2013-07-27 20:05:32

നിസ്തുല സ്നേഹപ്രതീകമാണ്
ക്രിസ്തുവിന്‍റെ കുരിശ്


27 ജൂലൈ 2013, കോപ്പാകബാനാ
ലോക യുവജന സംഗമത്തിലെ ആത്മീയാനുഭൂതിയുടെ ഏറെ തീക്ഷ്ണമായ നിമിഷങ്ങളായിരുന്നു കോപ്പാകബാനാ തീരത്തെ കുരിശിന്‍റെവഴി. ക്രിസ്തുവിന്‍റെ ശോകപൂര്‍ണ്ണവും സ്നേഹാര്‍ദ്രവുമായ കുരിശുയാത്രയുടെ ധ്യാനാത്മകമായ തനിയാവര്‍ത്തനമാണ് നാം പങ്കെടുത്ത കുരിശിന്‍റെവഴി. 2000-ാമാണ്ട് ജൂബിലി വര്‍ഷത്തിന്‍റെ സമാപനത്തില്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ക്രിസ്തുവിന്‍റെ കുരിശു യുവജനങ്ങളെ പ്രതീകാത്മകമായി ഭരമേല്‍പ്പിച്ചത്. മനുഷ്യകുലത്തോട് ക്രിസ്തുവിനുള്ള നിസ്തുല സ്നേഹത്തിന്‍റെ പ്രതീകമാണീ കുരിശ്. ക്രിസ്തുവിന്‍റെ കുരിശിലും പുനരുത്ഥാനത്തിലുമാണ് രക്ഷയും മോചനവും അടങ്ങിയിരിക്കുന്നതെന്ന് സകലരെയും അറിയിക്കുന്നതിന് അതു ലോകമെങ്ങും യുവജനങ്ങള്‍ വഹിച്ചുകൊണ്ട് സാക്ഷൃമേകണമെന്നും പാപ്പാ ആഗ്രഹിച്ചു (Address to Young People, 22 April 1984). അന്നു മുതല്‍ ലോക യുവജനസംഗമത്തിന്‍റെ മരക്കുരിശ് എല്ലാ ഭൂഖണ്ഡങ്ങളിലൂടെയും മനുഷ്യന്‍റെ വൈവിധ്യമാര്‍ന്ന ജീവിത പരിസരങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്. ഈ മരക്കുരിശ് കാണുകയും, അതു വഹിക്കുകയും ചെയ്തിട്ടുള്ള നിരവധി യുവജനങ്ങളുടെ ജീവിതാന്തരാളത്തിലേയ്ക്ക് അത് ‘ചൂഴ്ന്നിറങ്ങുകയും’ അതവരില്‍ പരിവര്‍ത്തനങ്ങള്‍ ഉളവാക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ കുരിശ് വിശ്വാസപൂര്‍വ്വം സ്പര്‍ശിക്കുകയും വഹിക്കുകയും ചെയ്യുന്ന ആര്‍ക്കും തന്‍റേതായ ചിലതെല്ലാം ഉപേക്ഷിക്കാതിരിക്കാനും, കുരിശില്‍നിന്ന് ചിലതെങ്കിലും സ്വീകരിക്കാതിരിക്കാനും സാദ്ധ്യമല്ല.

കുരിശിന്‍റെ വഴിയിലൂടെ എന്നും ചരിക്കേണ്ട നിങ്ങളുടെ ഹൃദയങ്ങളെ മൂന്നു ചോദ്യങ്ങള്‍ ഉച്ചലിപ്പിക്കട്ടെ, അവ നിങ്ങളുടെ ഹൃദയത്തില്‍ നിറഞ്ഞുനില്ക്കട്ടെ. (കഴിഞ്ഞ രണ്ടു വര്‍ഷമായി യുവജനസംഗമ കുരിശ് ബ്രസീലിലൂടെ സഞ്ചരിച്ചപ്പോള്‍,) 1. നിങ്ങള്‍ ക്രിസ്തുവിന്‍റെ കുരിശില്‍ നിക്ഷേപിച്ചത് എന്താണ്? രണ്ടാമതായി, 2. എന്താണ് ക്രിസ്തുവിന്‍റെ കുരിശില്‍നിന്നും നിങ്ങള്‍ക്കു ലഭിച്ചത്? മൂന്നാമതായി, 3. കുരിശു എന്താണ് നമ്മെ പഠിപ്പിക്കുന്നത്?

