2013-07-30 09:38:57

ഭയപ്പെടാതെ പോവുക
‘പിഴുതെറിയാനും തച്ചുടയ്ക്കാനും’


ബ്രസീലിലെ റിയോ നഗരത്തില്‍ അരങ്ങേറിയ ലോകയുവജനമേളയുടെ സമാപന ദിവ്യബലിയില്‍
പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശം :

“നിങ്ങള്‍ ലോകമെങ്ങും പോയി സകല ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍”(മത്തായി 28, 19).
ഈ ആമുഖത്തോടെ വീണ്ടും നമ്മോട് ക്രിസ്തു സംസാരിക്കുന്നു. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും എത്തിയ പത്തുലക്ഷത്തോളം യുവജനങ്ങള്‍ ഒത്തുചേരുക അത്ഭുതകരമായ ആത്മീയാനുഭൂതിയാണ്. എന്നാല്‍ ഇനി നിങ്ങള്‍ പോകണം. പോയി, ഈ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കണം.
ജീവിതബോധ്യവും ദൗത്യവുമുള്ള അവിടുത്തെ ശിഷ്യരാകുവാന്‍ ക്രിസ്തു നിങ്ങളെ വിളിക്കുന്നു.
മൂന്നു കാര്യങ്ങളാണ് ഈ മേളയുടെ അന്ത്യത്തില്‍ കര്‍ത്താവ് നമ്മെ അനുസ്മരിപ്പിക്കുന്നത്.
വളരെ ലളിതമായ മൂന്നു കാര്യങ്ങളാണവ : പോവുക, ഭയപ്പെടരുത്, ശുശ്രൂഷചെയ്യുക.

1. പോവുക
റിയോയില്‍ തങ്ങിയ ഇന്നാളുകള്‍ ക്രിസ്ത്വാനുഭവത്തിന്‍റെ സുന്ദര ദിനങ്ങളായിരുന്നു. അത് ക്രിസ്തുവിനെ മറ്റുള്ളവര്‍ക്കൊപ്പം കണ്ടെത്തിയ കൂട്ടായ്മയുടെ അനുഭവമായിരുന്നു. വിശ്വാസത്തിന്‍റെ ആനന്ദാനുഭൂതിയാണത്. എന്നാല്‍ ഈ ക്രിസ്ത്വാനുഭവം നിങ്ങളില്‍ മാത്രമോ, നിങ്ങളുടെ
സുഹൃദ് വലയത്തിലോ, ഇടവകയിലോ, പ്രസ്ഥാനത്തിലോ, സമൂഹത്തിലോ മാത്രമായി ഒതുങ്ങിനില്ക്കരുത്. കത്തിത്തെളിഞ്ഞ നാളം മറച്ചു വയ്ക്കുന്നതിനു തുല്യമാണത്. പകര്‍ന്നു കൊടുക്കുന്ന ദീപംപോലെയാണ് വിശ്വാസം. പങ്കുവയ്ക്കുന്തോറും അതു നമുക്കു ചുറ്റും കൂടുതല്‍ പ്രഭാപൂരം പരത്തുന്നു. അങ്ങനെ “യേശു കര്‍ത്താവാണെന്നും ജീവന്‍റെയും കാലത്തിന്‍റെയും അതിനാഥനാണെന്നും സകലരും അറിയാന്‍ ഇടയാവട്ടെ” (റോമാ. 10, 9).

നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കിലോ, സമയമുണ്ടെങ്കിലോ ചെയ്യുവാനല്ല ക്രിസ്തു പറഞ്ഞത്,
മറിച്ച് “നിങ്ങള്‍ പോയി സകലരെയും ശിഷ്യപ്പെടുത്തുവിന്‍” എന്ന ആഹ്വാനമാണ് അവിടുന്നു നല്കിയത്. ‘പോയി ശിഷ്യപ്പെടുത്തുവിന്‍,’ എന്നത് നാം ഭാഗമായിരിക്കുന്ന സഭയെ ക്രിസ്തു ഭരമേല്പിച്ച കല്പനയാണ്. ആധിപത്യത്തിന്‍റെ ബലപ്രയോഗമോ ശക്തിയോ അല്ലത്, മറിച്ച് സ്നേഹത്തിന്‍റെ കരുത്തിലുള്ള ആഹ്വാനമാണ്.

