2013-07-23 16:18:32

ഇസ്രയേല്‍-പലസ്തീന്‍ അനുരജ്ഞനം: മുന്‍തൂക്കം നല്‍കേണ്ടത് സമാധാനത്തിന്, ഫാ.പിസ്സബാല


23 ജൂലൈ 2013,
ഇസ്രയേല്‍ - പലസ്തീന്‍ അനുരജ്ഞനത്തില്‍ മുന്‍തൂക്കം നല്‍കേണ്ടത് സമാധാനസ്ഥാപനത്തിനാണെന്ന് വിശുദ്ധനാടുകളുടെ സംരക്ഷണചുമതലയുള്ള ഫാ.പിസ്സബാല. പലസ്തീന്‍-ഇസ്രായേല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് രാഷ്ട്രീയ നേട്ടങ്ങളേക്കാള്‍ സമാധാനസ്ഥാപനത്തിന് മുന്‍തൂക്കം നല്‍കാന്‍ രാഷ്ട്രീയാധികാരികള്‍ തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. ലോകമാധ്യമങ്ങളെപ്പോലെ ഇസ്രയേലിലേയും പലസ്തീനിലേയും ജനവും പലസ്തീന്‍ പ്രശ്‌നപരിഹാരത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. പ്രതീക്ഷകള്‍ ഏറെയാണെങ്കിലും വിവേകപൂര്‍ണ്ണമായ നടപടികളാണ് ഈ വിഷയത്തില്‍ സ്വീകരിക്കപ്പെടേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്നു വര്‍ഷമായി മുടങ്ങിക്കിടന്ന ഇസ്രായേല്‍ -പലസ്തീന്‍ ചര്‍ച്ച പുനരാരംഭിക്കാന്‍ ഇരുവിഭാഗവും സമ്മതിച്ചതായി യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ജൂലൈ 21ന് പ്രസ്താവിച്ചിരുന്നു.
യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ പലസ്തീന്‍ പ്രശ്‌നപരിഹാര ദൗത്യത്തിന്‍റെ വിശദാംശങ്ങള്‍ പരസ്യമാക്കാത്തത് അനാവശ്യവിവാദങ്ങള്‍ ഒഴിവാക്കുമെന്നും ഫാ.പിസ്സബാല അഭിപ്രായപ്പെട്ടു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.