2013-07-27 19:33:13

ത്രികാലപ്രാര്‍ത്ഥന വിശ്വാസത്തിന്‍റെ
ജനകീയാവിഷ്ക്കാരമെന്ന് പാപ്പാ


27 ജൂലൈ 2013, റിയോ
ജൂലൈ 26-ാം തിയതി ബ്രസീലിലേയ്ക്കുള്ള തന്‍റെ പ്രഥമ അപ്പസ്തോലിക യാത്രയുടെ
5-ാം ദിവസം വിശുദ്ധരായ ജൊവാക്കിമിന്‍റെയും അന്നയുടെയും തിരുനാള്‍ ദിനത്തില്‍ റിയോ മെത്രാസന മന്ദിരത്തിന്‍റെ മട്ടുപ്പാവില്‍നിന്നും നല്കിയ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം.

എന്നെ ഇവിടെ റിയോയില്‍, വിശുദ്ധ സെബസ്ത്യനോസിന്‍റെ നഗരത്തിലെത്തിച്ച ദൈവപരിപാലനയ്ക്ക് നന്ദി. പത്രോസിന്‍റെ പിന്‍ഗാമിയെ ഹൃദ്യമായി സ്വീകരിച്ച നിങ്ങളുടെ മെത്രാപ്പോലീത്ത, ഒറാനി ടെമ്പസ്റ്റായ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദിയര്‍പ്പിക്കുന്നു. ക്രിസ്തുവിനോടും അവിടുത്തെ സഭയോടുമുള്ള നിങ്ങളുടെ സ്നേഹം നവീകരിക്കുന്നതിലും, ക്രിസിതുവിനോടു ചേര്‍ന്നു നില്ക്കുന്നതിലും സഭയുടെ ഭാഗമായിരിക്കുന്നതിലുമുള്ള നിങ്ങളുടെ അര്‍പ്പണത്തെ ബലപ്പെടുത്തി വിശ്വാസത്തിന്‍റെ സാക്ഷിയായി ജീവിക്കുന്നതിലും ഈ സന്ദര്‍ശനം സഹായകമായിട്ടുണ്ടെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.

ത്രികാലപ്രാര്‍ത്ഥന വിശ്വാസത്തിന്‍റെ വളരെ മനോഹരവും ജനകീയവുമായ ആവിഷ്ക്കരണമാണ്. ദിവസത്തില്‍ മൂന്നു പ്രാവശ്യം ഉരുവിടുന്ന വളരെ ലളിതമായ പ്രാര്‍ത്ഥനയാണിത്. ദിവസത്തെ അദ്ധ്വാനത്തിന് പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും സായന്തനത്തിലും ആക്കംകൊടുക്കുന്ന ഹ്രസ്വപ്രാര്‍ത്ഥനയാണ്, എന്നാല്‍ ഏറെ പ്രധാനപ്പെട്ട പ്രാര്‍ത്ഥനയും. നന്മനിറഞ്ഞ മറിയത്തോടെ... ഈ പ്രാര്‍ത്ഥന മുടങ്ങാതെ ചൊല്ലണമെന്ന് ഏവരെയും ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ. ചരിത്രത്തെ മാറ്റിമറിച്ച പ്രകാശപൂര്‍ണ്ണമായൊരു സംഭവത്തിന്‍റെ ഓര്‍മ്മയാണിത്, നസ്രായനായ ക്രിസ്തുവിലുള്ള ദൈവപുത്രന്‍റെ മനുഷ്യാവതാര രഹസ്യമാണിതിന്‍റെ ഉള്ളടക്കം.

സഭ വിശുദ്ധ അന്നയുടെയും ജൊവാക്കിമിന്‍റെയും അനുസ്മരണം ആചരിക്കുകയാണ് (26 ജൂലൈ). അവരുടെ കുടുംബത്തിലാണ് അമലോത്ഭവത്തിന്‍റെ ഉള്‍വിളിയും ദിവ്യരക്ഷയുടെ രഹസ്യവുമായി മറിയം പിറന്നത്. ജൊവാക്കിമിന്‍റെയും അന്നയുടെയും സ്നേഹത്തിലും പരിലാളനയിലും വിശ്വാസ സുകൃതത്തിലും മറിയം വളര്‍ന്നുവന്നു. ദൈവിക സ്വരത്തിനു കാതോര്‍ക്കാനും അവിടുത്തെ തിരുഹിതം തിരിച്ചറിയാനും മറിയം പഠിച്ചത് അവിടെയാണ്. കുടുംബത്തിന്‍റെ സൗഹൃദത്തിലും ഭദ്രതയിലും ദൈവത്തോടുള്ള തങ്ങളുടെ വിശ്വാസവും സ്നേഹവും പങ്കുവച്ചും ജീവിച്ച ഒരു ജനത്തിന്‍റെ നീണ്ട ചരിത്രശൃംഖയിലെ കണ്ണിയായ മറിയത്തില്‍നിന്നാണ് മനുഷ്യരക്ഷയ്ക്കായി ദൈവപുത്രനായ ക്രിസ്തു ലോകത്തില്‍ അവതരിച്ചത്. .


