2013-07-26 17:48:08

ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം, ചേരിയില്‍ ആനന്ദാരവം


26 ജൂലൈ 2013, റിയോ ദി ജനീറോ
ഫ്രാന്‍സിസ് മാര്‍പാപ്പ ജൂലൈ 25ാം തിയതി വ്യാഴാഴ്ച റിയോ ദി ജനീറോയിലെ വര്‍ജീഞ്യ ചേരി സന്ദര്‍ശിച്ചു. ഔദ്യോഗിക കണക്കുപ്രകാരം ഈ ചേരിയിലെ നിവാസികളുടെ എണ്ണം 1.150 ആണെങ്കിലും അനൗദ്യോഗിക കണക്കുകളനുസരിച്ച് 2.500ലേറെ പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെ മാര്‍പാപ്പ വരിജീഞ്യയിലെത്തിയിലെത്തുമ്പോള്‍ അവിടെ മഴ തോരാതെ പെയ്യുകയായിരുന്നു. പക്ഷേ, പെയ്തിറങ്ങുന്ന മഴയേക്കാള്‍ കരുത്തോടെ ജനത്തിന്‍റെ ആനന്ദാരവം മുഴങ്ങി. ഇടവക വികാരി ഫാ. മാര്‍സ്യോ ക്വയിറോസിന്‍റേയും മദര്‍ തെരേസയുടെ ഉപവിയുടെ സഹോദരമാരുടേയും നേതൃത്വത്തില്‍ വലിയ ആവേശത്തോടെയാണ് ജനം പാപ്പായെ വരവേറ്റത്.
അവര്‍ അണിയിച്ച പൂമാലയുമിട്ട് ഏറെ സന്തോഷത്തോടെ പാപ്പ അവര്‍ക്കൊപ്പം ചേരിപ്രദേശത്തെ ഇടവക ദേവാലയത്തിലേക്ക് നടന്നു നീങ്ങി.
അഗതികളുടേയും നിരാലംബരുടേയും സ്വര്‍ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ജെറോം എമിലിയാനിയുടെ പേരിലുള്ള കൊച്ചു ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കവേ മാര്‍പാപ്പ വികാരാധീനനായിരുന്നു. കപ്പേളയിലെ പുതിയ അള്‍ത്താരുടെ ആശീര്‍വാദകര്‍മ്മവും മാര്‍പാപ്പ നിര്‍വ്വഹിച്ചു.
പുറത്ത് അപ്പോഴും തകര്‍ത്തുപെയ്യുന്ന മഴയില്‍ പാപ്പായെ കാത്തു നില്‍ക്കുകയായിരുന്നു ജനം. ഇടവകദേവാലയത്തില്‍ നിന്ന് പുറത്തിറങ്ങിയ പാപ്പ തന്നെ കാത്തുനിന്നിരുന്ന ഒരു സംഘം സ്ക്കൂള്‍ വിദ്യാര്‍ത്ഥികളെയാണ് ആദ്യം അഭിവാദ്യം ചെയ്തത്. അവരോടൊത്ത് പ്രാര്‍ത്ഥിച്ച പാപ്പ അവരുടെ അഭ്യര്‍ത്ഥന മാനിച്ച് അവര്‍ക്ക് ഒരു സ്പെഷ്യല്‍ ആശീര്‍വാദവുമേകി.
ചേരിയിലെ തെരുവിലൂടെ ജനത്തെ അഭിവാദ്യം ചെയ്തും കുഞ്ഞുങ്ങളെ ചുംബിച്ചും മുന്നോട്ടു നീങ്ങുന്ന പാപ്പയെക്കണ്ട് പലരും ആനന്ദത്താല്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു. അതിനിടെയാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ചേരിയിലെ ഒരു ഭവനത്തിലേക്ക് പാപ്പ പ്രവേശിച്ചത്. വയോധികരും കുഞ്ഞുങ്ങളുമുള്‍പ്പെടെ ഇരുപതിലേറെ അംഗങ്ങളുള്ള ഒരു നിര്‍ധനകുടുംബത്തിന്‍റെ ഇടുങ്ങിയ ഒരു വീട്. ഭവനത്തിലെ ഓരോ അംഗത്തോടും പാപ്പ സംസാരിച്ചു, കുഞ്ഞുങ്ങളെ കയ്യിലെടുത്ത് താലോലിച്ചു. അവര്‍ക്കൊപ്പം ഫോട്ടോയെടുത്തു. ഒടുവില്‍ അവരോടൊത്ത് സ്വര്‍ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ.....ജപങ്ങള്‍ ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ട്, അവര്‍ക്ക് തന്‍റെ അപ്പസ്തോലികാശീര്‍വാദമേകി.

