2013-07-29 18:29:04

വിശ്വാസതീരം, കോപാകബാന


28 ജൂലൈ 2013, റിയോ ദി ജനീറോ
വിശ്വവിഖ്യാതമായ കോപാകബാന കടല്‍ത്തീരം വിശ്വാസതീരമായി മാറുന്ന കാഴ്ച്ചയാണ് ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ലോകം കണ്ടത്. ആഗോള യുവജനസംഗമത്തിന്‍റെ സമാപന പരിപാടികളായ ശനിയാഴ്ച വൈകുന്നേരത്തെ ജാഗര പ്രാര്‍ത്ഥനയ്ക്കും ഞായറാഴ്ച രാവിലെത്തെ സമാപന ദിവ്യബലിയ്ക്കും വേദിയാകേണ്ടിയിരുന്നത് ഗ്വരാത്തിബായിലെ ‘വിശ്വാസത്തിന്‍റെ മൈതാനം’ എന്നര്‍ത്ഥമുള്ള ‘ഫീദെയി’ മൈതാനമായിരുന്നു. കനത്തമഴ മൂലം ഈ മൈതാനത്ത് വെള്ളം കയറിയതിനാല്‍ സമാപന പരിപാടികളെല്ലാം കോപാകബാന തീരത്തേക്കു മാറ്റി.

പ്രാദേശിക സമയം വൈകീട്ട് ആറേകാല്‍ മണിക്ക് അതായത്, ഇന്ത്യന്‍ സമയം 28ാം തിയതി ഞായറാഴ്ച പുലര്‍ച്ചേ മൂന്ന് മണിയോടെ കോപാകബാന തീരത്തേക്ക് പാപ്പ യാത്ര ആരംഭിക്കുമ്പോഴേക്കും, മൈതാനം ഒരു യുവജനസാഗരമായിമാറിയിരുന്നു. യുവജനങ്ങള്‍ മാത്രമല്ല മുതിര്‍ന്നവരും വയോധികരും ആ ജനസഞ്ചയത്തിന്‍റെ ആവേശത്തില്‍ ഭാഗമായി. തീരത്തിന്‍റെ ഒരറ്റത്തു നിന്ന് മറ്റേഅറ്റം വരെ തുറന്ന പേപ്പല്‍ വാഹനത്തില്‍ സഞ്ചരിച്ച മാര്‍പാപ്പ ജനസഞ്ചയത്തെ ആനന്ദസാഗരത്തിലാറാടിച്ചു. ഹര്‍ഷാരവങ്ങളും, ആര്‍പ്പുവിളികളും, ആനന്ദക്കണ്ണീരും, നൃത്തവും സംഗീതവുമൊക്കയായി ഒരു ഉത്സവപ്രതീതിയിലാണ് ജനം പാപ്പായെ വരവേറ്റത്. പതിവുപോലെ അനേകം കുഞ്ഞുങ്ങള്‍ക്ക് മാര്‍പാപ്പയുടെ ചുംബനവും ലഭിച്ചു.

അതിമനോഹരമായ ദൃശ്യസംഗീത വിരുന്നോടെ സംഗീത സായാഹ്നത്തിനു തുടക്കമായി. വി.ഫ്രാന്‍സിസിന്‍റെ ദൈവവിളി ആസ്പദമാക്കി ദൃശ്യവിരുന്നൊരുക്കിയ യുവജനം മരപ്പലകകള്‍ കൊണ്ട് പ്രതീകാത്മമായി ഒരു ദേവാലയവും വേദിയില്‍ നിര്‍മ്മിച്ചു. മനസലിയിക്കുന്ന ജീവിതസാക്ഷൃങ്ങളുമായി അഞ്ച് യുവപ്രതിനിധികളും വേദിയിലെത്തി.

യുവജനങ്ങളോട് സംവദിച്ച മാര്‍പാപ്പ സ്പാനിഷ് ഭാഷയിലാണ് മുഖ്യമായും സംസാരിച്ചത്. യുവജനങ്ങളോട് ചോദ്യങ്ങള്‍ ചോദിച്ചും അവര്‍ക്ക് പ്രോത്സാഹനം പകര്‍ന്നും പാപ്പ അവരെ ആവേശഭരിതരാക്കി.

