2013-08-08 16:12:55

അണ്വായുധമില്ലാത്ത ലോകം
സഭകളുടെ സ്വപ്നം


8 ആഗസ്റ്റ് 2013, ജനീവ
രാഷ്ട്രങ്ങള്‍ അണ്വായുധ-രഹിതമായ ലോകത്തിനായി പരിശ്രമിക്കണമെന്ന് സഭകളുടെ കൂട്ടായ് അഭ്യര്‍ത്ഥിച്ചു.
നാഗസാക്കിയിലെ അണുബോംബു ദുരന്തത്തിന്‍റെ 68-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടിറക്കിയ സന്ദേശത്തിലാണ് അണ്വായുധ സംഭരണ സംവിധാനങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് ലോക സമാധാനത്തിനായി ലോകരാഷ്ട്രങ്ങള്‍ സഹകരിക്കണമെന്ന് സഭകളുടെ കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറി, ഒലാവ് ഫിക്സേ ട് അഭ്യര്‍ത്ഥിച്ചത്.

ജീവദാതാവും അതിന്‍റെ സംരക്ഷകനുമായ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ അണ്വായുധത്തിന്‍റെ ഉപയോഗത്തിലൂടെ നശീകരണ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് സൃഷ്ടിയുടെ അടിസ്ഥാന സ്വഭാവത്തിനു കടകവിരുദ്ധമായ പ്രവൃത്തിയാണെന്ന് ഫിക്സേ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ഹിരോഷിമായിലെയും നാഗസാക്കിയിലെയും അണ്വായുധ പ്രയോഗത്തെക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ളതും കൂടുതല്‍ ജീവനാശം വരുത്തുവാന്‍ കരുത്തുള്ളതുമാണ് ഇന്ന് രാഷ്ട്രങ്ങള്‍ സംഭരിക്കുന്ന ന്യൂക്ലിയര്‍ ശക്തിയെന്ന് ഫിക്സേ സന്ദേശത്തില്‍ പരാമര്‍ശിച്ചു.
ദൈവത്തില്‍ വിശ്വസിക്കുന്നവരും ജീവന്‍റെ മഹത്വവും സുസ്ഥിതിയും ആഗ്രഹിക്കുന്നവരും ഒത്തുചേര്‍ന്ന് ന്യൂക്ലിയര്‍ ആയുധങ്ങളില്ലാത്ത ഭാവിലോകത്തിനായി പരിശ്രമിക്കണമെന്ന് രാഷ്ട്രത്തലവന്മാരോടും, അവരുടെ പ്രതിനിധികളോടും മതനേതാക്കളോടും ഫിക്സേ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

ന്യൂക്ലിയര്‍ ശക്തിയില്‍ ജപ്പാന്‍റെ പതനംകണ്ട കിഴക്കന്‍റെ ഏഷ്യന്‍ രാജ്യങ്ങളില്‍ ചിലത് വീണ്ടും അണ്വായുധ സംഭരണത്തിനും ന്യൂക്ലിയര്‍ പ്ലാന്‍റിന്‍റെ നിര്‍മ്മാണത്തിലും പരീക്ഷണങ്ങളിലും വ്യാപൃതരായിരിക്കുന്നത് കിഴക്കിന്‍റെ പൗരാണികമായ സമാധാന ശാസ്ത്രത്തിനും വിശ്വാസജീവിതത്തിനും നിരക്കാത്തതാണെന്നും ഫിക്സേ സന്ദേശത്തില്‍ എടുത്തുപറഞ്ഞു. ക്രൈസ്തവ സഭകളുടെ കൂട്ടായ്മ അതിന്‍റെ 10-ാമത് സമ്പൂര്‍ണ്ണ സമ്മേളനം ഒക്ടോബര്‍ 30 മുതല്‍ 8 നവംമ്പര്‍ വരെ തിയതികളില്‍ തെക്കന്‍ കൊറിയയിലെ ബൂസ്വാനില്‍ സമ്മേളിക്കുമെന്നും. ‘ജീവന്‍റെ ദാതാവായ ദൈവം നമ്മെ നീതിയിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിക്കും,’ എന്ന മുഖ്യചര്‍ച്ചാ വിഷയവുമായി 140 രാഷ്ട്രങ്ങളില്‍നിന്നുമുള്ള പ്രതിതിനിധികള്‍ പങ്കെടുക്കുമെന്നും ഫിക്സേ തന്‍റെ സന്ദേശത്തിലൂടെ അറിയിച്ചു.
Reproted : nellikal, sedoc








All the contents on this site are copyrighted ©.