2013-08-07 18:41:23

ധന്യനായ പോള്‍ ആറാന്‍
പാപ്പായുടെ അനുസ്മരണം


7 ആഗസ്റ്റ് 2013, വത്തിക്കാന്‍
ധന്യനായ പോള്‍ ആറാമന്‍ പാപ്പായുടെ സ്മൃതി മണ്ഡപത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിച്ചു.
പോള്‍ ആറാമന്‍ പാപ്പായുടെ ചരമത്തിന്‍റെ 35-ാം വാര്‍ഷിക ദിനമായ ആഗസ്റ്റ് ആറാം തിയതി ചൊവ്വാഴ്ച വൈകുന്നേരമാണ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ നിലവറയിലുള്ള തന്‍റെ മുന്‍ഗാമിയുടെ കുഴിമാടത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിച്ചത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് തുടക്കം കുറിച്ച വാഴ്ത്തപ്പെട്ട ജോണ്‍ 23-ാമന്‍ പാപ്പാ കാലംചെയ്തതിനെ തുടര്‍ന്ന് സൂനഹദോസിലൂടെ സഭയെ ഏറെ സൂക്ഷ്മമായി നയിച്ച ഇറ്റലിയിലെ ബ്രേഷ്യാ സ്വദേശിയായിരുന്നു പാപ്പാ മൊന്തീനി, പോള്‍ ആറാമന്‍ പാപ്പാ. ഇറ്റലിയിലെ മിലാന്‍ അതിരൂപതയുടെ മെത്രാപ്പോലീത്തായായിരിക്കവെയാണ് അദ്ദേഹം പാപ്പാസ്ഥാനത്തേയ്ക്ക് അവരോധിക്കപ്പട്ടത്.

സഭയെ ആധുനീക യുഗത്തിലേയ്ക്ക് നയിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പൂര്‍ത്തീകരണത്തിനും, വിവിധ ക്രൈസ്തവ സഭകളുമായുള്ള കൂട്ടായ്മയ്ക്കും തുടക്കം കുറിച്ച മഹാനായ പാപ്പായാണ് പോള്‍ ആറാന്‍. 1964-ല്‍ ബോംബെയില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത് ഭാരതമണ്ണില്‍ കാലുകുത്തിയ ആദ്യ പത്രോസിന്‍റെ പിന്‍ഗാമിയായി തീര്‍ന്നതും പോള്‍ ആറാമന്‍ പാപ്പയാണ്. പ്രാര്‍ത്ഥനയെ തടര്‍ന്ന് ബസിലിക്കയില്‍നിന്നും പുറത്തിറങ്ങിയ പാപ്പാ
പോള്‍ ആറാന്‍ പാപ്പായുടെ ജന്മനാടായ ബ്രേഷ്യായില്‍നിന്നും കാല്‍നടയായി കുഴിമാടത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ ഒരു കൂട്ടം യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി.

ജീവതത്തെ ഗൗരവപൂര്‍വ്വം കാണണമെന്നും, ലളിതമായ നമ്മുടെ ജീവിതങ്ങള്‍ക്കു പിന്നിലെ ദൈവിക സാന്നിദ്ധ്യം തിരിച്ചറിയാനായാല്‍ ജീവിതത്തിന്‍റെ മനോഹാരിത മനസ്സിലാക്കാനും അത് സ്നേഹത്തോടും സന്തോഷത്തോടുംകൂടെ നയിക്കാനും സാധിക്കുമെന്ന്, അവരുടെ നാട്ടുകാരനായ പോള്‍ ആറാമന്‍ പാപ്പായുടെ ശ്രേഷ്ഠമായി ജീവിതമാതൃക ചൂണ്ടിക്കാണിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.
Reported : nellikal, sedoc









All the contents on this site are copyrighted ©.