1.പുരാതന റോമന്‍ പാരമ്പര്യത്തില്‍ ഒരു കഥയുണ്ട്. നീറോ ചക്രവര്‍ത്തിയുടെ കാലത്ത് റോമില്‍ മതപീഡനം പെരുകിയപ്പോള്‍, പത്രോസ്ലീഹാ റോമാ നഗരം വിട്ട് ഒളിച്ചോടി പോവുകയായിരുന്നു. നഗരകവാടത്തിലെത്തിയപ്പോള്‍ ക്രിസ്തു എതിരെ വരുന്നതു കണ്ടു. പത്രോസിന് പരിഭ്രാന്തിയായി. ക്രിസ്തു എന്തെങ്കിലും തന്നോടു ചോദിക്കുന്നതിനു മുന്‍പേ, ശ്ലീഹാ ബുദ്ധിപൂര്‍വ്വം അങ്ങോട്ടൊരു ചോദ്യം തൊടുത്തുവിട്ടു, “Quo vadis, Domine? കര്‍ത്താവേ, അങ്ങ് എങ്ങോട്ടാണ് പോകുന്നത്?”
അപ്പോള്‍ ക്രിസ്തു പറഞ്ഞു,
“പത്രോസേ, ഞാന്‍ റോമിലേയ്ക്കാണ്. ഒരിക്കല്‍ക്കൂടി ക്രൂശിക്കപ്പെടാന്‍ ഞാന്‍ റോമിലേയ്ക്ക് പോവുകയാണ്.”

നിമിഷംകൊണ്ട് പത്രോസിനു കാര്യം പിടികിട്ടി. റോലേയ്ക്ക് താന്‍ തിരിച്ചുപോകണമെന്നും, മരണംവരെ ധൈര്യപൂര്‍വ്വം കര്‍ത്താവിനെ പിന്‍തുടരണമെന്നും അപ്പസ്തോല പ്രമുഖനു ബോധ്യമായി. മാത്രമല്ല, ഈ യാത്രയില്‍ താന്‍ ഒറ്റക്കല്ലെന്നും, എപ്പോഴും ക്രിസ്തു തന്‍റെ ചാരത്തുണ്ടെന്നും അന്ന് പത്രോസിനു മനസ്സിലായി. കുരിശു മരണത്തോളം ലോകത്തെ സ്നേഹിച്ച ക്രിസ്തു തന്‍റെ കൂടെയുണ്ടെന്ന് പത്രോസിന് ഉറപ്പായി. കുരിശുമായി ചാരത്തണയുന്ന ക്രിസ്തു, നമ്മുടെ ഭീതിയും ജീവിതപ്രശ്നങ്ങളും,
ഏറെ ആഴമാര്‍ന്നതും വേദനാജനകവുമായ പ്രയാസങ്ങളും
സ്വയം ഏറ്റെടുക്കുന്നു. അധിക്രമങ്ങള്‍ക്ക് ഇരയായവരുടെ ജീവിത നിശ്ശബ്ദതയിലേയ്ക്ക് ക്രിസ്തു തന്‍റെ കുരിശുമായി കടന്നു ചെല്ലുന്നുണ്ട് – വിശിഷ്യാ ഇനിയും കരയാനാവാത്ത ചൂഷിതരായ നിര്‍ദ്ദോഷികളിലേയ്ക്കും, പ്രതിരോധശേഷി ഇല്ലാത്ത പാവങ്ങളിലേയ്ക്കും, പ്രതിസന്ധികളില്‍പ്പെട്ട് തകര്‍ന്ന കുടുംബങ്ങളിലേയ്ക്കും, മക്കള്‍ നഷ്ടമായവരുടെ പക്കലേയ്ക്കും; അല്ലെങ്കില്‍ മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും മിഥ്യയായ സുഖജീവിതത്തിന് കീഴ്പ്പെട്ടുപോയവരിലേയ്ക്കും ക്രിസ്തു കുരിശുമായി ചെല്ലുന്നുണ്ട്.