ചേരിയിലെ ഫുട്ബോള്‍ മൈതാനത്തു വച്ചായിരുന്നു ചേരി നിവാസികളുമായി പാപ്പായുടെ കൂടിക്കാഴ്ച്ച.
നിര്‍ധനരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ തങ്ങളുടെ പക്കലേക്ക് മാര്‍പാപ്പ വന്നതിലുള്ള സന്തോഷവും അത്ഭുതവും ചേരിനിവാസികളെ പ്രതിനിധീകരിച്ച് സംസാരിച്ച റാങ്ക്ളറും പത്നിയും (Rangler dos Santos Irineu & Joana Alves de Souza Carvalho) പാപ്പായോട് വെളിപ്പെടുത്തി. പാപ്പായുടെ സന്ദര്‍ശനം തങ്ങളെ മാധ്യമ ശ്രദ്ധയിലെത്തിക്കുന്നതിലൂടെ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുമെന്ന പ്രത്യാശയും അവര്‍ പങ്കുവയ്ച്ചു.
ബ്രസീലിലെ ഓരോ കുടുംബത്തിലുമെത്തി അവരുടെ ആതിഥ്യം സ്വീകരിക്കാന്‍ ആഗ്രഹിച്ചുകൊണ്ടാണ് താന്‍ ബ്രസീലിലെത്തിയതെന്ന മുഖവുരയോടെയാണ് ഫ്രാന്‍സിസ് പാപ്പ പ്രഭാഷണം ആരംഭിച്ചത്. ഇക്കാലത്ത് ഒരു സാമൂഹ്യനിയമമായി മാറിയിരിക്കുന്ന സ്വാര്‍ത്ഥതയുടേയും തന്‍കാര്യലാഭത്തിന്‍റേയും സംസ്ക്കാരത്തിനെതിരേ ആഞ്ഞടിച്ച പാപ്പ പങ്കുവയ്ക്കുന്ന സാഹോദര്യത്തിന്‍റേയും ഐക്യദാര്‍ഢ്യത്തിന്‍റേയും സംസ്ക്കാരത്തെക്കുറിച്ച്. ഉള്ളതു എത്ര കുറവാണെങ്കിലും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന ഹൃദയ വിശാലതയെക്കുറിച്ച് പാപ്പ പ്രതിപാദിച്ചു.

