2013-07-16 12:22:20

സമാഗമകൂടാരം - ഇസ്രായേല്യരുടെ
മതാത്മക ജീവിതത്തിന്‍റെ കേന്ദ്രം (47)


ഇസ്രായേല്‍ ജനത്തിന്‍റെ ഈജിപ്തില്‍നിന്നുമുള്ള മോചനം വിവരിക്കുന്ന ഐതിഹാസിക രചനയാണ് പുറപ്പാട്. അവരുടെ വിമോചനസംഭവം രക്ഷാകര ചരിത്രത്തിലെ മറ്റു മോചന കഥകള്‍ക്ക് പ്രചോദനവും മാതൃകയുമായിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. എന്തിന്, തിന്മയുടെ അസ്വാതന്ത്ര്യ മേഖലയില്‍നിന്നും മനുഷ്യകുലത്തിന് ഇന്നും രക്ഷപ്പെടാനും, നന്മയുടെ സ്വാതന്ത്ര്യം ശ്വസിക്കാനും ആവേശംപകരുന്ന ധാര്‍മ്മിക സന്ദേശമാണ് ഇന്നും പുറപ്പാടിന്‍റെ പുസ്തകം. പഞ്ചഗ്രന്ഥ സമാഹാരത്തിലെ ശ്രദ്ധേയമായ ഈ ഗ്രന്ഥം രചിക്കപ്പെട്ട ക്ലിപ്തമായ കാലഘട്ടമോ സംഭവങ്ങളൊന്നും പഠനങ്ങല്‍ വെളിപ്പെടുത്തിയിട്ടില്ല. പുറപ്പാടിന്‍റെ കാലഘട്ടം തെളിയിക്കുന്ന രേഖകള്‍ ഈജിപ്ഷ്യന്‍ ഗ്രന്ഥശേഖരങ്ങളില്‍പ്പോലും അപ്രാപ്യമാണ്.

പുറപ്പാടുഗ്രന്ഥത്തിന്‍റെ ഗഹനമായ പഠനങ്ങളില്‍ ബൈബിള്‍ നിരൂപകന്മാര്‍ കണ്ടെത്തിയിട്ടുള്ള ‘ഇലോഹിസ്റ്റ്,’ ‘യാവിസ്റ്റ്,’ ‘പ്രൊഫെറ്റിക്ക്’ പാരമ്പര്യങ്ങളെ ആസ്പദമാക്കിയുള്ള പഠനമാണ് ഈ ഭാഗത്ത്. പൗരോഹിത്യ പാരമ്പര്യത്തിലുള്ള പുറപ്പാടിന്‍റെ വ്യാഖ്യാനങ്ങളിലാണ് നാം എത്തിനില്ക്കുന്നത്. അതായത്, ഇസ്രായേലിലെ പുരോഹിത വര്‍ഗ്ഗവും അവരുടെ പൂജകര്‍മ്മാദികളും, ആഘോഷങ്ങളും അവയ്ക്കായുള്ള കൂടാര നിര്‍മ്മിതിയുടെയും ക്രമീകരണങ്ങളുടെയും വിവരണമായിട്ട് ശ്രദ്ധേയമാകുന്ന പുറപ്പാടു ഗ്രന്ഥത്തിന്‍റെ ചില ഭാഗങ്ങളുടെ അല്ലെങ്കില്‍ അദ്ധ്യായങ്ങളുടെ പഠനമാണ് നാം തുടരുന്നത്..
വാഗ്ദത്ത പേടകവും, കല്പനകളും സൂക്ഷിക്കേണ്ട സാമാഗമ കൂടാര നിര്‍മ്മിതിയെക്കുറിച്ചുള്ള പുറപ്പാടിന്‍റെ വിവരണമാണ് നാം ശ്രവിക്കുന്നത്. മോശയ്ക്ക് ദൈവംതന്നെ ഇവയെല്ലാം വെളിപ്പെടുത്തി കൊടുക്കുന്നതായിട്ടാണ് ഗ്രന്ഥകാരന്‍ പ്രഥമ പുരുഷ വ്യാഖ്യാന ശൈലിയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.
പുറപ്പാടിന്‍റെ 26-ാം അദ്ധ്യായം ഇങ്ങനെ തുടരുന്നു... “കരുവേലമരംകൊണ്ട് രണ്ടുമുഴം നീളവും ഒരു മുഴം വീതിയും ഒന്നരമുഴം ഉയരവുമുള്ള മേശ ഉണ്ടാക്കണം. തനി സ്വര്‍ണ്ണംകൊണ്ട് അതു പൊതിയുകയും സ്വര്‍ണ്ണംകൊണ്ടുതന്നെ അതിന് അരികുപാളി പിടിപ്പിക്കുകയും വേണം. അതിനു ചുറ്റും കൈപ്പത്തിയുടെ വീതിയിലുള്ള ചട്ടമുണ്ടാക്കി, ചട്ടത്തിനു ചുറ്റും സ്വര്‍ണ്ണംകൊണ്ടുള്ള അരികുപാളി പടിപ്പിക്കണം. സ്വര്‍ണ്ണംകൊണ്ടു നാലു വളയങ്ങളുണ്ടാക്കി, മേശയുടെ നാലു മൂലകളിലുള്ള കാലുകളില്‍ ഘടിപ്പിക്കുക. വളയങ്ങളിലൂടെ തണ്ടുകളിട്ട്, മേശ ചുമന്നുകൊണ്ടു പോകാനായി, കരുവേലമരംകൊണ്ട് ഉണ്ടാക്കിയതും സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞതുമായ തണ്ടുകള്‍ ഉപയോഗിക്കുക. താലങ്ങളും തളികകളും കലശങ്ങളും സ്വര്‍ണ്ണംകൊണ്ടുതന്നെ ഉണ്ടാക്കണം. തിരുസാന്നിദ്ധ്യത്തിന്‍റെ അപ്പം എപ്പോഴും എന്‍റെ മുന്‍പാകെ മേശപ്പുറത്തു വച്ചിരിക്കണം.”

