2013-07-25 21:39:32

സ്പെയിനില്‍ ട്രെയിന്‍ ദുരന്തം
പാപ്പാ ദുഃഖമറിയിച്ചു


25 ജൂലൈ 2013, റിയോ
സ്പെയിനിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ പാപ്പാ ഫ്രാന്‍സിസ്
അതീവ ദുഃഖം രേഖപ്പെടുത്തി. സ്പെയിനിലെ സന്തിയാഗോ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജൂലിയന്‍ ക്വാര്‍ട്ടറിന് അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് ബ്രസീലില്‍ അപ്പസ്തോലിക പര്യടനത്തിലായിരിക്കുന്ന പാപ്പാ, സ്പെയിന്‍റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നത്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച പാപ്പാ, മുറിപ്പെട്ടവരുടെ ബന്ധുമിത്രാദികളെ തന്‍റെ പ്രാര്‍ത്ഥനയും അനുഭാവവും അറിയിച്ചു. വേദനയുടെ ഈ ഇരുണ്ട മുഹൂര്‍ത്തത്തില്‍ സ്പെയിന്‍റെ മദ്ധ്യസ്ഥനായ യാക്കോശ്ലീഹാ പ്രത്യാശയുടെ വെളിച്ചവും, ആന്തരികവും ശാരീരികവുമായ സൗഖ്യം പ്രദാനംചെയ്യട്ടെയെന്നും ടെലിഗ്രാമിലൂടെ ആശംസിച്ചു.

സ്പെയിനിനെ ഞെട്ടിപ്പിച്ച ദുരന്തത്തില്‍ 80-പേര്‍ മരണമടയുകയും അനേകര്‍ മുറിപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു. ജൂലൈ 24-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം രാത്രി 8.40-നാണ് സ്പെയിന്‍റെ വടക്കന്‍ പ്രവിശ്യയില്‍ സന്തിയാഗോ കമ്പസ്തേലാ സ്റ്റേഷനു സമീപം എക്സ്പ്രസ്സ് യാത്ര-ട്രെയിന്‍ അപടത്തില്‍പ്പെട്ടത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.