2013-07-16 17:00:07

തടവില്‍ കഴിയുന്ന സംഗീതജ്ഞന് മാര്‍പാപ്പയുടെ സാന്ത്വനസന്ദേശം


15 ജൂലൈ 2013, ബ്യൂനെസ് എയിരെസ്
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്ത്വനസന്ദേശം അര്‍ജന്‍റീനയില്‍ ജയിലില്‍ കഴിയുന്ന റോക്ക് ഗായകന്‍ പത്രീസ്യോ സാന്തോസ് ഫൊന്തനെത്തിന് സമാശ്വാസമേകുന്നു. മറുപടിയൊന്നും പ്രതീക്ഷിക്കാതെയാണ് പത്രീസ്യോ സാന്തോസ് അര്‍ജന്‍റീനാ സ്വദേശിയായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഒരു കത്തയച്ചത്. പക്ഷെ, അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് പാപ്പയുടെ മറുപടിയെത്തി.
മാര്‍പാപ്പയുടെ കത്ത്, ഫൊന്തനെത്തിന്‍റെ ഭാര്യ എസ്താഫാനിയ മിഗേല്‍ ഫോണിലൂടെ ഫൊന്തനെത്തിനെ വായിച്ചുകേള്‍പ്പിച്ചു. “പാത്തോ” എന്ന ചുരുക്കപ്പേരില്‍ ഫൊന്തനെത്തിനെ അഭിവാദ്യം ചെയ്തു കൊണ്ട് ആരംഭിക്കുന്ന കത്ത് വായിച്ച് വികാരനിര്‍ഭരയായ എസ്താഫാനിയ മിഗേല്‍, ക്ലാരിന്‍ (Clarín) എന്ന പ്രാദേശിക ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് മാര്‍പാപ്പയുടെ കത്തിനെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഫൊന്തനെത്തിന്‍റെ കത്തിന് നന്ദിപറഞ്ഞ മാര്‍പാപ്പ അവരുടെ ബാന്‍ഡിന്‍റെ സംഗീതം ഇപ്പോഴും തന്‍റെ കാതുകളില്‍ മുഴങ്ങുന്നതുപോലെ തോന്നുന്നുവെന്നും പറഞ്ഞു. “നിന്‍റെ കത്തിന് നന്ദി. നിങ്ങളുടെ സംഗീതം ഇപ്പോഴും തന്‍റെ കാതുകളില്‍ മുഴങ്ങുന്നതുപോലെ തോന്നുന്നു. നിന്‍റെ അടുത്തുവന്ന് ആശ്വസിപ്പിക്കാന്‍ എനിക്കാഗ്രഹമുണ്ട്...... ” എന്നാരംഭിക്കുന്ന കത്തിന്‍റെ പൂര്‍ണ്ണരൂപം ക്ലാരിന്‍ ദിനപത്രം പ്രസിദ്ധീകരിച്ചു. ഈയവസരത്തില്‍ ഉപദേശമൊന്നും നല്‍കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞ പാപ്പ, വേദനയില്‍ തകര്‍ന്നുപോകരുതെന്ന് ഫൊന്തനെത്തിനോടാവശ്യപ്പെട്ടു. “നിരോത്സാഹപ്പെടുത്തുന്ന ദിനങ്ങളുണ്ടായേക്കാം പക്ഷെ ഭയപ്പെടരുത്, എല്ലാം കടന്നുപോകും, ധൈര്യമായിരിക്കുക....” സാധിക്കുകയാണെങ്കില്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ ഫൊന്തനെതിനോട് അഭ്യര്‍ത്ഥിച്ചു.
ബ്യൂനെസ് എയിരെസില്‍ മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതിരുന്ന ഒരു നിശാക്ലബില്‍ ഉണ്ടായ അഗ്നിബാധയില്‍ 194 പേര്‍ മരണമടഞ്ഞ സംഭവത്തിലാണ് റോക്ക് ഗായകന്‍ പത്രീസ്യോ സാന്തോസ് ഫൊന്തനെതും സംഘവും അറസ്റ്റിലായത്. കോടതി ഏഴുവര്‍ഷത്തെ തടവു ശിക്ഷ നല്‍കിയ ഫൊന്തെനെത് മാനസിക ആഘാതത്തെതുടര്‍ന്ന് ജയിലിലെ മാനസികാരോഗ്യ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലാണ്.

വാര്‍ത്താ സ്രോതസ്സ്: zenit







All the contents on this site are copyrighted ©.