2013-07-15 15:38:25

സ്കറാനോ കേസന്വേഷണത്തില്‍ പുരോഗതി


13 ജൂലൈ 2013, വത്തിക്കാന്‍
മോണ്‍. നുണ്‍സ്യോ സ്കറാനോയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും സ്വത്തും മരവിപ്പിച്ചുകൊണ്ട് വത്തിക്കാന്‍ കോടതി ഉത്തരവിറക്കി. വത്തിക്കാന്‍ നീതിനിര്‍വ്വഹ കാര്യാലയം നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ്, സാമ്പത്തിക ക്രമക്കേട് കേസില്‍ ഇറ്റാലിയന്‍ പൊലീസ് അറസ്റ്റ് ചെയ്ത മോണ്‍. സകറാനോയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംമ്പാര്‍ദി അറിയിച്ചു. സംശയകരമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു ലഭിച്ച നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണത്തില്‍ സഹായകമായി. സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മറ്റു ചില വ്യക്തികളെ കൂടി പ്രതിചേര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് വത്തിക്കാന്‍ ജുഡ്യീഷ്യറി സൂചിപ്പിച്ചിട്ടുണെന്നും ഫാ.ലൊംബാര്‍ദി വെളിപ്പെടുത്തി.
അതിനിടെ, സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാനും അവ അവസാനിപ്പിക്കാനും വത്തിക്കാന്‍ ബാങ്ക് ശക്തമായ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയവര്‍, വൈദികരായാലും അല്‍മായരായാലും, അവര്‍ക്കെതിരേ നിര്‍ദാക്ഷിണ്യം നടപടിയെടുക്കുമെന്നും വത്തിക്കാന്‍ ബാങ്കിന്‍റെ പുതിയ പ്രസിഡന്‍റ് എര്‍നെസ്റ്റ് വോണ്‍ ഫ്രൈബെര്‍ഗ് പ്രസ്താവിച്ചു.
സാമ്പത്തിക സുരക്ഷയും സുതാര്യതയും പാലിക്കാന്‍ ആഗോള സാമ്പത്തിക സുരക്ഷാ ഏജന്‍സിയില്‍ അംഗത്വം നേടിയിരിക്കുകയാണ് വത്തിക്കാന്‍ ബാങ്ക്. ലോകത്തെ പ്രമുഖ രാഷ്ട്രങ്ങളുടെ സാമ്പത്തിക നിയന്ത്രണ സംവിധാനങ്ങള്‍ കൂട്ടുചേര്‍ന്നു ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക അന്വേഷണ-ക്രമീകരണം ഈ വര്‍ഷം അവസാനത്തോടെ വത്തിക്കാന്‍ ബാങ്കിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തല്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.