2013-07-18 18:44:47

മേളയ്ക്കുള്ള പാപ്പായുടെ യാത്ര
നിമിത്തമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി


18 ജൂലൈ 2013, വത്തിക്കാന്‍
ബ്രസീലിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പര്യടനം ഒരു നിമിത്തമാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. ജൂലൈ 17-ാം തിയതി രാവിലെ വത്തിക്കാന്‍റെ മാധ്യമ കാര്യാലയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫാദര്‍ ലൊമ്പാര്‍ഡി പാപ്പായുടെ ലാറ്റിനമേരിക്കയിലേയ്ക്കുള്ള പ്രഥമ അപ്പസ്തോലിക യാത്രയെക്കുറിച്ച് ഇങ്ങനെ പ്രതിപാദിച്ചത്.

ലോക യുവജനമേളയുടെ റിയോവേദി നിശ്ചയിച്ചതും, അവിടെ പാപ്പാ സന്നിഹിതനായിരിക്കുമെന്ന് പ്രഖ്യാപിച്ചതും സ്ഥാനത്യാഗംചെയ്ത പാപ്പാ ബനഡിക്ടാകയാല്‍, ബ്രസീലില്‍ ജൂലൈ 23-മുതല്‍ 28-വരെ തിയതികളില്‍ അരങ്ങേറുന്ന ലോകയുവജനമേളയില്‍ പങ്കെടുക്കേണ്ടത് പാപ്പാ ഫ്രാന്‍സിസിനൊരു നിമിത്തമാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി സ്ഥിരീകരിച്ചു. പാപ്പാ വോയ്ത്തീവയുടെ മരണത്തെ തുടര്‍ന്ന് പത്രോസിന്‍റെ പരമാദികാരത്തിലേയ്ക്ക തിരഞ്ഞെടുക്കപ്പെട്ട ജര്‍മ്മന്‍കാരനായ പാപ്പാ ബനഡിക്ട് 16-ാമന് ജര്‍മ്മനിയിലെ കൊളോണില്‍ നടന്ന ലോക യുവജനമേളയിലേയ്ക്കും ജന്മനാട്ടിലേയ്ക്കും തന്‍റെ പ്രഥമ അപ്പസ്തോലിക യാത്ര നടത്തേണ്ടി വന്ന ചരിത്രത്തിന്‍റെ തനിയാവര്‍ത്തനമാണ് ലാറ്റനമേരിക്കന്‍ രാജ്യമായ ബ്രസീലിലേയ്ക്കുള്ള പാപ്പ ഫ്രാന്‍സിസിന്‍റെ കന്നി യാത്രയെന്നും ഫാദര്‍ ലൊമ്പാര്‍ഡി അനുസ്മരിച്ചു.

2011-ല്‍ സ്പെയിനിലെ മാഡ്രിഡില്‍വച്ചു നിശ്ചയിച്ച റിയോ യുവജനമേളയുടെ തിയതികളും പരിപാടികളും പാപ്പാ ഫ്രാന്‍സിസ് കൃത്യമായി പാലിക്കുന്നതു കൂടാതെ, അപ്പരിസീദായിലെ ദൈവമാതാവിന്‍റെ തീര്‍ത്ഥാടനകേന്ദ്ര സന്ദര്‍ശനവും ദിവ്യബലിയും, ഫെവേലാസിലെ ആശുപത്രിസന്ദര്‍ശനം, ലാറ്റിനമേരിക്കന്‍ നാടുകളിളെ സംയുക്ത മെത്രാന്‍ സമിതിയുമായുള്ള CELAM കൂടിക്കാഴ്ച എന്നിവയാണ് അധികമായി വന്നിട്ടുള്ള പരപാടികളെന്നും ഫാദര്‍ ലൊമ്പാര്‍ഡി നിരീക്ഷിച്ചു.
യുവജന മേളയുടെ സംഘാടകരായ ലാറ്റിനമേരിക്കന്‍ നാടുകളുടെ ദേശീയ മെത്രാന്‍ സമിതിക്കും റിയോ അതിരൂപതയ്ക്കുംവേണ്ടി ആര്‍ച്ചുബിഷപ്പ് ഒറാനി ടെമ്പെസ്റ്റായും, ബ്രസീലിന്‍റെ ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഡമാഷീനോ അസ്സീസും, രാഷ്ട്രത്തിനുവേണ്ടി പ്രസിഡന്‍റ് ഡില്‍മാ റുസ്സേഫും ബ്രസീലിലേയ്ക്ക് പാപ്പായെ പ്രത്യേകം ക്ഷിണിച്ചിരുന്നെന്നും
ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

പ്രസിഡന്‍റ് ഡില്‍മാ റുസ്സേഫ് വത്തിക്കാനില്‍ വന്ന് പരിശുദ്ധ പിതാവിന്‍റെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുത്തശേഷം, പ്രത്യേക കൂടിക്കാഴ്ചയില്‍ പാപ്പായെ ലോക യുവജനമേളയ്ക്ക് ക്ഷണിക്കുകയും, പാപ്പാ ആ ക്ഷണം സ്വീകരിച്ചുകൊണ്ട് മേളയിലുള്ള തന്‍റെ പങ്കാളിത്തവും സാന്നിദ്ധ്യവും ഉറപ്പുവരുത്തിയിട്ടുള്ളതാണെന്നും ഫാദര്‍ ലോമ്പാര്‍ഡി അനുസ്മരിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.