2013-07-29 18:28:26

‘സാമൂഹ്യ വിനയം’, കൂടിക്കാഴ്ച്ചയുടെ സംസ്ക്കാരത്തില്‍ അവിഭാജ്യം: ഫ്രാന്‍സിസ് പാപ്പ


28 ജൂലൈ 2013, റിയോ ദി ജനീറോ

ഫ്രാന്‍സിസ് മാര്‍പാപ്പ ജൂലൈ 27ന് ബ്രസീലിലെ മത, സാംസ്ക്കാരിക, രാഷ്ട്രീയ, നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. റിയോ ദി ജനീറോ നഗരസഭയുടെ നാടകശാലയായിരുന്നു കൂടിക്കാഴ്ച്ചാ വേദി.

ശനിയാഴ്ച രാവിലെ സെന്‍റ് സെബാസ്ത്യന്‍ കത്തീഡ്രലിലെ ദിവ്യബലിയര്‍പ്പണത്തിനു ശേഷമാണ് പാപ്പ കത്തീഡ്രലില്‍ നിന്ന് 1 കിലോമീറ്റര്‍ ദൂരെയുള്ള നാടകശാലയിലേക്ക് യാത്രയായത്. തുറന്ന പേപ്പല്‍ ജീപ്പില്‍ യാത്രയാരംഭിച്ച മാര്‍പാപ്പയെ കാണാനും ആശംസകള്‍ നേരാനുമായി വന്‍ ജനാവലി വഴിയോരത്ത് തിങ്ങിക്കൂടിയിരുന്നു. ആര്‍പ്പുവിളിച്ചും ഹര്‍ഷാരവം മുഴക്കിയും അവര്‍ തങ്ങളുടെ ആനന്ദം പ്രകടമാക്കി. ജനങ്ങളുടെ ആനന്ദത്തില്‍ പങ്കുചേര്‍ന്ന് അവരെ ആശീര്‍വദിച്ചുകൊണ്ടാണ് പാപ്പ മുന്നോട്ടു നീങ്ങിയത്.
പ്രാദേശിക സമയം പതിനൊന്നര മണിയോടെ മാര്‍പാപ്പ നഗരസഭാ നാടകശാലയിലെത്തി.
ഒരു സംഗീതവിരുന്നോടെ സാംസ്ക്കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു. റിയോ ദി ജനീറോ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് തെംപസ്തയുടെ സ്വാഗത പ്രഭാഷണത്തിനു ശേഷം ബ്രസീലിന്‍റെ സാംസ്ക്കാരിക പ്രതിനിധിയായി വാള്‍മീര്‍ ജൂനിയര്‍ എന്ന യുവാവ് ആശംസാ സന്ദേശം നല്‍കി.
ചേരിയിലെ ഒരനാഥബാലനില്‍ നിന്ന് സര്‍കലാശാലാ വിദ്യാര്‍ത്ഥിയും സാമൂഹ്യപ്രവര്‍ത്തകനുമായി വളര്‍ന്ന വാള്‍മീര്‍ തന്‍റെ ജീവിത കഥ പാപ്പായോട് വിവരിച്ചു. ബ്രസീലിന്‍റെ സാമ്പത്തിക സാംസ്ക്കാരിക മണ്ഡലങ്ങളുടെ ആനുകാലിക അവസ്ഥയും സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളും, യുവത്വത്തിന്‍റെ വേദനകളും സ്വപ്നങ്ങളും പാപ്പായോട് പങ്കുവയ്ക്കാനും ഈ അവസരം വാള്‍മീര്‍ വിനിയോഗിച്ചു.

“സാമൂഹ്യഉത്തരവാദിത്വമുള്ളവര്‍ സത്യദര്‍ശികളുടെ പ്രശാന്തതയോടെ ഭാവിയെ വീക്ഷിക്കണമെന്ന” ബ്രസീലിയന്‍ ചിന്തകന്‍ അല്‍ചെയോ അമരോസോ ലിമയുടെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ പ്രഭാഷണം ആരംഭിച്ചത്. പ്രശാന്തവും വിവേകപൂര്‍ണ്ണവുമായ ഈ ദര്‍ശനം സ്വായത്തമാക്കാന്‍ അനിവാര്യമായ മൂന്ന് ഘടകങ്ങള്‍ പാപ്പ ബ്രസീലിയന്‍ സാംസ്ക്കാരിക ലോകത്തോട് പങ്കുവയ്ച്ചു.

