2013-07-15 15:36:44

പ്രത്യാശയുടെ അടയാളമായിരിക്കുക: മാര്‍പാപ്പ കാസില്‍ഗണ്‍ഡോള്‍ഫോയില്‍


15 ജൂലൈ 2013, കാസില്‍ഗണ്‍ഡോള്‍ഫോ
സമാധാനത്തിന്‍റേയും പ്രത്യാശയുടേയും അടയാളമായിരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാസില്‍ഗണ്‍ഡോള്‍ഫോ നിവാസികളെ ആഹ്വാനം ചെയ്തു. ജൂലൈ 14ന് കാസില്‍ഗണ്‍ഡോള്‍ഫോയിലെ അപ്പസ്തോലിക അരമന സന്ദര്‍ശിച്ചപ്പോഴാണ് പാപ്പ ഈ ആഹ്വാനം നല്‍കിയത്. പ്രതിസന്ധികള്‍ നേരിടുന്ന വ്യക്തികളും കുടുംബങ്ങളും സമാധാനത്തിന്‍റേയും പ്രത്യാശയുടേയും സാക്ഷികളായിരിക്കാന്‍ സവിശേഷമാം വിധം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പ പറഞ്ഞു.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും വേനല്‍ക്കാലം ചിലവഴിച്ചിരുന്ന കാസില്‍ഗണ്‍ഡോഫോയിലെ അപ്പസ്തോലിക അരമന സന്ദര്‍ശിച്ച ഫ്രാന്‍സിസ് പാപ്പ അരമനയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് തന്‍റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. കാസില്‍ ഗണ്‍ഡോള്‍ഫോ ഉള്‍പ്പെടുന്ന അല്‍ബാനം രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ചെല്ലോ സെമരാരോ, നഗരസഭാദ്ധ്യക്ഷ മില്‍വിയ മൊനാക്കേസി എന്നിവര്‍ക്കും കാസില്‍ഗണ്‍ഡോള്‍ഫോ നിവാസികള്‍ക്കും കൃതജ്ഞതയര്‍പ്പിച്ച പാപ്പ കാസില്‍ഗണ്‍ഡോള്‍ഫോയില്‍ വേനലവധി ചിലവഴിക്കാനെത്തിയിരിക്കുന്ന സന്ദര്‍ശകര്‍ക്കും തന്‍റെ ആശംസകള്‍ നേര്‍ന്നു.
കാസില്‍ഗണ്‍ഡോള്‍ഫോയില്‍ പാപ്പ നയിച്ച ത്രികാല പ്രാര്‍ത്ഥനയില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. ത്രികാല പ്രാര്‍ത്ഥനയ്ക്കു ശേഷം പ്രാര്‍ത്ഥനയില്‍ സന്നിഹിതരായിരുന്ന ഏതാനും രോഗികളുടെ പക്കലെത്തിയ പാപ്പ അവരോട് കുശലാന്വേഷണം നടത്തുകയും അവരെ ആശീര്‍വദിക്കുകയും ചെയ്തു. രോഗികള്‍ക്കു പുറമേ നിരവധി വയോധികരും കുഞ്ഞുങ്ങളും മാര്‍പാപ്പയുടെ സ്നേഹവാത്സല്യമേറ്റുവാങ്ങി. കാസില്‍ഗണ്‍ഡോള്‍ഫോയിലെ ഈശോസഭാ സമൂഹത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് മാര്‍പാപ്പ വത്തിക്കാനിലേക്കു മടങ്ങിയത്.
ആഗസ്റ്റ് 15ന് പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്വര്‍ഗാരോപണ തിരുന്നാളില്‍ മാര്‍പാപ്പ വീണ്ടും കാസില്‍ഗണ്‍ഡോള്‍ഫോയിലെത്തും. അന്ന് രാവിലെ കാസില്‍ഗണ്‍ഡോള്‍ഫോയിലെ ഇടവക ദേവാലയത്തില്‍ തിരുന്നാള്‍ ദിവ്യബലിയര്‍പ്പിക്കുന്ന മാര്‍പാപ്പ, ഉച്ചയ്ക്ക് അപ്പസ്തോലിക അരമനയുടെ അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയും നയിക്കും.
വത്തിക്കാനില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ ദൂരെയുള്ള കാസില്‍ഗണ്‍ഡോള്‍ഫോയിലെ വേനല്‍ക്കാല വസതിയിലാണ് മാര്‍പാപ്പമാരായ ജോണ്‍ പോള്‍ രണ്ടാമനും ബെനഡക്ട് പതിനാറാമനും വേനലവധിക്കാലം ചിലവഴിച്ചിരുന്നത്. എന്നാല്‍ ആ പതിവില്‍ നിന്നും വ്യത്യസ്തമായി ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ തന്നെയാണ് വേനലവധി ചിലവിടുന്നത്.
* മാര്‍പാപ്പ ബുധനാഴ്ചകളില്‍ നയിക്കുന്ന പ്രതിവാര പൊതുകൂടിക്കാഴ്ച്ചകള്‍ വേനലധിക്കാലത്ത് (ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍) ഉണ്ടായിരിക്കുന്നതല്ല. സെപ്തംബര്‍ 4ാം തിയതി ബുധനാഴ്ച പൊതുകൂടിക്കാഴ്ച്ച പുനരാരംഭിക്കും.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.