ഭക്ഷൃവസ്തുക്കള്‍ ധാരാളമായി പാഴാക്കിക്കളയുന്ന ലോകത്ത് വിശപ്പും ദാഹവും അനുഭവിക്കുന്ന പാവങ്ങളോട് കുരിശില്‍ കിടക്കുന്ന ക്രിസ്തു തന്നെത്തന്നെ സാരൂപ്യപ്പെടുത്തുന്നുണ്ട്. വിശ്വാസത്തെപ്രതി പീഡിതരായവരുടെ പക്കലേയ്ക്കും, ജാതിയുടെയും നിറത്തിന്‍റെയും പേരില്‍ വിവേചിക്കപ്പെടുകയും പുറംതള്ളപ്പെടുകയും ചെയ്യുന്നവരെ കുരിശിലെ ക്രിസ്തു ഉറ്റുനോക്കുന്നുണ്ട്. സ്വാര്‍ത്ഥതയുടെയും അഴിമതിയുടെയും സമൂഹ്യ രാഷ്ട്രീയ സംവിധാനങ്ങളില്‍ കുടുങ്ങി തങ്ങളുടെ വിശ്വാസം നഷ്ടമായവരുടെ പക്കലേയ്ക്കും, സഭാമക്കളുടെയോ സഭാദ്ധ്യക്ഷന്മാരുടെയോ വിപരീതസാക്ഷൃംവഴി സഭയിലും ദൈവത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട യുവജനങ്ങളിലേയ്ക്കും ക്രൂശിതനായ ക്രിസ്തുവിന്‍റെ കരുണാര്‍ദ്രമായ സ്നേഹം വഴിഞ്ഞൊഴുകുന്നുണ്ട്. നമ്മുടെയും മനുഷ്യകുലത്തിന്‍റെ മുഴുവന്‍ യാതനകളും പാപങ്ങളും ക്രിസ്തുവിന്‍റെ കുരിശ് പേറുന്നുണ്ട്. കുരിശില്‍ വിരിച്ചുപിടിച്ച കരങ്ങളും വിരിമാറുമായി എല്ലാം തന്നില്‍ ഉള്‍ക്കൊള്ളുന്ന ക്രിസ്തു നിങ്ങളോടും എന്നോടും ‘ധൈര്യമായിരിക്കുവാന്‍’ ആഹ്വാനംചെയ്യുന്നു.

ജീവതയാത്രയിലെ കുരിശുകള്‍ നാം ഒറ്റയ്ക്കല്ല വഹിക്കുന്നത്, ക്രിസതു നമ്മോടു കൂടെയുണ്ട്. ‘മരണത്തെ വെന്ന ക്രിസ്തു നമുക്ക് ജീവന്‍റെ പ്രത്യാശ പകരുവാനും, രക്ഷപ്രദാനംചെയ്യുവാനുമാണ് വന്നത്’ (യോഹ. 3, 16).


