2013-07-18 19:15:19

റിയോ ഒരു വിളിപ്പാടകലെ
പാപ്പാ തിങ്കളാഴ്ച പുറപ്പെടും


18 ജൂലൈ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ അപ്പസ്തോലിക യാത്ര ദൈര്‍ഘ്യമേറിയതും പരിപാടികള്‍ ശ്രമകരവുമാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. ജൂലൈ 22-ാം തിയതി തിങ്കളാഴ്ച ഇറ്റലിയിലെ സമയം രാവിലെ 8 മണിക്കാണ് വത്തിക്കാനില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് ലോക യുവജനമേളയ്ക്കായി പുറപ്പെടുന്നത്. തിങ്കളാഴ്ച രാവിലെ വത്തിക്കാന്‍ തോട്ടത്തില്‍നിന്നും ഹെക്കപ്റ്റര്‍ മാര്‍ഗ്ഗം റോമിലെ ഫുമിച്ചീനോ അന്തര്‍ദേശിയ വിമാനത്താവളത്തിലെത്തുന്ന പാപ്പാ, കൃത്യം 8.45-ന് അല്‍ ഇത്താലിയാ വിമാനത്തില്‍ തന്‍റെ പ്രഥമ അപ്പസ്തോലിക പര്യടനം ആരംഭിക്കുമെന്ന്, പാപ്പായ്ക്കൊപ്പം യാത്രചെയ്യുന്ന, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി, ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

തുടര്‍ച്ചായി 12-മണിക്കൂര്‍ പറക്കുന്ന പാപ്പാ അന്നു വൈകുന്നേരം ബസീലിലെ സമയം വൈകുന്നേരം 4-മണിക്ക് റിയോയിലെ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഇറങ്ങി, ഔദ്യോഗിക സ്വീകരിണ ചടങ്ങുകളില്‍ പങ്കെടുക്കും. 23-ന് റിയോ അതിരൂപതയുടെ സുമാരേ മന്ദിരത്തില്‍ പാപ്പാ വിശ്രമിക്കും.
24-മുതല്‍ 28-വരെ തിയതികളില്‍ മേളയുടെ പ്രത്യേക പരിപാടികളില്‍ പാപ്പാ പങ്കെടുക്കും.
25-ാം തിയതി കോപ്പാകബാനാ തീരത്ത് യുവജനങ്ങള്‍ക്കൊപ്പമുള്ള സമ്മേളനം,
26-ന് അവിടെ തീരത്തുതന്നെ സംഘടിപ്പിച്ചിരിക്കുന്ന യുവജനങ്ങളുടെ കുരിശിന്‍റെവഴി,
27-ാതിയതി ശനിയാഴ്ച രാത്രിയില്‍ ഗ്വാരത്തിബായില്‍ നടത്തപ്പെടുന്ന
ജാഗര പ്രാര്‍ത്ഥന, 28-ാം തിയതി യുവാക്കള്‍ക്കൊപ്പം ഗ്വാരത്തീബായില്‍തന്നെ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലി എന്നിവ മേളയിലെ ശ്രദ്ധേയമായ പാപ്പായുടെ പരിപാടികളാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

സ്ഥാനാരോഹിതനായശേഷം 76-വയസ്സുകാരന്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ തിരക്കിട്ട ജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ സംഭവിക്കുന്ന ഈ ആദ്യ അന്തര്‍ദേശിയ അപ്പസ്തോലിക യാത്ര ശ്രദ്ധേയവും, എന്നാല്‍ ഏറെ ശ്രമകരവുമാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി കൂട്ടിച്ചേര്‍ത്തു.
Reported : nellikal, sedoc









All the contents on this site are copyrighted ©.