2013-07-30 17:24:56

വി.ഇഗ്നേഷ്യസിന്‍റെ തിരുന്നാളാഘോഷിക്കാന്‍ മാര്‍പാപ്പ ഈശോസഭാംഗങ്ങള്‍ക്കൊപ്പം


30 ജൂലൈ 2013, വത്തിക്കാന്‍
ഈശോസഭയുടെ സ്ഥാപക പിതാവായ വി.ഇഗ്നേഷ്യസിന്‍റെ തിരുന്നാള്‍ ആഘോഷിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലെ ഈശോസഭാ സമൂഹത്തോടൊത്തുചേരുന്നു. തിരുനാള്‍ ദിനമായ ജൂലൈ 31ന് രാവിലെ 8.30ന് റോമിലെ ജെസു ദേവാലയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ റോമിലുള്ള ഈശോസഭാംഗങ്ങളെല്ലാം പങ്കെടുക്കും. തികച്ചും ലളിതമായ രീതിയിലാണ് തിരുന്നാളാഘോഷിക്കുന്നതെന്ന് ഈശോസഭയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
1540ല്‍ സ്ഥാപിതമായ ഈശോസഭയില്‍ (ജെസ്യൂട്ട്) നിന്നും മാര്‍പാപ്പയാകുന്ന ആദ്യ വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ (ഫാ.ഹോര്‍ഗെ മരിയ ബെര്‍ഗോളിയോ എസ്.ജെ)
ഫ്രാന്‍സിസ് അസീസിയുടെ പേര് സ്വീകരിച്ചെങ്കിലും ഇഗ്നേഷ്യന്‍ ആത്മീയതയാണ് താന്‍ ഇപ്പോഴും പിന്തുടരുന്നതെന്നും ഈശോസഭക്കാരെപ്പോലെയാണ് ചിന്തിക്കുന്നതെന്നും ബ്രസീല്‍ പര്യടനത്തിന്‍റെ മടക്കയാത്രയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കനുവദിച്ച അഭിമുഖത്തില്‍ പാപ്പ വെളിപ്പെടുത്തിയിരുന്നു.
മാര്‍പാപ്പയോട് അനുസരണം പ്രഖ്യാപിക്കുന്ന ഒരു വ്രതം ഈശോ സഭാംഗങ്ങള്‍ക്കുണ്ട്. പക്ഷേ, ഒരു ഈശോസഭാംഗം തന്നെ ഇപ്പോള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടിരിക്കുന്നതിനാല്‍ ഈശോ സഭയുടെ ജനറല്‍ സുപ്പീരിയറിനോടായിരിക്കുമോ അനുസരണം പ്രഖ്യാപിക്കേണ്ടതെന്ന് അറിഞ്ഞുകൂടായെന്നും പാപ്പ സരസമായി പറഞ്ഞു.....

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.