2. കുരിശിനെ നോക്കുകയും അതിനെ സ്പര്‍ശിക്കുകയും ചെയ്തവര്‍ക്ക് എന്താണ് കുരിശു നല്കുന്നത്? ക്രിസ്തുവിന്‍റെ കുരിശ് എന്തു മാറ്റമാണ് എന്നില്‍ സൃഷ്ടിക്കുന്നത്?
മറ്റാര്‍ക്കും നല്കാനാവാത്ത സമ്പത്താണ് ക്രിസ്തുവിന്‍റെ കുരിശ് തരുന്നത് : നമ്മോടു ദൈവത്തിനുള്ള അചഞ്ചലമായ സ്നേഹത്തിന്‍റെ നിത്യസ്മാരകവും ചിഹ്നവുമാണ് ക്രിസ്തുവിന്‍റെ കുരിശ്. കുരിശിലെ സ്നേഹം, അതത്ര വ്യാപ്തമാകയാല്‍ എവിടെയും മനുഷ്യന്‍റെ പാപാവസ്ഥയിലേയ്ക്ക് കടന്നുവന്ന് മാപ്പുനല്കുന്നു. നമ്മുടെ വേദനകളില്‍ സഹനശക്തി തരുന്നു. പാപത്തിന്‍റെ മരണ ഗര്‍ത്തങ്ങളിലേയ്ക്ക് ക്രിസ്തു കടന്നുവന്ന് അതിനെ കീഴ്പ്പെടുത്തി, നമുക്ക് രക്ഷ പ്രദാനംചെയ്യുന്നു. ക്രിസ്തുവിന്‍റെ കുരിശ് ദൈവസ്നേഹത്തിന്‍റെ പൂര്‍ണ്ണതയും അവിടുത്തെ കാരുണ്യാതിരേകത്തിന്‍റെ അളവറ്റ സ്രോതസ്സുമാണ്. നമുക്ക് വിശ്വസിക്കാവുന്നതും വിശ്വാസം അര്‍പ്പിക്കാവുന്നതുമായ സ്നേഹപ്രദീപമാണ് ക്രിസ്തുവിന്‍റെ കുരിശ്.

പ്രിയ യുവസുഹൃത്തുക്കളേ, നമ്മെത്തന്നെ ക്രിസ്തുവിനു സമര്‍പ്പിക്കാം, പൂര്‍ണ്ണമായും അവിടുത്തേയ്ക്കു നല്കാം (Lumen Fidei, 16).
കുരിശില്‍ മരിച്ച് ഉത്ഥാനംചെയ്ത ക്രിസ്തുവില്‍ മാത്രമേ, നമുക്ക് രക്ഷയും മോചനവും കണ്ടെത്താനാവൂ. അവിടുത്തോടുകൂടെ ആയിരിക്കുമ്പോള്‍ തിന്മയോ പീഡനങ്ങളോ,മരണമോ നമ്മെ ഏശുകയില്ല, കാരണം അവിടുന്നാണ് ജീവന്‍റെ പ്രത്യാശ! പകയുടെയും പരാജയത്തിന്‍റെയും മരണത്തിന്‍റെയും ചിഹ്നമായിരുന്ന കുരിശിനെ ജീവന്‍റെ പ്രത്യാശയും, സ്നേഹത്തിന്‍റെ പ്രതീകവുമാക്കി മാറ്റിയത് ക്രിസ്തുവാണ്.

ബ്രസീലിന് ആദ്യം നല്കപ്പെട്ട പേര്, Terra de Santa Cruz, ‘കുരിശിന്‍റെ നാട്’ എന്നായിരുന്നു. അഞ്ചു നൂറ്റാണ്ടു മുന്‍പ് ഈ രാജ്യത്തിന്‍റെ തീരത്തു മാത്രമല്ല, ചരിത്രത്തിലും, ബ്രസീലിലെ ജനങ്ങളുടെ ഹൃദയങ്ങളിലും ജീവിതങ്ങളിലും മാത്രമല്ല, എവിടെയും ക്രിസ്തുവിന്‍റെ കുരിശ് നാട്ടപ്പെട്ടിരുന്നു.
ജീവിതാന്ത്യത്തോളം കുരിശ് എന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരിക്കുന്നതുപോലെ, പീഡിതനായ ക്രിസ്തു ഇന്ന് ഈ നാടിന്‍റെയും ഭാഗധേയമാണ്. ചെറുതും വലുതുമായ നമ്മുടെ എല്ലാ ജീവിതക്കുരിശുകളിലും ക്രിസ്തു പീഡിപ്പിക്കുന്നുണ്ട്.

