2013-07-23 16:18:06

ചേരികളില്‍ ആനന്ദം പകരുന്ന പര്യടനം


23 ജൂലൈ 2013, റിയോ ദി ജനീറോ
മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി ചേരിപ്രദേശത്തെ ജനങ്ങള്‍ ഏറെ ആനന്ദത്തോടെയാണ് കാത്തിരിക്കുന്നതെന്ന് വര്‍ജിഞ്യ ചേരിയിലെ വികാരി ഫാ.മാര്‍സ്യോ ക്വയിറോസ്. ജൂലൈ 25ാം തിയതി വ്യാഴാഴ്ച പാപ്പ സന്ദര്‍ശിക്കുന്ന ഈ ചേരിപ്രദേശത്തെ ജനങ്ങളുടെ പ്രതീക്ഷകളെക്കുറിച്ചും പാപ്പായെ സ്വീകരിക്കാന്‍ അവര്‍ നടത്തുന്ന ഒരുക്കങ്ങളെക്കുറിച്ചും തിങ്കളാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫാ. ക്വയിറോസ് വിവരിച്ചത്. പേപ്പല്‍ സന്ദര്‍ശനം ആനന്ദദായകമാണ്, അതോടൊപ്പം ഉത്തരവാദിത്വമേറിയതും.
“നിര്‍ധനര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ചേരിയിലേക്ക് വരുന്നതിലൂടെ മാര്‍പാപ്പ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വ്യക്തമാണ്. അര്‍ജന്‍റീനയിലെ ചേരികള്‍ അദ്ദേഹത്തിന് സുപരിചിതമായിരുന്നല്ലോ! മാര്‍പാപ്പയുടെ സന്ദര്‍ശനം തീര്‍ച്ചയായും ജനങ്ങള്‍ക്ക് പ്രത്യാശ പകരും.” ക്രിസ്തീയ പ്രബോധനങ്ങളില്‍ ആഴത്തില്‍ അടിയുറച്ച് ജീവിക്കാന്‍ അവര്‍ക്കതു പ്രചോദനമായിരിക്കുമെന്നും ഫാ. ക്വയിറോസ് അഭിപ്രായപ്പെട്ടു. ദിവ്യകാരുണ്യാരാധനയും ജപമാല സമര്‍പ്പണവുമെല്ലാം നടത്തി ജനം ആത്മീയമായും ഒരുങ്ങുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

25ാം തിയതി വ്യാഴാഴ്ചയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വര്‍ജിഞ്യ ചേരിപ്രദേശം സന്ദര്‍ശിക്കുന്നത്. ഔദ്യോഗിക കണക്കുപ്രകാരം ഈ ചേരിയിലെ നിവാസികളുടെ എണ്ണം 1.150 ആണെങ്കിലും അനൗദ്യോഗിക കണക്കുകളനുസരിച്ച് 2.500ലേറെ പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ പ്രാദേശികസമയം 11മണിക്ക് ഇവിടെ എത്തുന്ന മാര്‍പാപ്പയെ, ഫാ. ഫാ.മാര്‍സ്യോ ക്വയിറോസിന്‍റേയും മദര്‍ തെരേസയുടെ ഉപവിയുടെ സഹോദരമാരുടേയും നേതൃത്വത്തിലാണ് ജനം വരവേല്‍ക്കുക. ചേരിപ്രദേശത്ത് വി.ജെറോമിന്‍റെ നാമധേയത്തിലുള്ള കപ്പേളയാണ് പാപ്പ ആദ്യം സന്ദര്‍ശിക്കുന്നത്. കപ്പേളയിലെ പുതിയ അള്‍ത്താരുടെ ആശീര്‍വാദകര്‍മ്മം മാര്‍പാപ്പ നിര്‍വ്വഹിക്കും. അതിനുശേഷം, വര്‍ജിഞ്യയിലെ ഫുട്ബോള്‍ മൈതാനത്തുവച്ച് പാപ്പ ചേരിനിവാസികളുമായി കൂടിക്കാഴ്ച്ച നടത്തും. സെന്‍റ്.ജെറോം കപ്പേളയില്‍ നിന്ന് ഫുട്ബോള്‍ മൈതാനത്തേക്ക് നടന്നുപോകുന്ന പാപ്പ വഴിമധ്യേ ഒരു നിര്‍ധന കുടുംബത്തിന്‍റെ ആതിഥ്യം സ്വീകരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.