2013-07-30 17:24:37

ബ്രസീല്‍ സന്ദര്‍ശനം അവിസ്മരണീയം: മാര്‍പാപ്പ


30 ജൂലൈ 2013, വത്തിക്കാന്‍

അവിസ്മരണീയമായ ഒരാഴ്ച്ചയാണ് താന്‍ ബ്രസീലില്‍ ചിലവഴിച്ചതെന്ന് മാര്‍പാപ്പയുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ ജൂലൈ 29നാണ് പാപ്പ ഇങ്ങനെ ട്വീറ്റ് ചെയ്തത്, “റിയോയിലെ ഒരാഴ്ച്ച അവിസ്മരണീയമായിരുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.”

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ വിദേശ സന്ദര്‍ശനമായിരുന്നു ബ്രസീല്‍ പര്യടനം. “ആകയാല്‍ നിങ്ങള്‍ പോയി സകല ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍,” (മത്തായി 28, 19) എന്ന സുവിശേഷ സന്ദേശം പ്രമേയമാക്കി, ജൂലൈ 23 മുതല്‍ 28 വരെ ബ്രസീലിലെ റിയോ ദി ജനീറോയില്‍ നടന്ന ലോകയുവജന സംഗമത്തില്‍ പങ്കെടുക്കാനാണ് ഫ്രാന്‍സിസ് പാപ്പ ബ്രസീലിലെത്തിയത്. ജൂലൈ 22ന് വൈകീട്ട് ബ്രസീലിലെത്തിയ പാപ്പ 24ന് രാവിലെ അപ്പരെസിദയിലെ കന്യകാനാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലെത്തി പരിശുദ്ധ മറിയത്തിന്‍റെ മാദ്ധ്യസ്ഥം തേടി. ‘അതിര്‍ത്തികളിലേക്ക് ഇറങ്ങിച്ചെല്ലുവിന്‍’ എന്ന തന്‍റെ പ്രബോധനത്തിന്‍റെ പ്രായോഗിക മാതൃകയായി റിയോ ദി ജനീറോയിലെ സെന്‍റ്.ഫ്രാന്‍സിസ് ആശുപത്രിയിലെ ലഹരിവിമുക്ത കേന്ദ്രത്തിലേക്കും വര്‍ജിഞ്യാ ചേരി പ്രദേശത്തേയ്ക്കും ക്രിസ്തുവിന്‍റെ സ്നേഹസാന്ത്വനവുമായി പാപ്പ കടന്നുചെന്നു.
വ്യാഴാഴ്ച വൈകീട്ട് കോപാകബാന കടല്‍ത്തീരത്ത് യുവജനം നല്‍കിയ സ്വീകരണ ചടങ്ങ് മുതലാണ് ആഗോളയുവജനസംഗമവുമായി ബന്ധപ്പെട്ട പേപ്പല്‍ പരിപാടികള്‍ ആരംഭിച്ചത്.
ജൂലൈ 26ാം തിയതി വെള്ളിയാഴ്ച മാര്‍പാപ്പ ഏതാനും യുവജനങ്ങളെ കുമ്പസാരിപ്പിച്ചു. തടവുശിക്ഷ അനുഭവിക്കുന്ന ഒരു സംഘം യുവജനങ്ങളുമായും അന്ന് പാപ്പ കൂടിക്കാഴ്ച്ച നടത്തി.
വെള്ളിയാഴ്ച സന്ധ്യയ്ക്ക് കോപകബാന കടല്‍ത്തീരത്ത് ഹൃദയസ്പര്‍ശിയായ രംഗപശ്ചാത്തലത്തില്‍ നടന്ന ഭക്തിസാന്ദ്രമായ കുരിശിന്‍റെ വഴിയും ശനിയാഴ്ചയിലെ ജാഗര പ്രാര്‍ത്ഥനാ സംഗമവും ഞായറാഴ്ചയിലെ സമാപന ദിവ്യബലിയുമായിരുന്നു മാര്‍പാപ്പയുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ആഗോളയുവജനസംഗമ പരിപാടികള്‍. കോപാകബാന തീരത്ത് മുപ്പതുലക്ഷത്തിലേറെ പേര്‍ പങ്കുകൊണ്ട സമാപന ദിവ്യബലി ബ്രസീലിനെ സംബന്ധിച്ചും അവിസ്മരണീയമായ ഒരു ചരിത്രസംഭവമായി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.