3. മറ്റുള്ളവരോട്, വിശിഷ്യാ വേദനിക്കുന്നവരോടും സഹായം അര്‍ഹിക്കുന്നവരോടും കരുണയും വാത്സല്യവും കാട്ടാന്‍, തന്‍റെ കുരിശിലൂടെ ക്രിസ്തു നമ്മോട് ആഹ്വാനംചെയ്യുന്നു. നല്ലൊരു വാക്കിനോ പ്രവൃത്തിക്കോവേണ്ടി കാത്തിരിക്കുന്നവരുടെ പക്കലേയ്ക്ക് ഇറങ്ങിച്ചെന്ന് അവരെ കൈപിടിച്ചുയര്‍ത്താന്‍ ക്രിസ്തുവിന്‍റെ സ്നേഹം നമ്മെ ഉത്തേജിപ്പിക്കുകയും, അവിടുത്തെ കുരിശ് നമ്മെ ഉച്ചലിപ്പിക്കുകയും ചെയ്യട്ടെ.

കുരിശുയാത്രയില്‍ ക്രിസ്തുവിന്‍റെ കൂടെയുണ്ടായിരുന്നത് പീലാത്തോസെന്ന റോമന്‍ ഗവര്‍ണ്ണറും, സൈറീന്‍കാരനായ ശിമയോനും, മറിയവും, ഏതാനും സ്ത്രീകളുമാണ്.
ചിലപ്പോള്‍ നമ്മള്‍ പീലാത്തോസിനെപോലെ, ഒഴുക്കിനെതിരെ നീന്താനാവാതെ, കൈകഴുകുന്നവരാണ്. എന്നാല്‍ നമുക്ക് സൈറീന്‍കാരന്‍ ശിമയോനെപ്പോലെ ജീവിതയാതനയുടെ കുരിശു വഹിക്കാന്‍ കെല്പില്ലാത്ത മനുഷ്യരെ തുണയ്ക്കുന്നവരാകാം. ക്രിസ്തുവിന്‍റെ കുരിശുയാത്രയുടെ അവസാനം കാല്‍വരിവരെ സ്നേഹത്തോടും വാത്സല്യത്തോടുംകൂടെ അനുയാത്രചെയ്ത മറിയത്തെയും മറ്റു സ്ത്രീകളെയും നമുക്ക് അനുകരിക്കാം. ക്രിസ്തുവിനെ അനുഗമിക്കുന്നതില്‍ നാം ഒരിക്കലും ഭീരുക്കളാകരുത്. നമ്മോടു തന്നെ, ചോദിക്കുക,
ഞാന്‍ ആരെപ്പോലെയാണ്? പീലാത്തോസിനെപ്പോലെയോ, സൈറീന്‍കാരന്‍ ശിമയോനെപ്പോലെയോ, അമ്മയായ മറിയത്തെപ്പോലെയോ...!?

നമ്മുടെ ജീവിതത്തിലെ സന്തോഷവും സഹനവും പരാജയവും ഒക്കെ ക്രിസ്തുവിന്‍റെ കുരിശില്‍ സമര്‍പ്പിക്കാം. മനുഷ്യരെ മനസ്സിലാക്കുകയും, അവരോടു ക്ഷമിക്കുകയും, അവരെ, ശത്രുവിനെയും സ്നേഹിക്കുന്നതാണ് ക്രിസ്തുവിന്‍റെ കുരിശിലെ സ്നേഹം. ആ സ്നേഹം നമ്മുടെ ജീവിതങ്ങളില്‍ പകര്‍ത്തിക്കൊണ്ട് സഹോദരങ്ങളെ സ്നേഹിക്കുവാനും തുണയ്ക്കുവാനും നമുക്കേവര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.
Translated : nellikal, vatican Radio








All the contents on this site are copyrighted ©.