2013-07-24 21:11:43

പാരസ്പര്യം ജീവിതത്തിന്‍റെ
ഭാവുകത്വ പരിസരമെന്ന് പാപ്പാ


24 ജൂലൈ 2013, വത്തിക്കാന്‍
ലോകത്തെ മുസ്ലിം സഹോദരങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് ആസന്നമാകുന്ന ഈദ് ചെറിയ പെരുന്നാളിന്‍റെ ആശംസകള്‍ നേര്‍ന്നു. ലോക യുവജനമേളയ്ക്കായി ബ്രസീലിലേയ്ക്കു പുറപ്പെടും മുന്‍പ് പ്രസിദ്ധീകരിച്ച സന്ദേശത്തിലൂടെയാണ് മുസ്ലീം സഹോദരങ്ങള്‍ക്ക് പാപ്പ ‘ഈദ് അല്‍ ഫിത്തീര്‍’ ആശംസകളര്‍പ്പിച്ചത്.

ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമെന്ന് വിശ്വസിക്കുന്ന ഇസ്ലാമിക മാസമായ റമദാനില്‍ പ്രവാചകന്‍ നബിക്ക് ഖുറാന്‍റെ വെളിപാടു ലഭിച്ച, 30 വിശുദ്ധമായ ദിനങ്ങളില്‍ പ്രാര്‍ത്ഥിച്ചും നോന്‍പാചരിച്ചും വ്രതശുദ്ധിയോടെ മുസ്ലിം സഹോദരങ്ങള്‍ നടത്തുന്ന ജീവിതനവീകരണ ശ്രമത്തെ പാപ്പാ സന്ദേശത്തില്‍ ശ്ലാഘിച്ചു. ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമായ ‘അറിവിലൂടെ, അല്ലെങ്കില്‍ വിദ്യാഭ്യാസത്തിലൂടെ പരസ്പര ബഹുമാനം വളര്‍ത്താം’ – എന്ന വിഷയമാണ് മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍വഴി നല്കിയ ആശംസാസന്ദേശത്തില്‍ പാപ്പാ പ്രസിദ്ധീകരിച്ചത്.

വിദ്യാഭ്യാസത്തിലൂടെ മതങ്ങള്‍ അന്വേന്യം അറിഞ്ഞ്, പരസ്പര ബഹുമാനത്തില്‍ വളരണമെന്ന് പാപ്പായുടെ ‘ഈദ്’ സന്ദേശം അടിവരയിട്ടു പ്രസ്താവിക്കുന്നു. മനുഷ്യരോട് കാരുണ്യം കാണിക്കുന്ന മനോഭാവമാണ് ‘ആദരവ്’ എങ്കില്‍, ‘പാരസ്പര്യം’ ഒരിക്കലും ഏകപക്ഷീയമല്ലെന്നും, ഇരുകൂട്ടരും കൊടുത്തും വാങ്ങിയും, സ്നേഹിച്ചും ആദരിച്ചും കഴിയുന്ന ജീവിത പരിസരത്തിന്‍റെ ഭാവുകത്വ മേഖലയാണതെന്നും പാപ്പാ സന്ദേശത്തില്‍ വിശേഷിപ്പിച്ചു.

ആദ്യമായി ഓരോ വ്യക്തിയും അവന്‍റെ ജീവനും, ശാരീരിക സമഗ്രതയും, അന്തസ്സും, അന്തസ്സില്‍നിന്നും ഉതിരുന്ന അവകാശങ്ങളും, അവന്‍റെ സല്‍പ്പേരും, സമൃദ്ധിയും, വംശീയവും സാംസ്ക്കാരികവുമായ വ്യക്തിഗത തനിമയും, ആശയങ്ങളും, രാഷ്ട്രീയ നിലപാടുകളും മാനിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
ആകയാല്‍ മറ്റുള്ളവരെക്കുറിച്ച്, അവരുടെ സാന്നിദ്ധ്യത്തില്‍ മാത്രമല്ല അസാന്നിദ്ധ്യത്തിലും, എപ്പോഴും എവിടെയും നന്നായി ചിന്തിക്കാനും അപരനെക്കുറിച്ച് ആദരവോടെ സംസാരിക്കാനും, എഴുതുവാനും സാധിക്കണമെന്ന് പാപ്പാ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു. അന്യായമായ വിമര്‍ശനവും മാനഹാനിയും ഒഴിവാക്കേണ്ടത് വ്യക്തിഗത ഉത്തരവാദിത്വമാണെന്നും, ഈ ലക്ഷൃം പ്രാപിക്കുന്നതില്‍ കുടുംബങ്ങള്‍ക്കും, വിദ്യാലയങ്ങള്‍ക്കും, പ്രാര്‍ത്ഥനാലയങ്ങള്‍ക്കും, അതുപോലെ ആധുനിക മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ആഗസ്റ്റ് 9, 10 ദിവാസങ്ങളിലായിരിക്കും ഇക്കുറി റമദാന്‍ പൂര്‍ണ്ണനിലാവ് കാണുകയെന്ന് കൊച്ചിയിലെ ഇസ്ലാമിക സമൂഹത്തിന്‍റെ വക്താവ് സിയാദ് സിയാദ് വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.
Reported : nellikal, Vis








All the contents on this site are copyrighted ©.