2013-07-30 09:16:45

ഇസ്രായേലിന്‍റെ രൂപീകരണ നാളിലെ
കര്‍മ്മ-നിയമാനുഷ്ഠാനങ്ങള്‍ (48)


RealAudioMP3
പാരമ്പര്യങ്ങളുടെ വിവിധ തട്ടുകളിലായിട്ടാണ് പുറപ്പാടിന്‍റെ രചന നടന്നിരിക്കുന്നതെന്ന്
പൗരോഹിത്യ രചനയുടെ പഠനം വ്യക്തമാക്കുന്നു. അതായത് ഒരു ഗ്രന്ഥകര്‍ത്താവ്, ഒരു കാലഘട്ടത്തില്‍ എഴുതിയുണ്ടാക്കിയ ചരിത്രമെന്നൊ, വിവരണമെന്നോ പുറപ്പാടിനെ വിശേഷിപ്പിക്കാനാവില്ല എന്നാണ് അതിനര്‍ത്ഥം. ഉദാഹരണത്തിന് ചെങ്കടലിന്‍റെ ആഖ്യാനം, ചെങ്കടല്‍ കടക്കലും അവിടെ നടന്ന ദൈവിക സംരക്ഷണയുടെ വിസ്മയ സംഭവങ്ങളും, പുറപ്പാടിന്‍റെ മരുഭൂമി കടക്കലിനുശേഷമുള്ള പത്തുകല്പനകളുടെയും ദൈവവുമായുള്ള ഉടമ്പടിയുടെയും വിവരണങ്ങള്‍ ക്രിസ്തുവിനുമുന്‍പ് ഏകദേശം 600 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലനിന്നിരുന്ന, യാഹ്വേയിസ്റ്റ്, ഈലോഹിസ്റ്റ് പാരമ്പര്യങ്ങളില്‍നിന്നും ഉതിര്‍ക്കൊണ്ടതാണെന്ന് പണ്ഡിതന്മാര്‍ സമ്മതിക്കുന്നുണ്ട്.
രചനാശൈലിയും ഗ്രന്ഥത്തിന്‍റെ ഇതര ഭാഗങ്ങളില്‍നിന്നും വേറിട്ടു നില്കുന്ന വിവരണങ്ങളും, പ്രതിപാദ്യവിഷയങ്ങളുമാണ് പുറപ്പാട് സങ്കരരചനയാണെന്ന നിലപാടില്‍ നിരൂപകന്മാരെ എത്തിക്കുന്നത്. കൂടാരം, കൂടാരാങ്കണം, ബലിവേദി, ബലിപീഠം എന്നിവയുടെ പഠനത്തിലൂടെ പുറപ്പാടിന്‍റെ ചരിത്രവും പുറപ്പാടു ഗ്രന്ഥത്തിലുള്ള പൗരോഹ്യ പാരമ്പര്യവുമാണ് നാം ഖണ്ഡത്തില്‍ കാണുന്നത്.

