2013-08-01 20:10:32

‘കൂട്ടായ്മയുടെ സംസ്കൃതി’
വളര്‍ത്തേണ്ട മാധ്യമലോകം


01 ആഗസ്റ്റ് 2013, റിയോ
വചനത്തിന്‍റെ വെളിച്ചത്തില്‍ സത്യം പ്രഘോഷിക്കണമെന്ന്,
സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ക്ലാവുദിയോ മരിയ ചേല്ലി പ്രസ്താവിച്ചു. ആഗസ്റ്റ് 1-ാം തിയതി വ്യാഴാഴ്ച ബ്രസീലിലെ റിയോ നഗരത്തില്‍ സമ്മേളിച്ച ലാറ്റിനമേരിക്കന്‍ നാടുകളിലെയും കരീബിയന്‍ ദ്വീപുകളിലെയും കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് ആര്‍ച്ചുബിഷപ്പ് ചേല്ലി ഇങ്ങനെ പ്രസ്താവിച്ചത്.
സംഘട്ടനങ്ങളും വിഭിന്നതയുമുള്ള ഭൂഖണ്ഡത്തില്‍ വിശ്വാത്തില്‍ അധിഷ്ഠിതമായ ‘കൂട്ടായ്മയുടെ സംസ്കൃതി’ വളര്‍ത്തുകയായിരിക്കണം കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരുടെ ലക്ഷൃമെന്ന് ആര്‍ച്ചുബിഷപ്പ് ചേലി ആമുഖപ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു.

അസ്തിത്വത്തിന്‍റെയോ ജീവതപ്രതിസന്ധികളുടെയോ പരിമിതികളില്‍ കുടുങ്ങിപ്പോകാതെ അവയ്ക്കപ്പുറം കടന്ന് സുവിശേഷം പ്രഘോഷിക്കുകയും, സുവിശേഷത്തിന് സാക്ഷൃമേകുകയുമാണ് കത്തോലിക്കാ മാധ്യമ പ്രവര്‍ത്തനമെന്ന് ആര്‍ച്ചുബിഷപ്പ് ചേല്ലി ചൂണ്ടിക്കാട്ടി. മനുഷ്യന്‍റെ സമഗ്ര പുരോഗതിക്കുവേണ്ടി ദൈവമക്കളുടെ അന്തസ്സ് മാനിക്കുകയും അത് പ്രഘോഷിക്കുകയും ചെയ്യുന്നതാണ് നവസുവിശേഷവത്ക്കരണമെന്ന് അദ്ദേഹം സമ്മേളനത്തെ അനുസ്മരിപ്പിച്ചു.

നാം പ്രഘോഷിക്കുന്ന നന്മയും മനോഹാരിതയും സത്യവും ക്രിസ്തുവാണെന്നും, ക്രിസ്തുവിനെ സ്നേഹിക്കുകയും, ക്രിസ്തുവില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഹൃദയത്തിനു മാത്രമേ അവിടുത്തെ സ്നേഹവും സത്യവും സംവേദനംചെയ്യാനാവൂ എന്നും ആര്‍ച്ചുബിഷപ്പ് ചേലി സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു. ആഗസ്റ്റ് 3-വരെ നീണ്ടുനില്ക്കുന്ന സമ്മേളനം 2013-2017 വരെ കാലയളവിലേയ്ക്കുള്ള ലാറ്റിനമേരിക്കന്‍ കരീബിയന്‍ നാടുകളുടെ അജപാലന മാധ്യമപ്രവര്‍ത്തന രൂപരേഖ തയ്യാറാക്കുമെന്നും സംഘടയുടെ പ്രസ്താവന വെളിപ്പെടുത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.