മനുഷ്യാവതാരം ചെയ്ത ക്രിസ്തു തന്‍റെ ഏതെങ്കിലും ഒരു ഭാഗമല്ല സമര്‍പ്പിച്ചത്, തന്നെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിച്ചു. നമ്മെ രക്ഷിക്കുവാനും, ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവും നമുക്കു നല്കുവാനുമായി അവിടുന്ന് തന്നെത്തന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചു. നമ്മെ അടിമകളായിട്ടല്ല ക്രിസ്തു കരുതുന്നത്, പ്രത്യുത സ്വാതന്ത്ര്യമുള്ള സഹോദരങ്ങളും സ്നേഹിതരുമായിട്ടാണ്. അവിടുന്ന് നമ്മെ പറഞ്ഞ് അയയ്ക്കുക മാത്രമല്ല, ഭരമേല്പിച്ച സ്നേഹദൗത്യത്തില്‍ നമ്മെ അനുധാവനംചെയ്യുന്നുണ്ട്. നമ്മോടൊത്തു അവിടുന്ന് ചരിക്കുന്നുണ്ട്.

ക്രിസ്തു എവിടേയ്ക്കാണ് നമ്മെ അയക്കുന്നത്? എല്ലാ അതിരുകള്‍ക്കും പരിധികള്‍ക്കും അതീതമാണ് ക്രിസ്തുദൗത്യം. അവിടുന്ന് നമ്മെ എല്ലാവരിലേയ്ക്കുമാണ് അയക്കുന്നത്. സുവിശേഷം കുറച്ചു പേര്‍ക്കുള്ളതല്ല സകലര്‍ക്കുമുള്ളതാണ്. നമ്മെ ശ്രവിക്കുകയും അംഗീകരിക്കുകയും നമ്മോട് അടുപ്പവുമുള്ള കുറച്ചുപേര്‍ക്കുള്ളതല്ല, സകലര്‍ക്കുമുള്ളതാണ്. അതുകൊണ്ട് ക്രിസ്തുവിനെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും പ്രഘോഷിക്കാന്‍ നാം മടിക്കരുത്. സമൂഹത്തിന്‍റെ പുറംചേരികളില്‍ ഉള്ളവരോടും കൂട്ടംതെറ്റിപ്പോയവരോടും നിസ്സംഗരായി ജീവിക്കുന്നവരോടും സുവിശേഷം പ്രഘോഷിക്കപ്പെടണം. ക്രിസ്തു എല്ലാവരെയും അന്വേഷിക്കുന്നുണ്ട്. തന്‍റെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും കൃപാസ്പര്‍ശം എല്ലാവര്‍ക്കും ലഭിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നുണ്ട്.

ലാറ്റിനമേരിക്കന്‍ മെത്രാന്മാര്‍ ബ്രസീലിലെയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെയും യുവജനങ്ങളോട് ആഹ്വാനംചെയ്തതും വീണ്ടും, “പോയി പ്രഘോഷിക്കുക” എന്നുതന്നെയാണ്. നിങ്ങളുടെ ഭൂഖണ്ഡദൗത്യത്തെക്കുറിച്ച് ഇത്തരുണത്തില്‍ ഞാനും നിങ്ങളെ ഓര്‍പ്പിക്കട്ടെ! പൗലോസ്ലീഹാ പറയുന്നത്, “സുവിശേഷം പ്രഘോഷിച്ചില്ലെങ്കില്‍ എനിക്കു ദുരിതമെന്നാണ്” (1കൊറി. 9, 16).

