‍പാപ്പയെത്തിയതെന്ന് മരപ്പണിശാലയിലെ അലെസാന്ത്രോ ദെ ഗ്രിഗറി എന്ന തൊഴിലാളി വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. “C1 രജിസ്ട്രേഷനുള്ള കാര്‍ വരുന്നതു കണ്ടപ്പോള്‍ ‘മാര്‍പാപ്പയുടെ കാറാണല്ലോ അത്’ എന്ന് ആശ്ചര്യപ്പെട്ടു. അപ്പോഴേക്കും മാര്‍പാപ്പ കാറില്‍ നിന്നിറങ്ങി ഞങ്ങളുടെ അടുക്കലേക്ക് നടന്നു തുടങ്ങിയിരുന്നു. അമ്പരന്നു നിന്ന ഞങ്ങളോട് പാപ്പ സൗഹാര്‍ദപൂര്‍വ്വം സംസാരിച്ചു തുടങ്ങി. ഞങ്ങളെ എല്ലാവരേയും പരിചയപ്പെട്ട് ഹസ്തദാനം നല്‍കി. ഞങ്ങളുടെ ജോലിയെക്കുറിച്ചൊക്കെ ചോദിച്ചറിഞ്ഞു. പാപ്പായുടെ സന്ദര്‍ശനം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഏറെ സന്തോഷം പകര്‍ന്നു. ഞങ്ങളെക്കാണാന്‍ മാര്‍പാപ്പ ഞങ്ങളുടെ പണിസ്ഥലേക്കു വന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും വിസ്മയം തോന്നുന്നു”- അലെസാന്ത്രോ ദെ ഗ്രിഗറി ആവേശത്തോടെ പറഞ്ഞു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.