“സ്വര്‍ണ്ണംകൊണ്ട് വിളക്കു കാലുകളും ഉണ്ടാക്കണം. അതിന്‍റെ ചുവടും തണ്ടും ചഷകങ്ങളും മുകുളങ്ങളും പുഷ്പങ്ങളും ഓരേ സ്വര്‍ണ്ണത്തകിടില്‍ തീര്‍ത്തതായിരിക്കണം. ഒരു വശത്തുനിന്നും മൂന്ന്, മറുവശത്തുനിന്ന് മൂന്ന് എന്ന കണക്കില്‍ വിളക്കുകാലിന്‍റെ ഇരുവശത്തുമായി ആറു ശാഖകളുണ്ടായിരിക്കണം. ഓരോ ശാഖയിലും ബദാംപൂവിന്‍റെ ആകൃതിയില്‍ മകുളങ്ങളോടും പുഷ്പ ദലങ്ങളോടുംകൂടിയ മൂന്നു ചഷകങ്ങളും ഉണ്ടായിരിക്കണം.”
“വിളക്കുകാലില്‍നിന്നു പുറപ്പെടുന്ന ആറു ശാഖകളില്‍ ഓരോ ജോടിയുടെയും അടിയില്‍ ഓരോ മുകുളം എന്ന കണക്കിന് മൂന്നു മുകുളങ്ങള്‍ ഉണ്ടായിരിക്കണം. അടിച്ചു പരത്തിയ തനി സ്വര്‍ണ്ണത്തിന്‍റെ ഒരേ തകിടിലായിരിക്കണം മുകുളങ്ങളും ശാഖകളുമെല്ലാം നിര്‍മ്മിക്കുന്നത്.
തണ്ടിന്മേലും അതിന്‍റെ ശാഖകളിന്മേലും വയ്ക്കാന്‍വേണ്ടി ഏഴു വിളക്കുകള്‍ ഉണ്ടാക്കണം. അവ വിളക്കുകാലിനു മുന്‍പില്‍ പ്രകാശം വീശത്തവിധം സ്ഥാപിക്കണം. തിരിയണയ്ക്കാനുപയോഗിക്കുന്ന കത്രികകളും തട്ടങ്ങളും സ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ചതായിരിക്കട്ടെ. വിളക്കുകാലും ഉപകരണങ്ങളുമെല്ലാം സ്വര്‍ണ്ണംകൊണ്ടുവേണം നിര്‍മ്മിക്കാന്‍. സീനായില്‍വച്ചു നിന്നെ ഞാന്‍ കാണിച്ച മാതൃകയില്‍ ഇവയെല്ലാം നിര്‍മ്മിക്കാനും നിങ്ങള്‍ ശ്രദ്ധിക്കണം.” മോശയ്ക്കു ദൈവം നേരിട്ടു നല്കുന്നതുപോലെയാണ് ഈ വിവരണങ്ങള്‍ പൗരോഹിത്യ പാരമ്പര്യത്തിലെ ഗ്രന്ഥകാരന്‍ ചേര്‍ത്തിരിക്കുന്നത്.