സുവിശേഷപ്രഘോഷണം ഈ ഭൂഖണ്ഡത്തിന്‍റെ ചരിത്രത്തില്‍ ആഴമായി കോറിയിട്ടിട്ടുള്ളതാണ്.
അത് ഏറെ ഫലമണിഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇന്ന് അത് നവോര്‍ജ്ജത്തോടെ പ്രതിധ്വനിപ്പിക്കേണ്ടിയിരിക്കുന്നു. അതിന്‍റെ ഉത്തരവാദിത്തം യുവജനങ്ങളില്‍ നിക്ഷിപ്തമാണ്.
സഭയ്ക്ക് നിങ്ങളെ ആവശ്യമാണ്. നിങ്ങളുടെ യുവത്വമാര്‍ന്ന ഉന്മേഷവും ക്രിയാത്മകതയും സ്വയസിദ്ധമായ സന്തോഷവും സഭയ്ക്ക് ആവശ്യമാണ്. ബസീലിന്‍റെ പ്രേഷിതനായ വാഴ്ത്തപ്പെട്ട
ജോ അങ്കിയേത്ത സുവിശേഷ ദൗത്യവുമായിറങ്ങിയത് പത്തൊന്‍പതാം വയസ്സിലായിരുന്നു.
യുവജന സുവിശേഷവത്ക്കരണത്തിന്‍റെ ശക്തരായ പ്രയോക്താക്കള്‍ യുവജനങ്ങള്‍തന്നെയാണ്.
ഈ സ്നേഹപാത നിങ്ങളും പിന്‍തുടരണം.

2. ഭയപ്പെടേണ്ട
ചിലര്‍ ചിന്തിക്കാം, സുവിശേഷ പ്രഘോഷണത്തിന് എനിക്ക് പ്രത്യേക പരിശീലനമൊന്നും ഉണ്ടായിട്ടില്ല. പിന്നെങ്ങനെ സുവിശേഷം പ്രഘോഷിക്കാനാകും!? പ്രിയ സുഹൃത്തുക്കളേ, പ്രവാചക ദൗത്യത്തിലേയ്ക്കു കര്‍ത്താവു വിളിച്ചപ്പോള്‍ ഇതേ ഭീതിതന്നെയാണ് യുവാവായിരുന്ന ജറെമിയായുടെ മനസ്സിലുദിച്ചത്.
“ദൈവമേ, എനിക്കു സംസാരിക്കാന്‍ വശമില്ല. ഞാന്‍ ബാലനല്ലേ,” എന്നിങ്ങനെ മുടന്തന്‍ ന്യായങ്ങള്‍ പലതും ജറെമിയാ പറഞ്ഞു നോക്കി. ദൈവം നിങ്ങളോടും ഇതുതന്നെയാണ് പറയുന്നത്, “ഭയപ്പെടേണ്ട! രക്ഷകനായ ദൈവമാണു ഞാന്‍!!” (ജറെമി. 1, 7-8‌). ആ ദൈവം ഇന്നു നമ്മോടുകൂടെയുണ്ട്.

ഭയപ്പെടേണ്ട! നാം ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ പുറപ്പെടുമ്പോള്‍ അവിടുന്നുതന്നെയാണ് നമുക്കു മുന്‍പേ പോകുന്നതും, നമ്മെ നയിക്കുന്നതും. തന്‍റെ ശിഷ്യരെ സുവിശേഷ പ്രഘോഷണത്തിനായി പറഞ്ഞയച്ചപ്പോള്‍ അവിടുന്നു വാഗ്ദാനംചെയ്തിട്ടുണ്ട്. “ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്!”
(മത്തായി 28, 20). ഇത് നമ്മുടെ ജീവിതത്തിലും സത്യമാണ്. ക്രിസതു നമ്മെ ഒറ്റയ്ക്ക് അയയ്ക്കുന്നില്ല, നമ്മെ ഒറ്റപ്പെടുത്തുന്നുമില്ല. അവിടുന്ന് എപ്പോഴും നമ്മോടു കൂടെയുണ്ട്.

