2013-07-15 15:38:48

പാപ്പായെ കാത്തിരിക്കുന്നത് അത്യുജ്ജ്വല സ്വീകരണം: കര്‍ദിനാള്‍ റെയില്‍ക്കോ


15 ജൂലൈ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയെ വരവേല്‍ക്കാന്‍ റിയോ ദി ജനീറോ ഒരുങ്ങിക്കഴിഞ്ഞെന്ന് അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവുസ് റയില്‍ക്കോ. ആഗോള യുവജന മാമാങ്കത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് റിയോയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഒരുക്കങ്ങളെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചത്. “ആകയാല്‍ നിങ്ങള്‍ പോയി സകല ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍,” (മത്തായി 28, 19) എന്ന സുവിശേഷ സന്ദേശവുമായി ജൂലൈ 23 മുതല്‍ 28 വരെയാണ് ബ്രസീലിലെ റിയോ ദി ജനീറോയില്‍ ലോകയുവജനം സംഗമിക്കുന്നത്.
കഴിഞ്ഞ ആഗോള യുവജന സംഗമത്തിനു വേദിയായ മാഡ്രിഡിലെ ക്വാത്രോ വിയെന്ത്രോ മൈതാനത്തേക്കാള്‍ വലിയ മൈതാനമാണ് റിയോ ദി ജനീറോയില്‍ സമാപന ദിവ്യബലിയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. സമാപന ദിവ്യബലിയില്‍ ഇരുപതു ലക്ഷത്തോളം യുവജനങ്ങളെ പ്രതീക്ഷിക്കുന്നുണ്ടെന്നും കര്‍ദിനാള്‍ വെളിപ്പെടുത്തി.
ലാറ്റിനമേരിക്കന്‍ മാര്‍പാപ്പയുടെ ആദ്യ വിദേശ പര്യടനമെന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീല്‍ വലിയ ആവേശത്തോടെയാണ് പാപ്പയെ വരവേല്‍ക്കുകയെന്ന് കര്‍ദിനാള്‍ റെയില്‍ക്കോ അഭിപ്രായപ്പെട്ടു.
അതിനിടെ, പേപ്പല്‍ സന്ദര്‍ശനത്തിന്‍റെ ആനന്ദത്തില്‍ പങ്കുചേരാന്‍ ഇതര ലാറ്റിനമേരിക്കന്‍ രാഷ്ട്ര നേതാക്കളേയും ബ്രസീലിയന്‍ പ്രസിഡന്‍റ് ഡില്‍മ റൂസെഫ് ക്ഷണിച്ചിട്ടുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.