2013-07-17 18:47:36

മേളയുടെ സൂത്രധാരനെ
റിയോ അനുസ്മരിക്കും


17 ജൂലൈ 2013, റിയോ
ആഗോള യുവജന സംഗമത്തിന്‍റെ ‘സൂത്രധാരന്‍’ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ആത്മീയസാന്നിദ്ധ്യം റിയോ യുവജനമേളയ്ക്ക് അനുഗ്രഹദായകമെന്ന് അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റും, ലോകയുവജനമേളയ്ക്ക് വത്തിക്കാന്‍റെ ഭാഗത്തുനിന്നുമുള്ള പ്രതിനിധിയുമായ കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് റയില്‍ക്കോ റിയോയില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ പ്രസ്താവിച്ചു.
യുവജനങ്ങളാണ് സഭയുടെയും ലോകത്തിന്‍റെയും ഭാവി എന്നു മനസ്സിലാക്കി
1987-ല്‍ കത്തോലിക്കാ യുവതയെ ആദ്യമായി ആഗോളതലത്തില്‍ ബുവനസ് ഐരസ്സില്‍ വിളിച്ചുകൂട്ടിയ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ഈ പ്രസ്താനത്തിന്‍റെ ഉപജ്ഞാതാവും സൂത്രധാരനുമെന്ന് റിയോയില്‍ ആരംഭിച്ചിരിക്കുന്ന പ്രദര്‍ശനവും തിരുശേഷിപ്പിന്‍റെ വണക്കവും ഉദ്ഘാടനംചെയ്തുകൊണ്ട് കര്‍ദ്ദിനാള്‍ റയില്‍ക്കോ പ്രസ്താവിച്ചു.

2005-ല്‍ കാലംചെയ്ത പുണ്യശ്ലോകനായ പാപ്പായുടെ തിരുശേഷിപ്പുകളാണ് റിയോയില്‍ ആരംഭിച്ചിരിക്കുന്ന പ്രദര്‍ശനത്തിലൂടെ മേളയ്ക്കും അതില്‍ പങ്കെടുക്കുന്ന യുവജനങ്ങള്‍ക്കും അനുഗ്രഹ സാന്നിദ്ധ്യമായി മാറുന്നതെന്ന്, കര്‍ദ്ദിനാള്‍ റയില്‍ക്കോ പ്രസ്താവിച്ചു. നാലു പ്രാവശ്യം - 1980, 82, 91, 97 എന്നീ വര്‍ഷങ്ങളില്‍ തന്‍റെ അജപാലന സന്ദര്‍ശനങ്ങള്‍കൊണ്ട് ലാറ്റിനമേരിക്കന്‍ ജനതയെ ധന്യമാക്കിയ പാപ്പാ വോയ്ത്തീവയുടെ തിരുശേഷിപ്പുകളിലൂടെയുള്ള ആത്മീയസന്നിദ്ധ്യം ഇന്നും ലാറ്റിനമേരിക്കന്‍ ജനതയ്ക്കും, വിശിഷ്യാ റിയോയിലെത്തുന്ന ലോക യുവജനതയ്ക്കും അനുഗ്രഹദായകമാണെന്ന് കര്‍ദ്ദിനാള്‍ റയില്‍ക്കോ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രഥമ ലോക യുവജനസംഗമത്തിനു വേദിയായ ബുവനസ് ഐരസ്സിന്‍റെ മുന്‍അതിരൂപതാദ്ധ്യക്ഷന്‍, പാപ്പാ ബര്‍ഗോളിയോ 28-ാമത്തെ ലോകയുവജന സംഗമം നയിക്കുന്നതിന് ലാറ്റിനമേരിക്കന്‍ മണ്ണിലെത്തുന്നത് ദൈവനിയോഗമായി കരുതുന്നുവെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ കൂട്ടിച്ചേര്‍ത്തു.

Reported : nellikal, Vatican Radio








All the contents on this site are copyrighted ©.