2013-07-23 10:34:26

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ബ്രസീലില്‍ ആവേശോജ്ജ്വല വരവേല്‍പ്പ്


23 ജൂലൈ 2013, റിയോ ദി ജനീറോ
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ബ്രസീലില്‍ ആവേശോജ്ജ്വലമായ വരവേല്‍പ്പ്. തിങ്കളാഴ്ച രാവിലെ റോമിലെ സമയം ഒന്‍പതു മണിയോടെ ബ്രസീലിലേക്ക് യാത്ര തിരിച്ച മാര്‍പാപ്പയും സംഘവും 12 മണിക്കൂര്‍ നീണ്ട യാത്രയ്ക്കു ശേഷം പ്രാദേശിക സമയം വൈകീട്ട് നാലുമണിയോടെയാണ് ബ്രസീലിലെ റിയോ ദി ജനീറോയിലെത്തിയത്. ബ്രസീലിന്‍റെ പ്രസിഡന്‍റ് ഡില്‍മ റൂസിഫിന്‍റേയും, വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ജൊവാന്നി അനിയെല്ലോയുടേയും നേതൃത്വത്തില്‍ രാഷ്ട്ര നേതാക്കളുടേയും സഭാമേലധികാരികളുടേയും പ്രതിനിധിസംഘം മാര്‍പാപ്പയെ ഊഷ്മളമായി എതിരേറ്റു.
വിമാനത്താവളത്തിലും പരിസരത്തുമായി വന്‍ജനാവലിയും മാര്‍പാപ്പയെ കാത്തുനിന്നിരുന്നു. ലാറ്റിനമേരിക്കകാരനായ മാര്‍പാപ്പയ്‍ക്ക് ആവേശോജ്ജ്വല സ്വീകരണമാണ് ബ്രസീലിലെ പൊതുജനം നല്‍കിയത്.
റിയോ ദി ജനീറോ സംസ്ഥാന സര്‍ക്കാരിന്‍റെ കാര്യാലയമായ ഗ്വനബാറ മന്ദിരത്തില്‍ വച്ചായിരുന്ന ഔദ്യോഗിക സ്വാഗത ചടങ്ങ്. വിമാനത്താവളത്തില്‍ നിന്ന് 8 കിലോമീറ്റര്‍ ദൂരെയുള്ള ഗ്വനബാറ മന്ദിരത്തിലേക്ക് ആദ്യം കാറിലും പിന്നെ തുറന്ന ജീപ്പിലുമാണ് പാപ്പ യാത്ര ചെയ്തത്. വഴിയരുകില്‍ തടിച്ചുകൂടിയ ജനത്തിന്‍റെ ആവേശം നിയന്ത്രണാതീതമായതോടെ പേപ്പല്‍വാഹനത്തിന് ചെറിയതോതില്‍ യാത്രാ തടസമനുഭവപ്പെട്ടു. ഒടുവില്‍, ഹെലികോപ്ടറിലാണ് മാര്‍പാപ്പയെ ഗ്വനബാറ മന്ദിരത്തിലെത്തിച്ചത്.

ഔദ്യോഗിക സ്വാഗത ചടങ്ങില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രസിഡന്‍റ് ഡില്‍മയ്ക്കും ബ്രസീലിയന്‍ ജനതയ്ക്കും നന്ദി പറഞ്ഞ മാര്‍പാപ്പ, സ്വര്‍ണ്ണമോ വെള്ളിയോ തന്‍റെ കയ്യിലില്ലെന്നും, ക്രിസ്തുവിന്‍റെ സ്നേഹവും സമാധാനവും പങ്കുവയ്ക്കാനാണ് താന്‍ ഈ മണ്ണിലെത്തിയിരിക്കുന്നതെന്നും പ്രസ്താവിച്ചു. ക്രിസ്തുവില്‍ ഒന്നിക്കുന്ന വിഭിന്ന സംസ്ക്കാരങ്ങളുടെ പ്രതീകമാണ് ലോകമെമ്പാടും നിന്ന് ആഗോളസംഗമത്തിനെത്തിയ യുവജനങ്ങളെന്ന് പാപ്പ വിശേഷിപ്പിച്ചു. യുവജനങ്ങളിലൂടെ അവരുടെ കുടുംബങ്ങളോടും സമൂഹങ്ങളോടും സംസ്ക്കാരങ്ങളോടും രാഷ്ട്രങ്ങളോടും സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും പാപ്പ വെളിപ്പെടുത്തി.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ വിദേശ അപ്പസ്തോലിക പര്യടനമാണ് ജൂലൈ 22 മുതല്‍ 29വരെ നടക്കുന്ന ബ്രസീല്‍ സന്ദര്‍ശനം. “ആകയാല്‍ നിങ്ങള്‍ പോയി സകല ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍,” (മത്തായി 28, 19) എന്ന സുവിശേഷ സന്ദേശവുമായി ജൂലൈ 23 മുതല്‍ 28 വരെ ബ്രസീലിലെ റിയോ ദി ജനീറോയില്‍ നടക്കുന്ന ലോകയുവജന സംഗമത്തില്‍ പങ്കെടുക്കാനാണ് ഫ്രാന്‍സിസ് പാപ്പ ബ്രസീലിലെത്തിയിരിക്കുന്നത്. ലോകയുവജന സംഗമത്തിലെ പരിപാടികള്‍ക്കു പുറമേ അപ്പരെസിദയിലേക്കുള്ള തീര്‍ത്ഥാടനവും, സെന്‍റ് ഫ്രാന്‍സിസ് ആശുപത്രിയിലെ ലഹരിവിമുക്ത കേന്ദ്ര സന്ദര്‍ശനവും, വര്‍ജിഞ്യ ചേരിപ്രദേശത്തെ ജനങ്ങളുമായുള്ള സ്നേഹസംവാദവും പേപ്പല്‍ സന്ദര്‍ശനത്തിന്‍റെ അജണ്ടയിലുണ്ട്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.