പുറപ്പാടിലെ പൗരോഹിത്യ പാരമ്പര്യത്തില്‍ രൂപപ്പെട്ട 26-ാം അദ്ധ്യായത്തിലേയ്ക്ക് നാം കടക്കുകയാണ്, സാക്ഷൃകൂടാരത്തെക്കുറിച്ചുള്ള വിവരണത്തോടെ തുടങ്ങുന്ന ഈ ഭാഗം പൗരോഹിത്യ പാരമ്പര്യത്തില്‍പ്പെട്ടതാണെന്നതില്‍ ലവലേശം സംശയമില്ല. രചനാ ശൈലിയും വിവരണങ്ങളും അതു വ്യക്തമാക്കുന്നു.
“പത്തു വിരികള്‍കൊണ്ടു നീ വിശുദ്ധകൂടാരം നിര്‍മ്മിക്കണം. നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളോടുകൂടി നെയ്തെടുത്ത നേര്‍ത്ത ചണവസ്ത്രം കൊണ്ടായിരിക്കണം വിരികള്‍ നിര്‍മ്മിക്കേണ്ടത്. കെറൂബുകളെക്കൊണ്ടു വിദഗ്ദ്ധമായി അലങ്കരിച്ചതായിരിക്കണം അവ. ഒരു വിരിയുടെ നീളം ഇരുപത്തെട്ടു മുഴവും, വീതി നാലു മുഴവുമായിരിക്കട്ടെ. എല്ലാ വിരികളും ഒരേ അളവിലുള്ളതായിരിക്കട്ടെ. അഞ്ചു വിരികള്‍ ഒന്നോടൊന്നു ചേര്‍ത്തു തുന്നണം. അതുപോലെ മറ്റേ അഞ്ചു വിരികളും. ആദ്യഗണം വിരികളില്‍ നീലനൂല്‍കൊണ്ടു വളയങ്ങള്‍ തുന്നിച്ചേര്‍ക്കണം. അപ്രകാരം തന്നെ, രണ്ടാം ഗണം വിരികളിലും, അവസാനത്തേതിന്‍റെ വക്കിലും. ആദ്യത്തെ വിരിയില്‍ അന്‍പതു വളയങ്ങള്‍ ഉണ്ടായിരിക്കണം. വളയങ്ങള്‍ ഒന്നിനുനേരേ ഒന്നു വരത്തക്ക വിധത്തിലായിരിക്കട്ടെ.”

“സ്വര്‍ണ്ണംകൊണ്ടു അന്‍പതു കൊളുത്തുകളും ഉണ്ടാക്കണം. എന്നിട്ട് ഇരുഗണം വിരികളും കൊളുത്തുകൊണ്ട് യോജിപ്പിക്കുമ്പോള്‍ അതൊരു കൂടാരമാകും. കൂടാരത്തിന്‍റെ മുകള്‍ഭാഗം മൂടുന്നതിനായി ആട്ടിന്‍രോമംകൊണ്ടു പതിനൊന്നു വിരികള്‍ ഉണ്ടാക്കണം. ഓരോ വിരിക്കും മുപ്പതുമുഴം നീളവും, നാലുമുഴം വീതിയുമുണ്ടായിരിക്കണം. പതിനൊന്നു വിരികളും ഒരേ അളവിലായിരിക്കട്ടെ. അഞ്ചു വിരികള്‍ യോജിപ്പിച്ച് ഒരു ഗണവും, പിന്നെ ആറു വിരികള്‍ ചേര്‍ന്ന് മറ്റൊരു ഗണവും ഉണ്ടാക്കണം. ആറാമത്തെ വിരി കൂടാരത്തിന്‍റെ മുന്‍ഭാഗത്തു മടക്കിയിടാവുന്നതായിരിക്കണം. ഒന്നാമത്തെ ഗണം വിരികളില്‍ അവസാനത്തേതിന്‍റെ വക്കില്‍, അന്‍പതു വളയങ്ങളും, രണ്ടാം ഗണം വിരികളില്‍ അവസാനത്തേതിന്‍റെ വക്കില്‍ അന്‍പതു വളയങ്ങളും തുന്നിച്ചേര്‍ക്കണം.”

