2013-07-25 20:51:41

റിയോ മേളയ്ക്കൊരു മാതൃസ്പര്‍ശം
പാപ്പാ അപരിസീദായുടെ തീര്‍ത്ഥത്തിരുനടയില്‍


25 ജൂലൈ 2013, റിയോ
ക്രിസ്തുവിനെ തേടുന്നവര്‍ അവിടുത്തെ അമ്മയുടെ ചാരത്തണയണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. തന്‍റെ അപ്പോസ്തോലിക യാത്രയുടെ രണ്ടാം ദിവസം, ജൂലൈ 24-ാം തിയതിയിലെ ആദ്യ ഇനമായിരുന്നു, റിയോ നഗരത്തില്‍നിന്നും ഏകദേശം 200 കി.മീ. അകലെയുള്ള അപ്പരിസീദാ കന്യകാനാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലെ ദിവ്യബലിയര്‍പ്പണം.

കൂടുതല്‍ നീതിയും സാഹോദര്യവുമുള്ളൊരു ലോകവും രാജ്യവും ഭാവിതലമുറയ്ക്ക് കൈമാറുന്നതിന് ക്രിസ്തുവിന്‍റെ അമ്മയായ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം അനിവാര്യമാണെന്ന് പാപ്പ് ഫ്രാന്‍സിസ് ദിവ്യബലിമദ്ധ്യേയുള്ള വചനപ്രഘോഷണത്തില്‍ ഉദ്ബോധിപ്പിച്ചു. ഈ ലക്ഷൃപ്രാപ്തിക്ക് മൂന്നു സവിശേഷ മനോഭാവം വളര്‍ത്തിയെടുക്കണമെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ അവയുടെ പ്രായോഗിക രീതകള്‍ ലളിതമായി വ്യാഖ്യാനിച്ചു. പ്രത്യാശയുള്ളവരായിരിക്കുക, ദൈവം നമ്മില്‍ അത്ഭുതകരമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, എന്നും സന്തോഷത്തോടെ ജീവിക്കുക എന്നിങ്ങനെ മൂന്നു ആശയങ്ങളാണ് പാപ്പ പങ്കുവച്ചത്.

1. നാം ജീവിക്കുന്ന സമൂഹത്തില്‍ ബഹുമുഖങ്ങളായ തിന്മയുടെ സാന്നിദ്ധ്യമുണ്ട്.
തിന്മ നിലനില്‍ക്കുന്നു. അതിന്‍റെ പ്രതിബംബങ്ങളായി പണം, പ്രതാപം, അധികാരം, സുഖലോലുപത എന്നവയും മുളയെടുത്തിരിക്കുന്നു. എങ്കിലും ഇതിനെല്ലാം ഉപരിയായി നിലനില്ക്കുന്ന ദൈവത്തിങ്കലേയ്ക്ക് പ്രത്യാശയോടെ തിരിയണമെന്ന് ദേവാലയവും പരിസരവും തിങ്ങിനിന്ന വിശ്വാസ സമൂഹത്തോട് പാപ്പാ സ്നേഹപൂര്‍വ്വം ആഹ്വാനംചെയ്തു.

2. ദൈവത്തില്‍ വിശ്വസിക്കുന്നവരെ ദൈവം ആശ്ചര്യപ്പെടുത്തും. പ്രതിസന്ധികളിലൂടെ, വേദനകളിലൂടെയും വിഷമതകളിലൂടെയും അവിടുന്ന് നമ്മെ നവമായ ജീവിത മേഖലകളിലേയ്ക്ക് അനുദിനം അത്ഭുതകരമാംവിധം നയിക്കുകയാണെന്നും, എന്നാല്‍ അതു കാണുവാനും അംഗീകരിക്കുവാനുമുള്ള വിശ്വാസത്തിന്‍റെ കണ്ണ് ആവശ്യമാണെന്നും പാപ്പാ രണ്ടാമത്തെ മനോഭാവമായി ചൂണ്ടിക്കാട്ടി.

3. ദൈവത്തെ പിതാവേ, എന്നു വിളിച്ചപേക്ഷിക്കുന്ന ക്രൈസ്തവര്‍ക്ക് ജീവിതത്തിന്‍റെ ഇരുട്ടില്‍, ദുഃഖാര്‍ത്തരായി കഴിയാനാവില്ലെന്നും, സ്നേഹസമ്പന്നനും കാരുണ്യവാനുമായ ദൈവം നമ്മോട് ക്ഷമിച്ച്, നമ്മെ കൈപിടിച്ചുയര്‍ത്തി, ആശ്ലേഷിക്കും എന്ന ബോധ്യവും വിശ്വസവും സന്തോഷത്തോടെ ജീവിതത്തിന്‍റെ സുഖദുഃഖങ്ങളെയും ജയാപജയങ്ങളെയും അഭിമുഖീകരിക്കാന്‍ കരുത്തുനല്കും എന്നും മൂന്നാമത്തെ മനോഭാവമായിട്ട് പാപ്പ ഉദ്ബോധിപ്പിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് അപ്പരിസീദായില്‍ സമ്മേളിച്ചതും ബുവനസ് ഐരസ്സിന്‍റെ മെത്രാപ്പോലീത്തയെന്ന നിലയില്‍ താന്‍ ഭാഗമായിരുന്നതുമായ ലാറ്റിനമേരിക്കന്‍ നാടുകളിലെ മെത്രാന്മാരുടെ സംയുക്ത സമ്മേളനവും, അതിന്‍റെ ഫലമായി ഉരുവംകൊണ്ട പ്രമാണരേഖയും, അവിടത്തെ സഭാ ചരിത്രത്തിന്‍റെ നാഴികക്കല്ലായും സഭയ്ക്കു ലഭിച്ച വരദാനമാണെന്നും, സമ്മേളനത്തില്‍ താന്‍ പങ്കെടുത്തതും, പ്രമാണരേഖയുടെ കരഡുരൂപം ഒരുക്കിയതുമെല്ലാം പാപ്പാ ഫ്രാന്‍സിസ് വചനപ്രഘോഷണമദ്ധ്യേ അനുസ്മരിച്ചു.

രണ്ടു ലക്ഷത്തോളം ജനങ്ങള്‍ പങ്കെടുത്ത ദിവ്യബലിയുടെ സമാപനത്തില്‍ അപ്പരിസീദാ നാഥയുടെ തിരുസ്വരൂപത്തിന്‍റെ മുന്നില്‍ ധൂപാര്‍ച്ചന നടത്തിയ പാപ്പ, തന്‍റെ ശുശ്രൂഷാ സ്ഥാനവും തന്നെത്തന്നെയും, ലാറ്റിനമേരിക്കന്‍ ജനതയെയും കന്യകാനാഥയ്ക്കു സമര്‍പ്പിച്ച് പ്രതിഷ്ഠനടത്തി.
തുടര്‍ന്ന് കന്യകാനാഥയുടെ തിരുസ്വരൂപ വഹിച്ചുകൊണ്ടു നല്കിയ പ്രത്യേക ആശിര്‍വ്വാദത്തോടെ പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെയാണ് അപ്പരിസീദായിലെ പരിപാടികള്‍ സമാപിച്ചത്.
ബ്രസിലീലെ ശിശിരത്തില്‍ പെയ്തിറങ്ങിയ മഴയെ വെല്ലുവിളിച്ചും രണ്ടു ലക്ഷത്തിലേറെ വിശ്വാസികള്‍ അപ്പരിസീദായിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ തന്‍റെ പരിപാടികളില്‍ പങ്കെടുത്തതായി പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി റിയോയില്‍നിന്നും അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.