2013-07-16 16:57:43

ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി പ്രഖ്യാപിക്കണമെന്ന് കെ.ആര്‍.എല്‍.സി.സി


15 ജൂലൈ 2013, കോട്ടയം
മതപരിഗണന കൂടാതെ ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി പ്രഖ്യാപിക്കണമെന്ന് കെ.ആര്‍.എല്‍.സി.സി ജനറല്‍ അസംബ്ലി ആവശ്യപ്പെടുന്നു. കോട്ടയത്ത് നടന്ന കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്‍റെ ത്രിദിന ജനറല്‍ അസംബ്ലിയാണ് ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. അസംബ്ലിക്കു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ.ആര്‍.എല്‍.സി.സി. പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് സൂസപാക്യം അസംബ്ലിയുടെ തീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു. മതപരിഗണന കൂടാതെ ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി പ്രഖ്യാപിക്കണമെന്ന ആവശ്യം ജനറല്‍ അസംബ്ലി മുന്നോട്ടുവച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സംസ്ഥാന നിയമസഭയില്‍ പട്ടികജാതി മന്ത്രി നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നും അസംബ്ലി ആവശ്യപ്പെട്ടു. ഭരണതലത്തില്‍ ലത്തീന്‍സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതിലുള്ള പ്രതിഷേധം ഉന്നതതലത്തില്‍ അറിയിക്കാനും കെ.ആര്‍.എല്‍.സി.സി. ജനറല്‍ബോഡി യോഗം തീരുമാനിച്ചിട്ടുണ്ട്. പ്രകൃതിദുരന്തങ്ങള്‍, പകര്‍ച്ചവ്യാധി, വിലക്കയറ്റം തുടങ്ങി ജനജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് ഭരണകൂടം അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്ന് ആര്‍ച്ചുബിഷപ്പ് സൂസപാക്യം കുറ്റപ്പെടുത്തി. ജനകീയ പ്രശ്നങ്ങള്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അവഗണിക്കുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
തീരദേശവികസനത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് അസംബ്ലി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ലത്തീന്‍ സമുദായ വക്താവ് ഷാജി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന വരുമാനത്തില്‍ 2.2 ശതമാനം സംഭാവന ചെയ്യുന്ന മത്സ്യമേഖലയ്ക്ക് 157 കോടി രൂപ മാത്രമാണ് ബജറ്റില്‍ വകകൊള്ളിച്ചിട്ടുള്ളതെന്ന് അസംബ്ലി ചൂണ്ടിക്കാട്ടി. തീരദേശത്തിന്‍റേയും മത്സ്യത്തൊഴിലാളികളുടെയും വികസനത്തിനും ക്ഷേമത്തിനുമായി കേന്ദ്രസര്‍ക്കാരില്‍ ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കണമെന്നും കെ.ആര്‍.എല്‍.സി.സി ആവശ്യപ്പെട്ടു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.