“ഓടുകൊണ്ടുള്ള അന്‍പതു കൊളുത്തുകളുണ്ടാക്കി, അവ വളയങ്ങളിലൂടെ ചേര്‍ത്ത് കൂടാരം യോജിപ്പിച്ചെടുക്കുക. അവശേഷിക്കുന്ന പകുതി വിരി കൂടാരത്തിന്‍റെ പിന്നില്‍ തൂക്കിയിടണം. മേല്‍ വിരിയുടെ നീളത്തില്‍ ഓരോ വശത്തും അവ ശേഷിക്കുന്ന ഓരോ മുഴം ഇരുവശങ്ങളും മറയ്ക്കാനായി തൂക്കിയിടണം. ഊറയ്ക്കിട്ട മുട്ടാടിന്‍ തോലുകൊണ്ടു കൂടാരത്തിനു മൂടി ഉണ്ടാക്കണം. മൃദുലമായ തോലുകൊണ്ടു വേറൊരു ആവരണവും ഉണ്ടാക്കണം. കരുവേലമരത്തിന്‍റെ പലകകള്‍കൊണ്ടു കൂടാരം നിവര്‍ന്നു നില്‍ക്കാന്‍വേണ്ടുന്ന ചട്ടങ്ങള്‍ ഉണ്ടാക്കണം. ഓരോ പലകയുടെയും നീളം പത്തുമുഴവും, വീതി ഒന്നരമുഴവും ആയിരിക്കണം. പലകകളെ തമ്മില്‍ച്ചേര്‍ക്കുന്നതിനു ഓരോ പലകയിലും രണ്ടു കുടുമകള്‍ വീതം വേണം. എല്ലാ പലകകളും ഇങ്ങനെതന്നെ ഉണ്ടാക്കണം. കൂടാരത്തിനു ചട്ടപ്പലകകള്‍ ഉണ്ടാക്കണം. തെക്കു വശത്ത് ഇരുപതു പലകകള്‍. ഇരുപതു പലകകളുടെ അടിയിലായി വെള്ളികൊണ്ടു നാല്‍പതു പാദകുടങ്ങളുമുണ്ടാക്കണം. ഓരോ പലകയുടെയും അടിയില്‍ രണ്ടു പാദകുടങ്ങള്‍ വീതം നിര്‍മ്മിക്കണം. കൂടാരത്തിന്‍റെ രണ്ടാം വശമായ വടക്കു വശത്തേയ്ക്കായി ഇരുപതു പലകകളും നിര്‍മ്മിക്കണം.”

26, 26 കരുവേലമരംകൊണ്ട് അഴികള്‍ ഉണ്ടാക്കണം. കൂടാരത്തിന്‍റെ ആദ്യവശത്തെ പലകകള്‍ക്ക് അഞ്ച് അഴികള്‍ വേണം. കൂടാരത്തിന്‍റെ രണ്ടാമത്തെ വശത്തുള്ള പലകകള്‍ക്ക് വേറെയും അഞ്ച് അഴികളും പിന്‍ഭാഗമായ പടിഞ്ഞാറു വശത്തുള്ള പലകകള്ക്കും അഞ്ച് അഴികളും ഉണ്ടയാരിക്കണം. നടുവിലെ അഴി പലകകളുടെ മധ്യത്തിലൂടെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ എത്തണം. പലകകള്‍ സ്വര്‍ണ്ണംകൊണ്ടു പൊതിയണം. അഴികള്‍ കടത്തുന്നതിന് അവയില്‍ സ്വര്‍ണ്ണംകൊണ്ടു വളയങ്ങള്‍ നിര്‍മ്മിക്കണം. അഴികളും സ്വര്‍ണ്ണംകൊണ്ടു പൊതിയണം. മലയില്‍വച്ചു കാണിച്ചുതന്ന മാതൃകയനുസരിച്ചാണ് കൂടാരം നിര്‍മ്മിക്കേണ്ടത്.