ഇനി നാം 26- അദ്ധ്യായത്തിലേയ്ക്കാണ് കടക്കുന്നത്. പുറപ്പാടിലെ പൗരോഹിത്യ പാരമ്പര്യത്തില്‍ രൂപപ്പെട്ട ഈ ഭാഗം സാക്ഷൃകൂടാരത്തെക്കുറിച്ചുള്ള വിവരണത്തോടെ തുടരുകയാണ്.
“പത്തു വിരികള്‍കൊണ്ടു നീ വിശുദ്ധകൂടാരം നിര്‍മ്മിക്കണം. നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളോടുകൂടി നെയ്തെടുത്ത നേര്‍ത്ത ചണവസ്ത്രം കൊണ്ടായിരിക്കണം വിരികള്‍ നിര്‍മ്മിക്കേണ്ടത്. കെറൂബുകളെക്കൊണ്ടു വിദഗ്ദ്ധമായി അലങ്കരിച്ചതുമായിരിക്കണം അത്. ഒരു വിരിയുടെ നീളം ഇരുപത്തെട്ടു മുഴവും, വീതി നാലു മുഴവുമായിരിക്കട്ടെ. എല്ലാ വിരികളും ഒരേ അളവിലുള്ളതായിരിക്കട്ടെ. അഞ്ചു വിരികള്‍ ഒന്നോടൊന്നു ചേര്‍ത്തു തുന്നണം. അതുപോലെ മറ്റേ അഞ്ചു വിരികളും. ആദ്യഗണം വിരികളില്‍ നീല നൂല്‍കൊണ്ടു വളയങ്ങള്‍ തുന്നിച്ചേര്‍ക്കണം. അപ്രകാരം തന്നെ, രണ്ടാംഗണം വിരികളിലും അവസാനത്തേതിന്‍റെ വക്കിലും. ആദ്യത്തെ വിരിയില്‍ അന്‍പതു വളയങ്ങള്‍ ഉണ്ടായിരിക്കണം. വളയങ്ങള്‍ ഒന്നിനുനേരേ ഒന്നു വരത്തക്ക വിധത്തിലായിരിക്കട്ടെ.”

“സ്വര്‍ണ്ണംകൊണ്ടു അന്‍പതു കൊളുത്തുകള്‍ ഉണ്ടാക്കണം. എന്നിട്ട് ഇരുഗണം വിരികളും കൊളുത്തുകൊണ്ട് യോജിപ്പിക്കുമ്പോള്‍ അതൊരു കൂടാരമാകും. കൂടാരത്തിന്‍റെ മുകള്‍ഭാഗം മൂടുന്നതിനായി ആട്ടിന്‍രോമംകൊണ്ടു പതിനൊന്നു വിരികള്‍ ഉണ്ടാക്കണം. ഓരോ വിരിക്കും മുപ്പതുമുഴം നീളവും, നാലുമുഴം വീതിയുമുണ്ടായിരിക്കണം. പതിനൊന്നു വിരികളും ഒരേ അളവിലായിരിക്കട്ടെ. അഞ്ചു വിരികള്‍ യോജിപ്പിച്ച് ഒരു ഗണവും, ആറു വിരികള്‍ യോജിപ്പിച്ച് വേറൊരു ഗണവും ഉണ്ടാക്കണം. ആറാമത്തെ വിരി കൂടാരത്തിന്‍റെ മുന്‍ഭാഗത്തു മടക്കിയിടാവുന്നതായിരിക്കണം. ഒന്നാമത്തെ ഗണം വിരികളില്‍ അവസാനത്തേതിന്‍റെ വക്കില്‍, അന്‍പതു വളയങ്ങളും, രണ്ടാം ഗണം വിരികളില്‍ അവസാനത്തേതിന്‍റെ വക്കില്‍ അന്‍പതു വളയങ്ങളും തുന്നിച്ചേര്‍ക്കുക.”
“ഓടുകൊണ്ടുള്ള അന്‍പതു കൊളുത്തുകളുണ്ടാക്കി, അവ വളയങ്ങളിലൂടെ ഇട്ട് കൂടാരം ഒന്നായി യോജിപ്പിക്കുക. അവശേഷിക്കുന്ന ഒരു പകുതി വിരി കൂടാരത്തിന്‍റെ പിന്നില്‍ തൂക്കിയിടണം. മേല്‍ വിരിയുടെ നീളത്തില്‍ ഓരോ വശത്തും അവ ശേഷിക്കുന്ന ഓരോ മുഴം ഇരുവശങ്ങളും മറയ്ക്കാനായി തൂക്കിയിടണം. ഊറയ്ക്കിട്ട മുട്ടാടിന്‍ തോലുകൊണ്ടു കൂടാരത്തിനു മൂടി ഉണ്ടാക്കണം. മൃദുലമായ തോലുകൊണ്ടു വേറൊരു ആവരണവും ഉണ്ടാക്കണം. കരുവേലമരത്തിന്‍റെ പലകകള്‍കൊണ്ടു കൂടാരം നിവര്‍ന്നു നില്‍ക്കാന്‍വേണ്ടുന്ന ചട്ടങ്ങള്‍ ഉണ്ടാക്കണം. ഓരോ പലകയുടെയും നീളം പത്തുമുഴവും, വീതി ഒന്നരമുഴവും ആയിരിക്കണം. പലകകളെ തമ്മില്‍ച്ചേര്‍ക്കുന്നതിനു ഓരോ പലകയിലും രണ്ടു കുടുമകള്‍ വീതം വേണം. എല്ലാ പലകകളും ഇങ്ങനെതന്നെ ഉണ്ടാക്കണം. കൂടാരത്തിനു ചട്ടപ്പലകകള്‍ ഉണ്ടാകണം. തെക്കു വശത്ത് ഇരുപതു പലകകള്‍. ഇരുപതു പലകകളുടെ അടിയിലായി വെള്ളികൊണ്ടു നാല്‍പതു പാദകുടങ്ങള്‍ ഉണ്ടാക്കണം. ഓരോ പലകയുടെയും അടിയിലുള്ള രണ്ടു പാദകുടങ്ങള്‍ വീതം നിര്‍മ്മിക്കണം. കൂടാരത്തിന്‍റെ രണ്ടാം വശമായ വടക്കു വശത്തേയ്ക്കായി ഇരുപതു പലകകളും നിര്‍മ്മിക്കണം.”