വിശ്വാസം കൈമാറുന്നതില്‍ കുടുംബത്തിന് വലിയ പങ്കാണുള്ളത്!
കുടുംബത്തെക്കുറിച്ചു പറയുമ്പോള്‍ ഇന്ന് ബ്രസീലിലും ലോകമെമ്പാടും വിശുദ്ധ ജൊവാക്കിമിന്‍റെയും അന്നയുടെയും അനുസ്മരണം ‘കാരണവന്മാരുടെ ദിന’മായും ആചരിക്കപ്പെടുകയാണ്. സമൂഹത്തിനും നമുക്കോരോരുത്തര്‍ക്കും അനിവാര്യമായ മാനുഷികവും മതാത്മകവുമായ പൈതൃകം കൈമാറുന്നതില്‍ കാരണവന്മാര്‍ക്കുള്ള പങ്ക് വലുതാണെന്ന് ഈ ദിനം ഓര്‍പ്പിക്കുന്നു. കുടുംബാന്തരീക്ഷത്തില്‍ തലമുറകള്‍ തമ്മിലുള്ള ആശയങ്ങളുടെ കൈമാറ്റവും സംവാദവും ഏറെ പ്രധാനപ്പെട്ടതാണ്.
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ജനതകളുടെ ഭാവിയാണെന്നാണ്, അപ്പരിസീദായിലെ ലാറ്റിനമേരിക്കന്‍ മെത്രാന്‍ സംഘത്തിന്‍റെ പ്രമാണരേഖ പഠിപ്പിക്കുന്നത് (447) കാരണം അവരാണ് ചരിത്രത്തെ മുന്നോട്ടു നയിക്കുന്നത്, മുതിര്‍ന്നവര്‍ പ്രത്യേകിച്ചും.

എന്തെന്നാല്‍ അവര്‍ക്കാണ് ജീവിതാനുഭവവും അറിവുമുള്ളത്. തലമുറകള്‍ തമ്മിലുള്ള ഈ ബന്ധവും സംവാദവും സംരക്ഷിച്ച് ശാക്തികരിക്കേണ്ട അമൂല്യ നിധിയാണ്! നമ്മുടെ യുവജനങ്ങള്‍ അവരുടെ കാരണവന്മാരെ അംഗീകരിക്കുവാനും ആദരിക്കുവാനും ആഗ്രഹിക്കുന്നു. കാരണവന്മാരെ നമുക്കിന്ന് അനുമോദിക്കാം. യുവജനങ്ങള്‍ സ്നേഹത്തോടെ അവരുടെ ആശംസകള്‍ അര്‍പ്പിക്കുക്കയും, തുടര്‍ന്നും അവര്‍ സമൂഹത്തിനു നല്കുന്ന ജീവിതാനുഭവത്തിന്‍റെയും അറിവിന്‍റെയും സാക്ഷൃത്തിന് നന്ദിപറയുകയും ചെയ്യുന്നു.

നാം കൂടിയിരിക്കുന്ന മെത്രാസന മന്ദിരത്തിലെ ചത്വരത്തിലെന്നപോലെ, ചുറ്റുമുള്ള വഴികളിലും ഭവനങ്ങളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും ത്രികാലപ്രാര്‍ത്ഥന പ്രതിധ്വനിക്കുന്നുണ്ട്. അങ്ങനെ നാം വലിയൊരു കുടുംബത്തിലെ അംഗങ്ങളാണെന്ന് പ്രാര്‍ത്ഥന ഓര്‍പ്പിക്കുന്നു. പരിശുദ്ധകന്യകാ നാഥയില്‍ നമുക്ക് ശരണംപ്രാപിക്കാം. നമ്മുടെ കുടുംബങ്ങളെ തന്‍റെ ഓമനപ്പുത്രനായ ക്രിസ്തു വസിക്കുന്ന വിശ്വാസാലയങ്ങളും സ്നേഹക്കൂട്ടങ്ങളുമാക്കി ഈ അമ്മ നവീകരിക്കട്ടെ.
Translated : nellikal, vatican Radio










All the contents on this site are copyrighted ©.