1. സാംസ്ക്കാരിക പൈതൃകത്തിന്‍റെ മൗലികത, 2. ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടുത്തരവാദിത്വം 3. വര്‍ത്തമാനകാല വെല്ലുവിളികള്‍ നേരിടുന്നതിനായുള്ള ക്രിയാത്മക സംവാദം.
ബ്രസീലിയന്‍ സമൂഹത്തോട് മാര്‍പാപ്പ പങ്കുവയ്ച്ച ചിന്തകളുടെ സംഗ്രഹം ചുവടെ ചേര്‍ക്കുന്നു:

1. സാംസ്ക്കാരിക പൈതൃകത്തിന്‍റെ മൗലികത:വൈവിധ്യങ്ങള‍െ മനോഹരമായി ഉള്‍ച്ചേര്‍ക്കുന്ന സാംസ്ക്കാരിക പൈതൃകമാണ് ബ്രസീലിന്‍റേത്. പൊതുക്ഷേമത്തിന് അത്യന്താപേക്ഷിതമായ സമഗ്രമാനവ വികസനവും സമാഗമ സംസ്ക്കാരവും ഈ നാട്ടില്‍ വളര്‍ത്തുന്നതില്‍ കത്തോലിക്കാ സഭയും ചെറുതല്ലാത്ത സംഭാവന നല്‍കിയിട്ടുണ്ട്. വിശ്വാസവും യുക്തിയും സമന്വയിക്കുന്ന ജീവിതമേഖലകളാണ് കലയും, സാംസ്ക്കാരവും, ശാസ്ത്രവും, സാഹിത്യവുമെല്ലാം. അതിഭൗതികതയെ മനുഷ്യാവതാരവുമായി കൂട്ടിയിണക്കുന്ന ക്രിസ്തീയത, ജീവിതം പുനരുദ്ധരിക്കുകയും ചിന്തകളെ നവീകരിക്കുകയും ചെയ്യുന്നു. നിരാശയുടെ അന്ധകാരത്തില്‍ നിന്ന് മനുഷ്യമനസുകളെ പ്രത്യാശയുടെ പാതയിലേക്കതു നയിക്കും.
2. സാമൂഹ്യ ഉത്തരവാദിത്വം : സാമ്പത്തിക ഉച്ചനീചത്വവും ദാരിദ്ര്യവും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ മനുഷ്യകേന്ദ്രീകൃതമായ സാമ്പത്തിക നയങ്ങളും പൊതുജനപങ്കാളിത്തമുള്ള രാഷ്ട്രീയവും അനിവാര്യമാണ്. കൃത്യമായ ലക്ഷൃങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഭരണനേതൃത്വത്തിലിരിക്കുന്നവര്‍ വ്യക്തമായ മാര്‍ഗങ്ങള്‍ കണ്ടെത്തണം. തങ്ങളുടെ നല്ല പദ്ധതികളും ആശയങ്ങളും പരാജയപ്പെടുന്നതില്‍ നേതാക്കള്‍ ഭഗ്നാശരാകരുത്, ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ പ്രതീക്ഷ കൈവെടിയാതെ തങ്ങളുടെ കഴിവിനപ്പുറം പ്രയത്നിക്കാന്‍ അവന്‍ സന്നദ്ധരാകണം. നല്ലൊരു പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ എല്ലാ സാദ്ധ്യതകളെക്കുറിച്ചും ആരാഞ്ഞശേഷം പൊതുക്ഷേമത്തിന് അനുഗുണമായ രീതിയില്‍, സ്വന്തം ഉത്തരവാദിത്വത്തില്‍ അത് ആവിഷ്ക്കരിക്കുന്നതാണ് ഒരു നേതാവിന്‍റെ മിടുക്ക്. ഭാവി തലമുറകളുടെ ക്ഷേമത്തെക്കുറിച്ചു കൂടി വീക്ഷണമുള്ളവരായിരിക്കണം നേതാക്കള്‍. ഉത്തരവാദിത്വപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ ദൈവത്തിന്‍റെ ന്യായവിധിയ്ക്കു മുന്നിലാണ് സമര്‍പ്പിക്കുന്നത്.
3. വര്‍ത്തമാനകാല വെല്ലുവിളികള്‍ നേരിടുന്നതിനായുള്ള ക്രിയാത്മക സംവാദം: സ്വാര്‍ത്ഥപരമായ നിസംഗതയുടേയും അക്രമാസക്തമായ പ്രക്ഷോഭങ്ങളുടേയും ഇടയില്‍ എല്ലായ്പ്പോഴും സംവാദത്തിന്‍റെ ഒരു മധ്യമാര്‍ഗ്ഗമുണ്ട്. തലമുറകള്‍ തമ്മിലുള്ള സംവാദവും സമുദായങ്ങള്‍ തമ്മിലുള്ള സംവാദവും പരസ്പരം നല്‍കാനും സ്വീകരിക്കാനുമുള്ള മാനുഷിക കഴിവ്‍ വര്‍ദ്ധിപ്പിക്കുന്നു. വിവിധ സാമൂഹിക, സാംസ്ക്കാരിക, സാമുദായിക വിഭാഗങ്ങള്‍ തമ്മില്‍ ക്രിയാത്മകമായി സംവദിക്കുന്ന സമൂഹം അതിവേഗം പുരോഗതി പ്രാപിക്കും. ഇരുവിഭാഗവും മുന്‍വിധികള്‍ കൂടാതെ തുറന്ന മനസോടെ പങ്കുവയ്ക്കാന്‍ തയ്യാറാകുമ്പോഴാണ് സംവാദവും കൂടിയാലോചനകളും ക്രിയാത്മകമാകുന്നത്. സ്വയം എളിമപ്പെടുത്തിക്കൊണ്ട് അന്യരെ ശ്രവിക്കാന്‍ തയ്യാറാകുന്ന സാമൂഹ്യവിഭാഗങ്ങളുടെ മനോഭാവത്തെ ‘സാമൂഹ്യ വിനയം’ എന്നു വിശേഷിപ്പിക്കാം.
മതവിഭാഗങ്ങളുടെ സംഭാവനയും രാഷ്ട്ര വളര്‍ച്ചയില്‍ അനിഷേധ്യമാണ്. ഒരു രാഷ്ട്രം ഒരു മതത്തിന്‍റേയും വക്താവാകാതെ, മതേതര ഭരണസംവിധാനം കാത്തുസംരക്ഷിക്കുന്നതോടൊപ്പം രാഷ്ട്രത്തിലെ എല്ലാ മതസമുദായങ്ങളേയും ആദരിക്കുകയും അംഗീകരിക്കുകയും ജനങ്ങളുടെ മതാത്മക ജീവിതത്തിന് അനുകൂല സാഹചര്യം ഒരുക്കുകയും വേണം.