പാരമ്പര്യങ്ങളുടെ വിവിധ തട്ടുകളിലായിട്ടാണ് പുറപ്പാടിന്‍റെ രചന നടന്നിരിക്കുന്നത് എന്ന് ഈ പൗരോഹിത്യ രചന വ്യക്തമാക്കുന്നു. അതായത് ഒരു ഗ്രന്ഥകര്‍ത്താവ്, ഒരു കാലഘട്ടത്തില്‍ എഴുതിയുണ്ടാക്കിയ ചരിത്രമെന്നൊ, വിവരണമെന്നോ പുറപ്പാടിനെ വിശേഷിപ്പിക്കാനാവില്ല എന്നാണ് അതിനര്‍ത്ഥം. ഉദാഹരണത്തിന് ചെങ്കടടലിന്‍റെ ആഖ്യാനവും (അതായത്, ചെങ്കടല്‍ കടക്കലും അവിടെ നടന്ന ദൈവിക സംരക്ഷണയുടെ വിസ്മയ സംഭവങ്ങളും), പുറപ്പാടിന്‍റെ മരുഭൂമി കടക്കലിനുശേഷമുള്ള പത്തുകല്പനകളുടെയും ദൈവവുമായുള്ള ഉടമ്പടിയുടെയും വിവരണങ്ങള്‍ ക്രിസ്തുവിനുമുന്‍പ് ഏകദേശം 600 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലനിന്നിരുന്ന, യാഹ്വേയിസ്റ്റ്, ഈലോഹിസ്റ്റ്, പൗരോഹിത്യ പാരമ്പര്യങ്ങളില്‍നിന്നും ഉതിര്‍ക്കൊണ്ടതാണെന്ന് പണ്ഡിതന്മാര്‍ പൊതുവെ സമ്മതിക്കുന്നുണ്ട്.
രചനാശൈലിയും ഗ്രന്ഥത്തിന്‍റെ ഇതര ഭാഗങ്ങളില്‍നിന്നും വേറിട്ടു നില്കുന്ന വിവരണങ്ങളും നിരൂപകന്മാരുടെ നിലപാട് സ്ഥിരീകരിക്കുന്നതാണ്. കൂടാരം, കൂടാരാങ്കണം, ബലിവേദി, ബലിപീഠം എന്നിവയുടെ പഠനത്തിലൂടെ പുറപ്പാടിന്‍റെ ചരിത്രവും അതിലെ പൗരോഹ്യപാരമ്പര്യവും നമുക്ക് ഇനിയും അടുത്ത പ്രക്ഷേപണത്തില്‍ പഠിക്കാം .

Prepared by nellikal, Radio Vatican








All the contents on this site are copyrighted ©.