2013-07-18 18:27:21

കേരളത്തിലെ പ്രഥമ തദ്ദേശിയ സന്യാസിനീ സമൂഹവും
ദൈവദാസി ഏലീശ്വാമ്മയും – ശതാബ്ദിനിറവില്‍


18 ജൂലൈ 2013, കൊച്ചി
കേരളത്തിന്‍റെ സാമൂഹ്യവും മതാത്മകവുമായ ജീവിതപരസരത്ത് ആത്മീയ നവീകരണത്തിന്‍റെ ഓളങ്ങള്‍ ഉയര്‍ത്തിയ പരിത്യാഗിനിയാണ് ദൈവദാസി ഏലീശ്വാമ്മയെന്ന് കോട്ടപ്പുറം രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി പ്രസ്താവിച്ചു. ജൂലൈ 18-ാം തിയതി വ്യാഴ്ച വൈകുന്നേരം ദൈവദാസി ഏലീശ്വാമ്മയുടെ വരാപ്പുഴയിലുള്ള സ്മൃതിമണ്ഡപത്തില്‍ നടത്തപ്പെട്ട അനുസ്മരണ ശുശ്രൂഷയിലാണ് ബിഷപ്പ് കാരിക്കശ്ശേറി ഇങ്ങനെ പ്രസ്താവിച്ചത്. ദൈവദാസിയുടെ ചരമശദാബ്ദി ആഘോഷങ്ങളുടെ സമാപനമായി മാതൃസ്ഥാപനമായ വരാപ്പുഴയില്‍ അരങ്ങേറിയ പരിപാടികള്‍ക്ക് ആമുഖമായിട്ടാണ് ബിഷപ്പ് കാരിക്കശ്ശേരി ഏലീശ്വാമ്മയുടെ പുജ്യാവിശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്മൃതിമണ്ഡപത്തില്‍ പ്രാര്‍ത്ഥന നയിച്ച്, സന്ദേശം നല്കിയത്.

കേരളത്തിലെ പ്രഥമ തദ്ദേശിയ സന്യാസിനീ സമൂഹമായ, സ്ത്രീകള്‍ക്കായുള്ള കര്‍മ്മലീത്താ നിഷ്പാദുക മൂന്നാം സഭ the Third Order of Carmelites Discalceated - TOCD-യുടെ സ്ഥാപിച്ച മലയാള മണ്ണിന്‍റെ ആദ്യ സമര്‍പ്പിതയുമാണ് ഏലീശ്വാമ്മയെന്ന വസ്തുത ആമുഖമായി സമൃതിമണ്ഡം നിറഞ്ഞു കവിഞ്ഞുനിന്ന വന്‍ വിശ്വാസസമൂഹത്തെ ബിഷപ്പ് കാരിക്കശ്ശേരി അനുസ്മരിപ്പിച്ചു. ബിഷപ്പ് കാരിക്കശ്ശേരിയുടെ അനുസ്മരണ പ്രാര്‍ത്ഥനയെ തുടര്‍ന്ന് ഏലീശ്വാ നഗറില്‍ (സെന്‍റ് ജോസഫ് സ്ക്കൂള്‍ ഗ്രൗണ്ടില്‍) റാഞ്ചി അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ടെലിസ്ഫോര്‍ തോപ്പോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ശത്ബ്ദിദിവ്യബലിയും സാംസ്ക്കാരിക സമ്മേളനവും നടന്നു.

കൊച്ചിക്കടുത്തുള്ള കൂനമ്മാവില്‍ 1866-ലാണ് മദര്‍ ഏലീശ്വ റ്റി.ഒ.സി.ഡി. (the Third Order of Carmelites Discalceated) സന്ന്യാസിനീസഭ സ്ഥാപിച്ചത്. പരിത്യാഗിനിയും ധ്യാനനിര്‍ലീനയുമായിരുന്ന ഏലീശ്വാമ്മയുടെ ജീവിതത്തില്‍ ആകൃഷ്ടരായി സ്വന്തം സഹോദരിയും പിന്നീട് മകളുമായിരുന്നു സഭയിലെ പ്രഥമ അംഗങ്ങളെങ്കിലും, ഇന്ന് സ്ത്രീ വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ നവോത്ഥാനത്തിന്‍റെയും ആത്മീയതയുടെ നവമായൊരു സാമൂഹ്യദര്‍ശനം പങ്കുവച്ച ഏലീശ്വാമ്മയുടെ സഭ ലോകത്തിന്‍റെ നാനാഭാഗത്തുമായി പടര്‍ന്നു പന്തലിച്ചു നില്കുന്ന ഭാരതത്തിലെ വലിയ സന്ന്യസ സമൂഹങ്ങളില്‍ ഒന്നാണ്.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സമഗ്രരൂപീകരണവും നല്കണമെന്ന ലക്ഷൃവുമായിട്ടാണ് ദൈവദാസി ഏലീശ്വാമ്മ സഭ സ്ഥാപിച്ചത്. ഇന്ന് കേരളത്തില്‍ വളര്‍ന്നു വലുതായി നില്ക്കുന്ന സി.റ്റി.സി. (Congregation of the Teresian Carmelites), സി.എം.സി. (Congregation of Mother of Carmel) എന്നീ സഭകള്‍ ഏലീശ്വാമ്മയുടെ മാതൃസ്ഥാപനത്തില്‍നിന്നും ഉരുത്തിരിഞ്ഞ രണ്ടു മക്കളാണ്, ശാഖകളാണ്. മാതൃസ്ഥാപനത്തില്‍നിന്നും ലത്തീന്‍ സുറിയാനി റീത്ത് അടിസ്ഥാനത്തില്‍ സഭ 1890-ല്‍ വിഭജിക്കപ്പെട്ടത് ഏലീശ്വാമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണ്. കേരള സഭയില്‍ റീത്തുകളുടെ അടിസ്ഥാനത്തില്‍ സഭാ പ്രവിശ്യകള്‍ വിഭജിക്കപ്പെട്ട ചരിത്രപരമായ വിഭജനത്തിന്‍റെ ഭാഗമായിട്ടാണ് സ്ത്രീകള്‍ക്കായി ഏലീശ്വാമ്മ തുടങ്ങിയ പ്രഥമ സന്ന്യാസിനീ സമൂഹവും (Teresian Order of Carmelites Discalceated –TOCD) വിഭജിക്കപ്പെട്ടത്.

