2013-07-26 17:47:48

‘മണ്‍പാത്രത്തിലെ നിധി’യെക്കുറിച്ച് വൈദികാര്‍ത്ഥികളോട് മാര്‍പാപ്പ


26 ജൂലൈ 2013, റിയോ ദി ജനീറോ
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബ്രസീല്‍ സന്ദര്‍ശനത്തിന്‍റെ നാലാം ദിനമായിരുന്നു ജൂലൈ 25ാം തിയതി വ്യാഴാഴ്ച. സുമാറയിലെ അതിരൂപതാമന്ദിരത്തി ദിവ്യബലിയര്‍പ്പണത്തോടെയാണ് വ്യാഴാഴ്ച പാപ്പായുടെ പൊതുപരിപാടികള്‍ ആരംഭിച്ചത്. റിയോ ദി ജനീറോയിലെ മേജര്‍ സെമിനാരികളിലെ 300ഓളം വൈദികാര്‍ത്ഥികളേയും അവരുടെ ആദ്ധ്യാത്മിക പരിശീലകരേയും മാര്‍പാപ്പ തന്നോടൊപ്പം ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുന്നാള്‍ ദിനമായ ജൂലൈ 25ാം തിയതി തിരുന്നാള്‍ ദിവ്യബലിയായിരുന്നു പാപ്പ അര്‍പ്പിച്ചത്. വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ പതിവുള്ളതുപോലെ ഒരു ഹ്രസ്വസന്ദേശവും പാപ്പ സെമിനാരി വിദ്യാര്‍ത്ഥികളോട് പങ്കുവയ്ച്ചു.
‘മണ്‍പാത്രത്തിലെ നിധി’യെ കേന്ദ്രീകരിച്ചായിരുന്നു പാപ്പയുടെ വചന സമീക്ഷ. വൈദികാര്‍ത്ഥികളെ വലിയൊരു നിധി നിക്ഷേപിച്ചിരിക്കുന്ന കളിമണ്‍പാത്രങ്ങളോടുപമിച്ച മാര്‍പാപ്പ എളിമയെന്ന ദൈവികദാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അവരെ ക്ഷണിച്ചു. ദിവ്യകാരുണ്യാരാധനയും പ്രാര്‍ത്ഥനയും കൈവെടിയരുതെന്നും നല്ല രീതിയില്‍ വചനപ്രഘോഷണം നടത്താനും പാപ്പ അവരെ ആഹ്വാനം ചെയ്തു. ജീവിതവിശുദ്ധയോടെ അവര്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന നിധിക്ക് അര്‍ഹമായ രീതിയില്‍ മുന്നേറാനും പാപ്പ അവരെ ഉത്ബോധിപ്പിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.