2013-07-22 15:34:35

പേപ്പല്‍ പര്യടനം യുവജനങ്ങള്‍ക്ക് പ്രത്യാശയുടേയും സമാധാനത്തിന്‍റേയും സന്ദേശമേകാന്‍


22 ജൂലൈ 2013, വത്തിക്കാന്‍
പ്രത്യാശയ്ക്ക് സാക്ഷികളാകാനും സമാധാനസ്ഥാപകരാകാനും യുവജനങ്ങള്‍ക്ക് പ്രോത്സാഹനമേകാനാണ് താന്‍ ആഗോള യുവജനസംഗമത്തിനെത്തുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജൂലൈ 22ന് റോമില്‍ നിന്ന് ബ്രസീലിലേക്ക് യാത്രയാരംഭിച്ച മാര്‍പാപ്പ വിമാനയാത്രാമധ്യേ ഇറ്റാലിയന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ്യോ നാപ്പോളിത്താനോയ്ക്ക് അയച്ച ടെലിഗ്രാമിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. 28ാം ആഗോള യുവജനസംഗമത്തോടനുബന്ധിച്ച് ലോകമെമ്പാടും നിന്ന് ബ്രസീലിലെത്തുന്ന യുവജനങ്ങളുമായി കൂടിക്കാഴ്ച്ച നടത്താന്‍ സാധിക്കുന്നതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു. ഇറ്റാലിയന്‍ ജനതയ്ക്കും പ്രാര്‍ത്ഥനാശംസകള്‍ ഏകികൊണ്ടാണ് പാപ്പ യാത്രയാരംഭിച്ചത്.

മാര്‍പാപ്പ വിദേശ പര്യടനം നടത്തുമ്പോള്‍ താന്‍ കടന്നുപോകുന്ന രാജ്യങ്ങളുടെ രാഷ്ട്രാധികാരികള്‍ക്ക് സന്ദേശമയക്കുന്ന പതിവനുസരിച്ച് ഇറ്റലിയുടെ പ്രസിഡന്‍റ് ജോര്‍ജ്ജോ നാപ്പോളിത്താനോ, അള്‍ജീരിയന്‍ പ്രസിഡന്‍റ് അബ്ദെലസീസ് ബൌറ്റെഫ്ലിക, മൗറിത്താനിയയുടെ പ്രസിഡന്‍റ് മൊഹമ്മദ് ഔലെദ് അബ്ദെല്‍ അസ്സീസ്, സെനഗളിന്‍റെ പ്രസിഡന്‍റ് മാക്വി സാള്‍, എന്നിവര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസാ സന്ദേശമയച്ചു.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.