പിരിച്ച നൂല്‍കൊണ്ടു നെയ്തതും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ളതുമായ നേര്‍ത്ത ചണത്തുണികൊണ്ട് ഒരു തിരശ്ശീലയുണ്ടാക്കണം. അതില്‍ കെറൂബുകളുടെ ചിത്രണം തുന്നിച്ചേര്‍ക്കണം. കരുവേലമരംകൊണ്ടു പണിത ശേഷം, സ്വര്‍ണ്ണം പൊതിഞ്ഞ നാലു തൂണുകളില്‍ അതു തൂക്കിയിടണം. തൂണുകളുടെ കൊളുത്തുകള്‍ സ്വര്‍ണ്ണംകൊണ്ടും പാദകുടങ്ങള്‍ വെള്ളികൊണ്ടും നിര്‍മ്മിക്കണം. കൊളുത്തുകളില്‍ തിരശ്ശീല തൂക്കിയിട്ടതിനു ശേഷം സാക്ഷൃപേടകം അതിനുള്ളിലേയ്ക്കു കൊണ്ടുവരണം ഈ തിരശ്ശീലയാണ് വിശുദ്ധ സ്ഥലത്തുനിന്നും ശ്രീകോവിലിനെ വേര്‍തിരിക്കേണ്ടത്. ശ്രീകോവിലില്‍ സാക്ഷൃപേടകത്തിനു മുകളില്‍ കൃപാസനം സ്ഥാപിക്കണം. തിരശ്ശീലയ്ക്കു വെളിയിലായി മേശയും, മേശയ്ക്കെതിരേ കൂടാരത്തിന്‍റെ തെക്കുവശത്തായി വിളക്കുകാലും സ്ഥാപിക്കണം. കൂടാരത്തിന്‍റെ വടക്കു വശത്തായിരിക്കണം മേശ സ്ഥാപിക്കേണ്ടത്. നേര്‍മയില്‍ നെയ്തതും, നീലം, ധൂമ്രം, കടുചെമപ്പ് എന്നീ നിറങ്ങളുള്ളതും ചിത്രത്തുന്നലാല്‍ അലംകൃതവുമായ ചണവസ്ത്രംകൊണ്ട് കൂടാരാവാതിലിന് ഒരു യവനിക ഉണ്ടാക്കണം. ഈ യവനിക തൂക്കിയിടുന്നതിന് കരുവേലമരംകൊണ്ട് അഞ്ചു തൂണുകള്‍ ഉണ്ടാക്കണം. അവയ്ക്ക് സ്വര്‍ണ്ണക്കൊളുത്തുകളും ഓടുകൊണ്ടുള്ള അഞ്ചു പാദകുടങ്ങളുമുണ്ടായിരിക്കണം.

കര്‍മ്മാനുഷ്ഠാനപരവും നിയമാനുഷ്ഠാപരവുമായി പുറപ്പാടു ഗ്രന്ഥത്തില്‍ കാണുന്നത് അധികവും ഇസ്രായേല്‍ ജനത്തിന്‍റെ രൂപീകരണ നാളില്‍ പൗരോഹിത്യ പാരമ്പര്യത്തില്‍ രൂപപ്പെട്ടിട്ടുള്ളതാണെന്ന് നിരൂപകന്മാര്‍ നിജപ്പെടുത്തുന്നു. അങ്ങനെ ഇസ്രായേലിന്‍റെ രൂപീകരണ കാലഘട്ടത്തില്‍ ഉടലെടുത്തവയാണ് മെല്ല നിയമാനുഷ്ഠാനങ്ങളും കര്‍മ്മാനുഷ്ഠാനങ്ങളുമായി കണക്കാക്കപ്പെട്ടതെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. പിന്നീട് ലേവ്യര്‍, നിയമാവര്‍ത്തനം, സംഖ്യാ എന്നീ ഗ്രന്ഥങ്ങളിലും പൗരോഹിത്യ പാരമ്പര്യത്തിലുള്ള കര്‍മ്മാനുഷ്ഠാനങ്ങളുടെയും നിയമാനുഷ്ഠാനങ്ങളുടെയും ശൈലി പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ എല്ലാം സംഭവവികാസങ്ങളും കൂട്ടിച്ചേര്‍ക്കപ്പെടുന്നതിന്‍റെ കേന്ദ്രസ്ഥാനത്തു നില്ക്കുന്നത് ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്ത മോശതന്നെയാണ്.

RealAudioMP3







All the contents on this site are copyrighted ©.