2013-07-29 18:24:10

ക്ഷീണത്തേക്കാള്‍ കൂടുതല്‍ സന്തോഷം: പാപ്പ ഫ്രാന്‍സിസ്


29 ജൂലൈ 2013, വത്തിക്കാന്‍
ഒരാഴ്ച്ച നീണ്ട യാത്രയുടെ ക്ഷീണത്തേക്കാള്‍ തികഞ്ഞ ആനന്ദമാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജൂലൈ 22 മുതല്‍ 28വരെ നടത്തിയ ബ്രസീല്‍ സന്ദര്‍ശനത്തിനു ശേഷം 29ന് ഉച്ചയോടെ വത്തിക്കാനില്‍ മടങ്ങിയെത്തിയ മാര്‍പാപ്പ തിങ്കളാഴ്ച നല്കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് ബ്രസീല്‍ സന്ദര്‍ശനം തനിക്കേറെ സന്തോഷം നല്‍കിയെന്ന് വെളിപ്പെടുത്തിയത്. “ഞാനിതാ വീട്ടില്‍ തിരിച്ചത്തിക്കഴിഞ്ഞു. ക്ഷീണത്തേക്കാള്‍ കൂടുതല്‍ സന്തോഷമാണ് എനിക്ക് അനുഭവപ്പെടുന്നതെന്ന് ഉറപ്പ്!”, @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ പാപ്പ ട്വീറ്റ് ചെയ്തു.

ജൂലൈ 23 മുതല്‍ 28 വരെ ബ്രസീലിലെ റിയോ ദി ജനീറോയില്‍ നടന്ന ലോകയുവജന സംഗമത്തില്‍ പങ്കെടുക്കാനാണ് ജൂലൈ 22ന് ഫ്രാന്‍സിസ് പാപ്പ ബ്രസീലിലെത്തിയത്. ലോകയുവജന സംഗമത്തിലെ പരിപാടികള്‍ക്കു പുറമേ അപ്പരെസിദയിലേക്കുള്ള തീര്‍ത്ഥാടനവും, സെന്‍റ് ഫ്രാന്‍സിസ് ആശുപത്രിയിലെ ലഹരിവിമുക്ത കേന്ദ്ര സന്ദര്‍ശനവും, വര്‍ജിഞ്യ ചേരിപ്രദേശത്തെ ജനങ്ങളുമായുള്ള സ്നേഹസംവാദവും പേപ്പല്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായിരുന്നു. സംഭവ ബഹുലമായ പരിപാടികള്‍ക്കിടയില്‍ വിശ്രമിക്കാന്‍ ലഭിച്ച ചെറിയ ഇടവേളകള്‍ പോലും ആളുകളെ കാണാനും കൂടിക്കാഴ്ച്ചകള്‍ നടത്താനും വിനിയോഗിച്ച മാര്‍പാപ്പയ്ക്ക് തീരെ വിശ്രമമുണ്ടായിരുന്നില്ലെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ റിയോയില്‍ നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. വറ്റാത്ത ഒരു ഊര്‍ജ്ജസ്രോതസ്സുപോലെ എല്ലാവര്‍ക്കും സന്തോഷം പകര്‍ന്ന് ചുറ്റിസഞ്ചരിച്ച പാപ്പായുടെ ഊര്‍ജ്ജസ്വലത തന്നെ അമ്പരപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.