എവിടെ സ്നേഹമുണ്ടോ അവിടെ ദൈവമുണ്ട് എന്ന പ്രാര്‍ത്ഥനാ ഗീതത്തോടെയാണ് സാംസ്ക്കാരിക സമ്മേളനം സമാപിച്ചത്. സമാപന ഗീതത്തിനിടയില്‍ നൃത്തവ്യദ്യാര്‍ത്ഥികളായ നൂറോളം കൊച്ചുപെണ്‍കുട്ടികള്‍ വേദിയിലേക്കാഗതരായി. വേദിയെ വര്‍ണ്ണാഭമാക്കി തനിക്കു ചുറ്റുമിരുന്ന കുഞ്ഞുങ്ങള്‍ പാപ്പായെ സന്തോഷഭരിതനാക്കി, മുഖത്ത് പുഞ്ചിരി വിരിഞ്ഞു. കാലിനു സ്വാധീനമില്ലാത്ത ഒരു കുഞ്ഞ് പാപ്പയ്ക്കൊരു പൂച്ചെണ്ടും കൂടി സമ്മാനിച്ചപ്പോള്‍ വികാരനിര്‍ഭനായ പാപ്പായുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. സമ്മേളനത്തിനുശേഷം ഏതാനും ഗോത്രനേതാക്കളും ഇതര മതനേതാക്കളും സാംസ്ക്കാരിക രാഷ്ട്രീയ പ്രതിനിധികളും വേദിയിലെത്തി മാര്‍പാപ്പയ്ക്ക് വ്യക്തിപരമായി ആശംസകളര്‍പ്പിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.