മാര്‍പാപ്പയുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം ചുവടെ ചേര്‍ക്കുന്നു:
സാമൂഹ്യ അനീതി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഓരോരുത്തരും തന്നാല്‍ കഴിയുന്ന സംഭാവന നല്‍കാന്‍ കടപ്പെട്ടിരിക്കുന്നു. അന്യരെ ഒരു ശത്രുവോ വെറുമൊരു സംഖ്യയോ ആയി കാണാതെ സ്വസഹോദരരായി കാണണം. വിശപ്പും ദാരിദ്ര്യവും നിര്‍മ്മാര്‍ജ്ജനനം ചെയ്തു കൊണ്ടു മാത്രമേ സമൂഹത്തിലെ എല്ലാവിഭാഗങ്ങളേയും ഒരൊറ്റ ശരീരമായി കൂട്ടിയിണക്കാന്‍ സാധിക്കൂ. പൊലീസ് റെയിഡിലൂടെ ചേരികള്‍ ശുദ്ധീകരിക്കാമെങ്കിലും അവിടെ യഥാര്‍ത്ഥ ശാന്തി വിളയണമെങ്കില്‍ ജനത്തിന്‍റെ സന്തോഷവും കൂട്ടായ്മയും കൂടിയേത്തീരൂ. തങ്ങളില്‍ ഒരു വിഭാഗത്തെ പാര്‍ശ്വവല്‍ക്കരിച്ച് നഗരാതിര്‍ത്തികളില്‍ തള്ളുന്ന സമൂഹത്തില്‍ സന്തോഷവും ഐക്യവുമുണ്ടാകില്ല. ഉള്ളത് പങ്കുവയ്ക്കുമ്പോള്‍ അത് അത്ഭുതകരമായി വര്‍ദ്ധിക്കും. ഒരു സമൂഹത്തിന്‍റെ മഹത്വം അത് തന്‍റെ നിരാലംബരെ എങ്ങനെ പരിരക്ഷിക്കുന്നുവെന്നതിനേയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും എങ്ങനെ ഒരു കുടക്കീഴില്‍ അണിചേര്‍ക്കുന്നു എന്നതിനേയും ആശ്രയിച്ചിരിക്കും.
എല്ലാവ്യക്തികളേയും ഉള്‍ക്കൊള്ളുന്നതും വ്യക്തിയുടെ സമഗ്രവികസനം ലക്ഷൃമാക്കുന്നതുമായ വികസനപദ്ധതികളി‍ല്‍ സഹകരിക്കാന്‍ കത്തോലിക്കാ സഭ എന്നും തയ്യാറാണ്. ജീവന്‍റെ സംരക്ഷണം, കുടുംബം, സമഗ്രവിദ്യാഭ്യാസം, ശാരീരികവും ആത്മീയവുമായ സുസ്ഥിതി, സാമൂഹ്യസുരക്ഷ തുടങ്ങിയ അടിസ്ഥാന മൂല്യങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള വികസനം പൊതുക്ഷേമത്തിനോ രാഷ്ട്ര നന്മയ്ക്കോ ഉതകുകയില്ല.
യുവജനങ്ങളോട് ഒരു വാക്ക്, സാമൂഹ്യ അനീതികളെക്കുറിച്ച് സൂക്ഷമാവബോധം ഉള്ളവരായിരിക്കണം നിങ്ങള്‍. പൊതുഅധികാരികളുടെ അലംഭാവവും സ്വാര്‍ത്ഥലാഭ പ്രവര്‍ത്തികളും അഴിമതിയുമെല്ലാം നിങ്ങളെ രോഷാകുലരാക്കിയേക്കാം. പക്ഷെ നിങ്ങള്‍ നിരാശപ്പെടുകയോ പ്രത്യാശ കൈവെടിയുകയോ അരുത്. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മാറ്റം സംഭവിക്കാം, മനുഷ്യനും പരിവര്‍ത്തനം സംഭവിക്കാം. തിന്‍മകളോട് പരിചയിക്കാതെ അവയ്ക്കുമേല്‍ വിജയം നേടി, നന്‍മയ്ക്കുവേണ്ടി പടപൊരുതേണ്ടവരാണ് നിങ്ങള്‍. കത്തോലിക്കാ സഭ എന്നും നിങ്ങള്‍ക്കൊപ്പമുണ്ട്.
പ്രിയപ്പെട്ട വരിജിഞ്യ നിവാസികളെ , നിങ്ങള്‍ ഏകരല്ല, സഭ നിങ്ങള്‍ക്കൊപ്പമുണ്ട്, മാര്‍പാപ്പ നിങ്ങള്‍ക്കൊപ്പമുണ്ട്...

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.