2013-07-16 16:58:10

രാഷ്ട്രീയ വിഭാഗീയത രാജ്യത്തെ തകര്‍ക്കുമെന്ന് പാത്രിയാര്‍ക്കീസ് റായ്യി


16 ജൂലൈ 2013, ബെയ്റൂട്ട്
ലെബനോണിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ വിഭാഗീയതയും ഭിന്നിപ്പും രാജ്യത്തെ തകര്‍ക്കുമെന്ന് അന്ത്യോക്യായിലെ മറോണീത്തന്‍ പാത്രിയാര്‍ക്കീയ് ബെഷാറ ബുത്രോസ് റായ്യിയുടെ താക്കീത്. ജൂലൈ 14ന് ഹരീസാ നഗരത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് രാഷ്ട്രീയ വിഭാഗീയതയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പാത്രിയാര്‍ക്കീസ് റായ്യി മുന്നറിയിപ്പ് നല്‍കിയത്. ആഭ്യന്തര കലാപം തുടരുന്ന സിറിയയുടെ അയല്‍രാജ്യമായ ലെബനോണിലും അസ്വസ്ത വ്യാപിക്കുന്നുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ക്രൈസ്തവ – ഇസ്ലാം സമുദായങ്ങള്‍ ഭൂരിപക്ഷമുള്ള ലെബനോണില്‍ സമുദായ സമവായം രാഷ്ട്രഭരണത്തില്‍ നിര്‍ണ്ണായകമാണ്. ക്രൈസ്തവരും മുസ്ലീമുകളും സംയുക്തമായി അംഗീകരിച്ച 1943ലെ ദേശീയ ഉടമ്പടിപ്രകാരം രാഷ്ട്രീയ കക്ഷികള്‍ അനുരഞ്ജനത്തിന് തയ്യാറാകണമെന്ന് പാത്രിയാര്‍ക്കീസ് രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രാജ്യത്തെ അസ്വസ്ഥമാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ സൈന്യം ഒഴികെയുള്ള സായുധസേനകളുടെ പ്രവര്‍ത്തനം സമാധാനപരമായ സഹജീവനത്തിന് ഭീഷണിയാണെന്നും പാത്രിയാര്‍ക്കീസ് പ്രസ്താവിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.