പിന്നെ അവിടുന്നു പറഞ്ഞത്, ‘നിങ്ങളില്‍ ഒരാള്‍ പോയി പ്രഘോഷിക്കുവിന്‍’ എന്നല്ല, ‘നിങ്ങള്‍ എല്ലാവരും പോയി പ്രഘോഷിക്കുവിന്‍’ എന്നാണ്. തന്‍റെ ശിഷ്യന്മാരെ എല്ലാവരെയും ഒരുമിച്ചാണ് അവിടുന്ന് അയക്കുന്നത്. പ്രിയ യുവസുഹൃത്തുക്കളേ, സുവിശേഷദൗത്യത്തില്‍ നമ്മുടെ അമ്മയായ സഭയുടെയും, സുവിഷേപ്രഘോഷകരായ വിശുദ്ധരുടെയും കൂട്ടായ്മ എപ്പോഴും നമുക്കുണ്ട്. വെല്ലുവിളികള്‍ ഒരുമിച്ചു നേരിടുമ്പോള്‍ നാം ശക്തരായിത്തീരും. അപ്പോള്‍ നമ്മിലെ ഇനിയും കാണാത്ത ഉപായസാദ്ധ്യതകള്‍ കണ്ടെത്താനും ഇടയാകും. അപ്പസ്തോലന്മാരെ ക്രിസ്തു വിളിച്ചത് ഒറ്റയ്ക്കായിരിക്കാനല്ല, കൂട്ടമായി പ്രവര്‍ത്തിക്കാനായിരുന്നു.

വൈദികരോട് ഇത്തരുണത്തില്‍ ഒരുവാക്ക് പറയട്ടെ. പ്രിയ വൈദിക സഹോദരങ്ങളേ, യുവജനങ്ങളുടെകൂടെ കൂടെവന്ന് എന്നോടൊപ്പം ദിവ്യബലിയില്‍ പങ്കുചേര്‍ന്നതില്‍ അതിയായ സന്തോഷമുണ്ട്. അതു വളരെ അര്‍ത്ഥവത്താണ്, മനോഹരമാണ്. അതുവഴി നിങ്ങളുടെ വിശ്വാസവും ബോധ്യങ്ങളുമാണ് അവരുമായി പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇതൊരു യാത്രയാണ്. സഭയില്‍ സജീവരാകാനും ഒരിക്കലും ഒറ്റപ്പെടാതിരിക്കാനും, ഔദാര്യത്തോടും സന്തോഷത്തോടുംകൂടെ എപ്പോഴും യുവജനങ്ങളുടെ ആയിരിക്കുവാനുമുള്ള യാത്രയാണിത്.

3. അവസാന വാക്യം, ‘ശുശ്രൂഷിക്കുക’ എന്നാണ്. സങ്കീര്‍ത്തകനോടൊപ്പം, “കര്‍ത്താവിന് ഒരു നവ്യഗാനം ആലപിക്കാം” (സങ്കീര്‍ത്തനം 95, 1). എന്താണീ പുതിയ ഗീതം? ഈ ഗീതത്തിന് വരികളും ഈണവുമില്ല. കാരണം, അതിന്‍റെ ഈരടികളും ഈണവും നമ്മുടെ ജീവിത ഗാനമാണ്. നമ്മുടെ ജീവിതങ്ങള്‍ ക്രിസ്തുവുമായി സാരൂപ്യപ്പെടണം. അത് അവിടുത്തെ വികാരങ്ങളും ചിന്തകളും പ്രവൃത്തികളും പങ്കുവയ്ക്കുന്ന ജീവിതഗാനമായി മാറണം. ക്രിസ്തുവിന്‍റെ ജീവിതം മറ്റുള്ളവര്‍ക്കു വേണ്ടിയിരുന്നു.
അത് ലോകരക്ഷയ്ക്കായുള്ള സ്നേഹസമര്‍പ്പണമായിരുന്നു. പൗലോശ്ലീഹ പറഞ്ഞത് ഇപ്രകാരമാണ്. “ഞാന്‍ എല്ലാവരിലുംനിന്നു സ്വതന്ത്രനാണെങ്കിലും വളരെപ്പേരെ നേടേണ്ടതിന് എല്ലാവരുടെയും ദാസനായിത്തീര്‍ന്നിരിക്കുന്നു” (1കൊറി. 9, 19). ദൈവസ്നേഹത്തിന്‍റെ ജീവിതസാക്ഷിയാകുന്നത് സുവിശേഷവത്ക്കരണമാണ്. അത് സ്വാര്‍ത്ഥത മറികടക്കുന്നതാണ്. ക്രിസ്തുവിനെപ്പോലെ എളിമയില്‍ താഴ്ന്ന് അപരനെ ശുശ്രൂഷിക്കുന്നതാണ്, അപരന്‍റെ പാദങ്ങള്‍ കഴുകുന്നതാണ് സുവിശേഷവത്ക്കരണം.

