2013-08-08 15:37:31

നാഗസാക്കിയുടെ വേദനയില്‍
വിരിയേണ്ട ലോകസമാധാനം


8 ആഗസ്റ്റ് 2013, നാഗസാക്കി
സമാധാനം മനുഷ്യാന്തസ്സുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു.
ജപ്പാനിലെ നാഗസാക്കിയില്‍ നടന്ന അണുബോംബ് ആക്രമണത്തിന്‍റെ 68-ാം വാര്‍ഷികം ആചരിച്ചുകൊണ്ട് ആഗസ്റ്റ് 8-ാം തിയതി വ്യാഴാഴ്ച രാവിലെ നാഗസാക്കിയിലെ സ്മാരകചത്വരത്തില്‍ നടന്ന സമാധാന പ്രാര്‍ത്ഥനയിലാണ് വത്തിക്കാന്‍റെ പ്രതിനിധി, കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഇങ്ങനെ പ്രസ്താവിച്ചത്.

വിവരിക്കാനാവാത്ത ഭീകരതയുടെയും നശീകരണത്തിന്‍റെയും ചരിത്രസ്മരണയ്ക്കു മുന്നില്‍ താന്‍ നമ്രശിരസ്കനാവുകയാണെന്നും, മനുഷ്യന്‍റെ തിന്മയുടെയും ക്രൂരതയുടെയും ശക്തിയാണ് ഈ വന്‍സ്ഥോടനത്തിന്‍റെ പിന്നിലെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു. തിന്മയുടെ ഇരുട്ടിനെ പഴിക്കുന്നതിനു പകരം, നാം ഒരുമിച്ച് ചുറ്റുമുള്ള അനീതിയുടെയും അക്രമത്തിന്‍റെയും സാമൂഹ്യ സംവിധാനങ്ങളെയും സാഹചര്യങ്ങളെയും എതിര്‍ക്കുകയും അവ തുടച്ചു നീക്കാന്‍ നന്മയുടെ പ്രകാശം തെളിയിക്കാനുമാണ് പരിശ്രമിക്കേണ്ടതെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ് ആഹ്വാനംചെയ്തു.

എല്ലാം ഉള്‍ക്കൊള്ളുന്നതും ഒന്നിനെയും ഒഴിച്ചു നിറുത്താത്തതുമാണ് സമാധാനമെങ്കില്‍, നമ്മുടെ സമൂഹത്തില്‍ അനീതിയും അക്രമവും വിശപ്പും ദാരിദ്ര്യവും അനുഭവിക്കുന്നവരെ അകറ്റി നിറുത്തരുതെന്നും,
അവരെ തുണയ്ക്കാന്‍ നിരന്തരമായി പരിശ്രിമിക്കുന്നത് ലോകസാമാധാനത്തിലേയ്ക്കുള്ള നീക്കമായിരിക്കുമെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ചൂണ്ടിക്കാട്ടി. ഹിരോഷിമാ, നാഗസാക്കിയുടെ വേദനിക്കുന്ന ഓര്‍മ്മയില്‍ ഔന്നിക്കൊണ്ട് ശാശ്വതമായ സമാധാനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ വളര്‍ത്താനാണ് പുതിയ തലമുറ ഇനിയും പരിശ്രമിക്കേണ്ടതെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഉദ്ബോധിപ്പിച്ചു.
Reproted : nellikal, sedoc









All the contents on this site are copyrighted ©.