“വിശ്വാസത്തിന്‍റെ മൈതാനമാണ് നിങ്ങള്‍. ക്രിസ്തുവിന്‍റെ കായികതാരങ്ങള്‍”....കൂടുതല്‍ മനോഹരമായ ഒരു സഭയും മെച്ചപ്പെട്ട ഒരു ലോകവും നിര്‍മ്മിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍. പ്രിയ യുവജനങ്ങളേ ക്രിസ്തുവിനെ നിങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിക്കുവിന്‍. ക്രിസ്തുവിന്‍റെ വചനം നിങ്ങളുടെ ഉള്ളില്‍ വിതയ്ക്കപ്പെടാനും അതു വളര്‍ന്ന് വലുതായി ഫലമേകാനും അനുവദിക്കുവിന്‍. എങ്ങനെയുള്ള നിലമായിരിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? നല്ല നിലമായിരിക്കണം അല്ലേ? ക്രിസ്തീയ ജീവിതം ഒരു പാര്‍ട്ട് ടൈം പണിയല്ല. നിങ്ങള്‍ യഥാര്‍ത്ഥ ക്രിസ്ത്യാനികളായി നിര്‍ഭയം ജീവിക്കണം. ക്ഷണിക സുഖത്തിന്‍റെ ആകര്‍ഷണവലയത്തില്‍പ്പെട്ടു പോകാതെ, ഉന്നത ലക്ഷൃങ്ങള്‍ക്കുവേണ്ടി ജീവിക്കുമ്പോള്‍ നിങ്ങളുടെ ജീവിതം അര്‍ത്ഥ സമ്പൂര്‍ണ്ണമായിത്തീരം.
തന്‍റെ ടീമില്‍ ഒരു സ്ഥിരാംഗമായി കളിക്കാന്‍ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. സ്ഥിരം കളിക്കുന്നവര്‍ക്ക് നിരന്തരമായ പരിശീലനവും വേണ്ടതല്ലേ? ക്രിസ്തുവിന്‍റെ അരുമ ശിഷ്യരാകാന്‍ നാമും അതുപോലെ നിരന്തരം പരിശീലിക്കണം. ലോകകപ്പിനേക്കാള്‍ വലിയ സമ്മാനമാണ് യേശു നമുക്കായി കാത്തുവച്ചിരിക്കുന്നത്, നിത്യ ജീവന്‍. ആ സമ്മാനം നേടാന്‍ നമുക്കൊരുങ്ങാം. അതിനായി, നാം പ്രാര്‍ത്ഥനയിലൂടെ യേശുവിനോട് നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും, കൂദാശകള്‍ മുഖാന്തരം ക്രിസ്തീയ ജീവിതത്തില്‍ വളരുകയും, സഹോദര സ്നേഹത്തിലൂടെ ക്രിസ്തു സ്നേഹത്തിനു സാക്ഷൃമേകുകയും വേണം.
ദൈവ വചനം സ്വീകരിക്കുന്ന നല്ല നിലമായി നമ്മുടെ ഹൃദയങ്ങള്‍ മാറുമ്പോള്‍ നമ്മുടെ ജീവിതങ്ങള്‍ ദൈവവചനത്തിലധിഷ്ഠിതമാകും. ഈ മാര്‍ഗത്തിലൂടെ ചരിക്കുമ്പോള്‍ പ്രതിസന്ധികളേറെയുണ്ടാകും, പക്ഷെ അവിടേയും നാം ഒറ്റയ്ക്കായിരിക്കില്ല. നമ്മോടൊത്ത് സഞ്ചരിക്കുന്ന വലിയൊരു കുടുംബമുണ്ട്, കത്തോലിക്കാ സഭ. ക്രിസ്തുവിന്‍റെ സഭയുടെ സജീവ ശിലകളാണ് നാമോരോരുത്തരും. തന്‍റെ ദേവാലയം പണിയാന്‍ യേശു നമ്മോടാവശ്യപ്പെടുന്നു. ഒരു ചെറിയ ദേവാലയമല്ല അവിടുന്ന് ഉദേശിക്കുന്നത്, മാനവകുടുംബത്തെ ഒന്നാകെ ആശ്ലേഷിക്കാന്‍ തക്കവിധം വിസ്തൃതമായ വലിയൊരു ദേവാലയമാണ് നാം നിര്‍മ്മിക്കേണ്ടത്. “ലോകമെങ്ങും പോയി സകലജനതകളേയും ശിഷ്യപ്പെടുത്തുവിന്‍” എന്നാണല്ലോ യേശു കല്‍പ്പിച്ചിരിക്കുന്നത്.
എവിടെ നിന്നാണ് നാം ആരംഭിക്കേണ്ടത്? മദര്‍ തെരേസ ഒരിക്കല്‍ പറഞ്ഞതുപോലെ “ഞാനും നീയും മാറുമ്പോഴാണ് ലോകത്തിന്‍റെ മാറ്റം ആരംഭിക്കുക”..... (ഫ്രാന്‍സിസ് മാര്‍പാപ്പ കോപാകബാന തീരത്തെ ജാഗര പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ നല്‍കിയ വചന സന്ദേശത്തിന്‍റെ സംഗ്രഹം.)

യഥാര്‍ത്ഥ ക്രിസ്തു ശിഷ്യരുടെ അടിസ്ഥാന ശിലകളായ പ്രാര്‍ത്ഥന, കൂദാശകള്‍, ജീവകാരുണ്യ പ്രവര്‍ത്തികള്‍ എന്നീ മൂന്ന് മാര്‍ഗ്ഗങ്ങളെക്കുറിച്ച് യുവജനങ്ങളെക്കൊണ്ട് പാപ്പ ആവര്‍ത്തിപ്പിച്ചു.

20 ലക്ഷത്തോളം വരുന്ന ആ ജനസാഗരത്തിന്‍റെ ആവേശത്തേക്കാള്‍ അമ്പരപ്പിക്കുന്നതായിരുന്നു ദിവ്യകാരുണ്യനാഥന്‍റെ സന്നിദ്ധിയില്‍ അവരുടെ നിശബ്ദതത. തിരകള്‍പോലും മൗനം പൂണ്ട ആ ഭക്തിനിര്‍ഭരമായ അന്തരീക്ഷം യുവജനമാമാങ്കത്തിലെ അവിസ്മരണീയാനുഭവങ്ങളിലൊന്നായി മാറി. ആരവങ്ങളൊഴിഞ്ഞ കടല്‍ക്കരയില്‍ നിന്നും പാപ്പ വിടപറയുമ്പോഴും യേശുവിനോടൊത്ത് പ്രാര്‍ത്ഥനയിലായിരുന്നു ജനസാഗരം.


വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.