ഏലീശ്വാമ്മയുടെ കുടുംബ പശ്ചാത്തിലത്തിന്‍റെ നന്മയും വ്യക്തിഗത വിശുദ്ധിയും ആത്മീയ ചൈതന്യവും തിരിച്ചറിഞ്ഞ അക്കാലത്തെ വരാപ്പുഴ മെത്രാപ്പോലീത്ത ബര്‍ണഡീന്‍ ബാച്ചിനേല്ലിയാണ് ഏലീശ്വായെയും, അവളുടെ മകള്‍ അന്നയെയും, സഹോദരി ട്രീസായെയും പരീക്ഷണാര്‍ത്ഥം ഒരു സന്ന്യാസിനീ സമൂഹമായി ജീവിക്കുവാനുള്ള അനുവാദം നല്കിത്. ജനോവയില്‍നിന്നും കര്‍മ്മലീത്താ രണ്ടാം സഭയുടെ നിയമങ്ങള്‍ ബാച്ചിനേല്ലി പിതാവ് വരുത്തി, കാലത്തിനും ദേശത്തിനും ഇണങ്ങുന്ന വിധത്തില്‍ അത് ക്രോഡീകരിച്ച് ഏലീശ്വാമ്മയെ ഏല്പിച്ചു. 1866 ഫെബ്രുവരി 12-ന് സ്ത്രീകള്‍ക്കായുള്ള കര്‍മ്മലീത്താ നിഷ്പദുക മൂന്നാം സഭാസമൂഹത്തിന്‍റെ സ്ഥാപന ഡിക്രി Documentum Erectionis-ല്‍ ഒപ്പുവച്ച് ഏലീശ്വാ, ത്രേസ്യാ, അന്ന എന്നീ മൂന്നു സ്ത്രീകളെ അര്‍ത്ഥിനികളായി പ്രഖ്യാപനംചെയ്തുകൊണ്ട് വരാപ്പുഴയുടെ ബര്‍ണാര്‍ഡീന്‍ ബാച്ചിനേലി കേരളക്കരയിലെ പ്രഥമ സന്ന്യാസിനീ സമൂഹത്തിന്‍റെ വിത്തു പാകി. തനിക്ക് പിതൃസ്വത്തില്‍ ഓഹരിയായി ലഭിച്ച കൂനമ്മാവ് ചിത്രക്കവലയിലുള്ള ഭൂമിയില്‍ പണിതീര്‍ത്ത ലളിതവുമായ ഭവനത്തില്‍ 1866 ഫെബ്രുവിരി 13-ന് ഏലീശ്വ, അന്ന, ട്രീസ എന്നിവര്‍ പ്രവേശിച്ചു. അന്നുതന്നെ ഫാദര്‍ ലിയോപ്പോള്‍ഡ് ഒസിഡി-യില്‍നിന്നും അവര്‍ കര്‍മ്മലോത്തരീയം ഏറ്റുവാങ്ങുകയും, കേരളക്കരയിലെ പ്രഥമ തദ്ദേശിയ സന്ന്യാസസമൂഹത്തിന്‍റെ പരിശീലനം ആരംഭിക്കുകയും ചെയ്തു. മെല്ലെ ഇതര റീത്തുകളില്‍പ്പെട്ട സ്ത്രീകള്‍ക്കും ഈ സന്ന്യാസിനീ സമൂഹം സ്വാഗതമരുളി. അന്ന് കേരളത്തില്‍ നിലവിലുള്ള സീറോ മലബാര്‍, ലത്തീന്‍ എന്നീ രണ്ടു റീത്തുകളില്‍പ്പെട്ട സ്ത്രീകളുടെ സന്ന്യാസ ദൈവവിളികള്‍ക്കുള്ള ആദ്യത്തെ കന്യകാലയമാണ് കൂനമ്മാവിലെ കര്‍മ്മലീത്താ ഭവനം. ആ കന്യകാലയത്തിന്‍റെ ലളിതമായ സാഹചര്യങ്ങളിനിന്നും ഏലീശ്വാ വൈപ്പിശ്ശേരി എന്ന സാത്ത്വിക ആദ്യമായി വെട്ടിത്തെളിച്ച കേരളമണ്ണിലെ സ്ത്രീകള്‍ക്കുള്ള സന്ന്യാസത്തിന്‍റെ പാത ഇന്ന് വികസിച്ച് ഭാരതത്തിന്‍റെ മാത്രമല്ല, ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലുമായി പരന്നുകിടക്കുന്നു.
Reported : nellikal, Vatican Radio








All the contents on this site are copyrighted ©.