ഭയപ്പെടാതെ, പോവുക, ശുശ്രൂഷിക്കുക.
ഈ മൂന്ന് ആശയങ്ങളും നിങ്ങള്‍ക്ക് സ്വായത്തമാക്കാനായാല്‍ സുവിശേഷവത്ക്കരണം ചെയ്യുന്നവന്‍ സുവിശേഷവത്ക്കരിക്കപ്പെടുന്നുവെന്നും, വിശ്വാസത്തിന്‍റെ സന്തോഷം പരത്തുന്നവന് സന്തോഷം സമൃദ്ധമായി ലഭിക്കുമെന്നും അനുഭവവേദ്യമാകും. പ്രിയ യുവസുഹൃത്തുക്കളേ, നിങ്ങള്‍ വീടുകളിലേയ്ക്ക് മടങ്ങുമ്പോള്‍, ക്രിസ്തുവിനോട് മഹാമനസ്ക്കത കാണിച്ചുകൊണ്ട് അവിടുത്തെ സുവിശേഷത്തിന്‍റെ സാക്ഷികളാകുന്നതിനു മറന്നുപോകരുത്. ജെറമിയാ പ്രവാചകനെ വിളിച്ച് പറഞ്ഞയച്ച ദൈവം നമ്മോടും ആഹ്വാനംചെയ്യുന്നു, “പിഴുതെറിയാനും ഇടിച്ചു തകര്‍ക്കാനും നശിപ്പിക്കാനും, തകിടംമറിക്കാനും പണിതുയര്‍ത്താനും നട്ടു വളര്‍ത്താനുംവേണ്ടി ഇന്നിതാ, ജനതകളുടെയും രാജ്യാങ്ങളുടെയുംമേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു” (ജറമിയാ 1, 10). സുവിശേഷ ചൈതന്യത്തില്‍ ജീവിക്കുന്ന നിങ്ങളുടെയും ഭാഗധേയം ഇതായിരിക്കും. സുവിശേഷം പ്രഘോഷിക്കുകയെന്നാല്‍, തിന്മയുടെ കളകള്‍ എവിടെയും പിഴുതെറിയുവാനും, തിന്മയും അധിക്രമങ്ങളും തച്ചുടയ്ക്കുവാനും, സ്വാര്‍ത്ഥതയുടെയും അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്‍റെയും വേലിക്കെട്ടുകളെ ഇല്ലാതാക്കുവാനും ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് നവമായൊരു ലോകം പടുത്തുയര്‍ത്തുകയുമാണ്. ക്രിസ്തു നിങ്ങളിലേയ്ക്കാണ് ഉറ്റുനോക്കുന്നത്, സഭ നിങ്ങളിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. നിങ്ങളില്‍ പാപ്പായും പ്രത്യാശവയ്ക്കുന്നുണ്ട്.

മാതൃവത്സല്യത്തോടെ ക്രിസ്തുവിന്‍റെ അമ്മ നിങ്ങളെ തുണയ്ക്കട്ടെ. “ലോകമെങ്ങും പോയി നിങ്ങള്‍ സകലരെയും ശിഷ്യപ്പെടുത്തുവിന്‍.” ആമേന്‍.

Original text of the Papal homily translated by fr. William nellikal, Vatican Radio








All the contents on this site are copyrighted ©.