2013-07-30 17:24:47

ഇറ്റലിയിലെ ബസ്ദുരന്തത്തില്‍ മാര്‍പാപ്പയുടെ അനുശോചനം


30 ജൂലൈ 2013, വത്തിക്കാന്‍
തെക്കേ ഇറ്റലിയിലെ നേപ്പിള്‍സില്‍ 38 പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. സ്ത്രീകളും കുട്ടികളുമടക്കം അന്‍പതിലേറെ യാത്രാക്കാരുണ്ടായിരുന്ന ബസ്, A16 നേപ്പിള്‍സ് – കനോസാ ഫ്ലൈ ഓവറില്‍ നിന്ന് നിയന്ത്രണം വിട്ട് നൂറടിയോളം താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു.
കൊച്ചുകുട്ടികളടക്കം മുപ്പത്തിയെട്ടുപേര്‍ അപകടത്തില്‍ മരണമടഞ്ഞ വാര്‍ത്ത മാര്‍പാപ്പയെ ഏറെ വേദനിപ്പിച്ചുവെന്ന്, മാര്‍പാപ്പയുടെ അനുശോചന സന്ദേശം നേപിള്‍സ് അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ക്രഷന്‍സ്യോ സെപെയ്ക്കയച്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ അറിയിച്ചു. മരണമടഞ്ഞവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിച്ച പാപ്പ പരിക്കേറ്റവര്‍ക്ക് ശീഘ്ര സൗഖ്യപ്രാപ്തി ആശംസിച്ചു. മരണമടഞ്ഞവരുടെ കുടുബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും പരുക്കേറ്റവര്‍ക്കും പാപ്പ തന്‍റെ അപ്പസ്തോലികാശീര്‍വാദവും നല്‍കി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.