2013-07-22 15:34:45

യുവജന മാമാങ്കം പരിശുദ്ധ മറിയത്തിന്‍റെ സംരക്ഷണയില്‍


22 ജൂലൈ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ ബ്രസീല്‍ പര്യടനം പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥത്തില്‍ സമര്‍പ്പിച്ചു. പരിശുദ്ധ കന്യകാനാഥയുടെ മാദ്ധ്യസ്ഥം തേടി ജൂലൈ 20ാം തിയതി ശനിയാഴ്ച റോമിലെ മേരി മേജര്‍ ബസിലിക്കയിലെത്തിയ പാപ്പ ബ്രസീലിലേക്കുള്ള അപ്പസ്തോലിക പര്യടനവും ആഗോളയുവജന സംഗമവും പരിശുദ്ധ മറിയത്തിന്‍റെ മാദ്ധ്യസ്ഥത്തില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. പ്രാദേശിക സമയം വൈകീട്ട് 4.15ന് ബസിലിക്കയിലെത്തിയ മാര്‍പാപ്പയെ ബസിലിക്കയിലെ മുഖ്യപുരോഹിതന്‍ കര്‍ദിനാള്‍ സാന്തോസ് ആബ്രില്‍ ഇ കാസ്റ്റെയ്യോ സ്വീകരിച്ചു. പാര്‍ശ്വഭാഗത്തെ കവാടത്തിലൂടെ ബസിലിക്കയുടെ ഉള്ളില്‍ പ്രവേശിച്ച പാപ്പ നേരെ റോമന്‍ ജനതയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ മറിയത്തിന്‍റെ (Madonna Salus Populi Romani) സന്നിദ്ധിയിലെത്തി. അരമണിക്കൂറിലേറെ നേരം നിശ്ബദനായി പ്രാര്‍ത്ഥനയില്‍ മുഴുകിയ പാപ്പ പിന്നെ പരിശുദ്ധ അമ്മയ്ക്ക് ഒരു പുഷ്പചക്രവും സമര്‍പ്പിച്ചു. ലോകയുവജനസംഗമത്തിന്‍റെ മുദ്ര പതിച്ച ഒരു മെഴുകുതിരിയില്‍ പാപ്പ ദീപം തെളിയിക്കുകയും ചെയ്തു.
ബസിലിക്കയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ വിശ്വാസികള്‍ക്കും ബസിലിക്ക സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികള്‍ക്കും അപ്രതീക്ഷിതമായ സമ്മാനമായിരുന്നു പാപ്പായുടെ സന്ദര്‍ശനം. ബസിലിക്കയുടെ മുഖ്യഅള്‍ത്താരയ്ക്ക് മുന്നില്‍ വച്ച് കര്‍ദിനാള്‍ സാന്തോസ് ആബ്രില്‍ ഇ കാസ്റ്റെയ്യോ മാര്‍പാപ്പയ്ക്ക് ഔപചാരികമായി സ്വാഗതമേകി. ബസിലിക്കയില്‍ സന്നിഹിതരായിരുന്നവരെ സ്വതസിദ്ധമായ ലാളിത്യത്തോടെ അഭിവാദ്യം ചെയ്ത പാപ്പ, “പ്രാര്‍ത്ഥനയും, വിശ്വാസവും, പ്രായശ്ചിത്തവും” വഴിയായി തന്‍റെ ബ്രസീല്‍ പര്യടനത്തില്‍ ആത്മീയമായി പങ്കുചേരാന്‍ അവരെ ക്ഷണിച്ചു. ആഗോളയുവജന സംഗമത്തില്‍ പങ്കെടുക്കാനെത്തുന്ന യുവജനങ്ങള്‍ക്കുവേണ്ടിയും പാപ്പ അവരുടെ പ്രാര്‍ത്ഥനാസഹായമഭ്യര്‍ത്ഥിച്ചു.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.