2013-07-23 16:17:53

ജനത്തിന് അമിതാവേശം, പ്രശാന്തനായി മാര്‍പാപ്പ


23 ജൂലൈ 2013, റിയോ ദി ജനീറോ
ബ്രസീലിയന്‍ ജനത നല്‍കിയ ആവേശോജ്ജ്വസ്വീകരണത്തില്‍ മാര്‍പാപ്പ സന്തുഷ്ടനെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി. ‘ജനകീയ മാര്‍പാപ്പ’യെന്ന ഖ്യാതി നേടിയ പാപ്പായെ വരവേല്‍ക്കവേ ബ്രസീലിയന്‍ ജനതയുടെ ആവേശം അണപൊട്ടിയൊഴുന്ന കാഴ്ച്ചയാണ് തിങ്കളാഴ്ച വൈകീട്ട് ലോകം കണ്ടത്. ഔദ്യോഗിക സ്വാഗത ചടങ്ങിനായി വിമാനത്താവളത്തില്‍ നിന്ന് 8 കിലോമീറ്റര്‍ ദൂരെയുള്ള ഗ്വനബാറ മന്ദിരത്തിലേക്ക് ആദ്യം കാറിലും പിന്നെ തുറന്ന ജീപ്പിലും യാത്ര ചെയ്ത മാര്‍പാപ്പയെ ഒരു നോക്കുകാണാന്‍ ആയിരങ്ങള്‍ റോഡരുകില്‍ തിങ്ങിക്കൂടിയിരുന്നു. പേപ്പല്‍ വാഹനവ്യൂഹത്തിന്‍റെ തെറ്റായ ദിശാവ്യതിയാനവും ജനത്തിന്‍റെ അമിതാവേശവും മാര്‍പാപ്പയുടെ യാത്രയ്ക്ക് ചെറിയതോതില്‍ മാര്‍ഗതടസം സൃഷ്ടിച്ചു. പേപ്പല്‍വാഹനത്തിനു ചുറ്റും ആര്‍ത്തിരമ്പുന്ന ജനസാഗരത്തെ മാര്‍പാപ്പ പതിവുപോലെ സുസ്മേരവദനനായാണ് അഭിവാദ്യം ചെയ്തതെങ്കിലും പാപ്പായുടെ സെക്രട്ടറിയും സുരക്ഷാഉദ്യോഗസ്ഥരും അതീവ ഉത്കണ്ഠാകുലരായിരുന്നു. ഒടുവില്‍, ഹെലികോപ്ടറിലാണ് മാര്‍പാപ്പയെ ഗ്വനബാറ മന്ദിരത്തിലെത്തിച്ചത്.

ബ്രസീലിയന്‍ ജനതയുടെ ആവേശ പ്രകടനം മാര്‍പാപ്പയെ തെല്ലും അലോസരപ്പെടുത്തിയില്ലെന്നും പാപ്പ പ്രശാന്തനും സന്തുഷ്ടനുമായിരുന്നുവെന്ന് തിങ്കളാഴ്ച രാത്രി റിയോ ദി ജനീറോയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫാ.ലൊംബാര്‍ദി പ്രസ്താവിച്ചു.

ബ്രസീലിലേക്കുള്ള വിമാനയാത്രയ്ക്കിടയില്‍ ചുരുങ്ങിയ വാക്കുകളില്‍ മാധ്യമപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത മാര്‍പാപ്പ അഭിമുഖം അനുവദിച്ചില്ല, പകരം അവരെ വ്യക്തിപരമായി പരിചയപ്പെട്ടു. കോക്പിറ്റിലെത്തി പൈലറ്റുമാര്‍ക്കും പാപ്പ ആശംസകള്‍ നേര്‍ന്നു. യാത്രാമധ്യേ മാര്‍പാപ്പ വിശ്രമിച്ചിട്ടില്ലെന്ന് ഫാ.ലൊംബാര്‍ദി വെളിപ്പെടുത്തി.

പര്യടനത്തിന്‍റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച മാര്‍പാപ്പയ്ക്ക് വിശ്രമദിനമാണ്. ചൊവ്വാഴ്ച ഔദ്യോഗിക പരിപാടികളൊന്നും ഇല്ലെങ്കിലും മാര്‍പാപ്പ ആര്‍ക്കെങ്കിലും കൂടിക്കാഴ്ച്ച അനുവദിക്കാനുള്ള സാധ്യത ഫാ.ലൊംബാര്‍ദി തള്ളിക്കളഞ്ഞില്ല....

ജൂലൈ 24ാം തിയതി ബുധനാഴ്ച മാര്‍പാപ്പ അപരെസിദയിലെ കന്യകാമറിയത്തിന്‍റെ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കും. അപരെസിദയിലെ കന്യകാനാഥയ്ക്ക് തന്‍റെ പേപ്പല്‍ ഭരണവും ആഗോളയുവജന ദിനവും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്ന പാപ്പ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്യും.
ഉച്ചയ്ക്കുശേഷം റിയോയിലേക്ക് മടങ്ങുന്ന മാര്‍പാപ്പ വൈകീട്ട് ആറുമണിയോടെ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ പേരിലുള്ള ആശുപത്രിയും സന്ദര്‍ശിക്കും. ഈ ആശുപത്രിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന യുവജനങ്ങള്‍ക്കുവേണ്ടിയുള്ള ലഹരിവിമുക്തകേന്ദ്രത്തിലെ യുവജനങ്ങളുമായി പാപ്പ നടത്തുന്ന കൂടിക്കാഴ്ച്ച പേപ്പല്‍ സന്ദര്‍ശനത്തിലെ അവിസ്മരണീയ സംഭവങ്ങിലൊന്നായിരിക്കും.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ വിദേശ അപ്പസ്തോലിക പര്യടനമാണ് ജൂലൈ 22 മുതല്‍ 29വരെ നടക്കുന്ന ബ്രസീല്‍ സന്ദര്‍ശനം. “ആകയാല്‍ നിങ്ങള്‍ പോയി സകല ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍,” (മത്തായി 28, 19) എന്ന സുവിശേഷ സന്ദേശവുമായി ജൂലൈ 23 മുതല്‍ 28 വരെ ബ്രസീലിലെ റിയോ ദി ജനീറോയില്‍ നടക്കുന്ന ലോകയുവജന സംഗമത്തില്‍ പങ്കെടുക്കാനാണ് ഫ്രാന്‍സിസ് പാപ്പ ബ്രസീലിലെത്തിയിരിക്കുന്നതെങ്കിലും ലോകയുവജന സംഗമത്തിലെ പരിപാടികള്‍ക്കു പുറമേ അപ്പരെസിദയിലേക്കുള്ള തീര്‍ത്ഥാടനവും, സെന്‍റ് ഫ്രാന്‍സിസ് ആശുപത്രിയിലെ ലഹരിവിമുക്ത കേന്ദ്ര സന്ദര്‍ശനവും, വര്‍ജിഞ്യ ചേരിപ്രദേശത്തെ ജനങ്ങളുമായുള്ള സ്നേഹസംവാദവും പാപ്പ തന്‍റെ അജണ്ടയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.