2013-07-29 18:24:43

2016ല്‍ വീണ്ടും കാണാം ക്രാക്കോവില്‍,


29 ജൂലൈ 2013, ക്രാക്കോവ്
ആഗോളയുവജനസംഗമത്തിന്‍റെ അടുത്ത വേദിയായി പോളണ്ടിനെ തിരഞ്ഞെടുത്തത് പോളണ്ടിനുള്ള ആദരവും അംഗീകാരവുമെന്ന് ക്രാക്കോവ് അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദിനാള്‍ സ്റ്റാനിസ്ലാവ് ഡിസിവിസ്. ജൂലൈ 28ന് റിയോ ദി ജനീറോ ആഗോളയുവജന സംഗമത്തിന്‍റെ സമാപന ദിവ്യബലിയിലാണ് 2016ല്‍ നടക്കുന്ന അടുത്ത ആഗോളയുവജന സംഗമത്തിന്‍റെ വേദി പോളണ്ടിലെ ക്രക്കോവ് നഗരമാണെന്ന് ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചത്. പോളണ്ടിനോടുള്ള ആദരവും, അതോടൊപ്പം തങ്ങളുടെ രാജ്യത്തിന് നല്‍കപ്പെട്ടിരിക്കുന്ന വലിയൊരു ഉത്തരവാദിത്വവുമാണിതെന്ന് ആര്‍ച്ചുബിഷപ്പ് ഡിസിവിസ് പ്രസ്താവിച്ചു. പോളണ്ടിലെ സഭയുടേയും സര്‍ക്കാരിന്‍റേയും ക്ഷണം പാപ്പ സ്വീകരിച്ചതില്‍ അതിയായ സന്തോഷമുണ്ട്. പോളണ്ട് കത്തോലിക്കാ വിശ്വാസം ആശ്ലേഷിച്ചതിന്‍റെ 1050ാം വാര്‍ഷികം കൂടിയാണ് 2016. ആഗോളയുവജന സംഗമത്തിന്‍റെ ഉപജ്ഞാതാവായ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രിയപ്പെട്ട ക്രക്കോവ് അതിരൂപത തുറന്ന ഹൃദയത്തോടെ ലോകയുവത്വത്തെ സ്വീകരിക്കുമെന്നും കര്‍ദിനാള്‍ ഡിസിവിസ് പറഞ്ഞു.
*ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു കര്‍ദിനാള്‍ സ്റ്റാനിസ്ലാവ് ഡിസിവിസ്

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.