2013-07-16 16:58:21

ഈജിപ്തിനും സിറിയയ്ക്കും വേണ്ടി പ്രാര്‍ത്ഥനാഭ്യര്‍ത്ഥന


16 ജൂലൈ 2013, ഇംഗ്ലണ്ട്
ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഈജിപ്തിനും ആഭ്യന്തര കലാപം തുടരുന്ന സിറിയയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഇംഗ്ണ്ടിലെ മെത്രാന്‍മാര്‍ ക്രൈസ്തവ വിശ്വാസികളെ ആഹ്വാനം ചെയ്തു. സിറിയന്‍ ജനതയ്ക്കുവേണ്ടി ബ്രിട്ടണിലെ കത്തോലിക്കാ മെത്രാന്‍മാരുടെ ദേശീയ സമിതിയദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോള്‍സിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലില്‍ ദിവ്യബലിയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. സിറിയന്‍ പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിന് ദേശീയ അന്തര്‍ദേശീയ സംഘടനകള്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കണെമന്ന് ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ് അഭ്യര്‍ത്ഥിച്ചു.
അതിനിടെ, ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഈജിപ്തിനു വേണ്ടി പ്രാര്‍ത്ഥന ഉറപ്പുനല്‍കിക്കൊണ്ട് കാന്‍റര്‍ബറിയിലേയും യോര്‍ക്കിലേയും ആഗ്ലിക്കന്‍ മെത്രാന്‍മാര്‍ ഈജിപ്തിലെ കോപ്ടിക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തെവാദ്രോസ് രണ്ടാമന് സന്ദേശമയച്ചു. ഈജിപ്തിലെ രാഷ്ട്രീയ സാമൂഹ്യ സ്ഥിതിഗതികളില്‍ തങ്ങളുടെ വേദന അറിയിച്ച ആഗ്ലിക്കന്‍ മെത്രാന്‍മാര്‍ രാഷ്ട്രത്തിന്‍റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കപ്പെടുന്നതിന് പ്രാര്‍ത്ഥന ഉറപ്പുനല്‍കുകയും ചെയ്തു. കലുഷിതമായ ഈ സാമൂഹ്യ സാഹചര്യത്തില്‍ സമാധാനത്തിന്‍റേയും അനുരജ്ഞനത്തിന്‍റേയും ദൂതനായിരിക്കുക എന്ന ദുഷ്ക്കരമായ ദൗത്യനിര്‍വ്വഹണം നടത്തുന്ന പാത്രിയാര്‍ക്കീസ് തെവാദ്രോസിനെ തങ്ങളുടെ പ്രാര്‍ത്ഥനാശംസകളും പിന്തുണയും അവര്‍ അറിയിച്ചു.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ









All the contents on this site are copyrighted ©.