2013-07-15 18:04:52

നല്ല സമറിയക്കാരന്‍
ക്രിസ്തുസ്നേഹത്തിന്‍റെ മൂര്‍ത്തരൂപം


15 ജൂലൈ 2013, ക്യാസില്‍ ഗണ്ടോള്‍ഫോ
ജൂലൈ 14-ാം തിയതി, ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസിന്‍റെ ത്രികാലപ്രാര്‍ത്ഥനയും സന്ദേശവും റോമിനു പുറത്തുള്ള ക്യാസില്‍ ഗണ്ടോള്‍ഫോയിലുള്ള വത്തിക്കാന്‍റെ വേനല്‍ക്കാല വസതിയിലായിരുന്നു. വത്തിക്കാനില്‍നിന്നും ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗമാണ് മനോഹരമായ ആല്‍പ്പൈന്‍ നഗരത്തില്‍ പാപ്പ പ്രത്യേക ത്രികാല പ്രാര്‍ത്ഥനയ്ക്കെത്തിയത്. തദ്ദേശവാസികളായ ജനങ്ങള്‍ക്കും അവിടെ എത്തിയ നിരവധിയായ തീര്‍ത്ഥാടകര്‍ക്കും പാപ്പാ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. അവരുടെ വാത്സല്യത്തിനും പ്രാര്‍ത്ഥനയ്ക്കും സാന്നിദ്ധ്യത്തിനും നന്ദിപറഞ്ഞുകൊണ്ടാണ് പാപ്പാ പ്രാര്‍ത്ഥനചൊല്ലി, സന്ദേശം നല്കിയത് :

ഇന്നത്തെ സുവിശേഷഭാഗം (വിശുദ്ധ ലൂക്കാ, അദ്ധ്യായം 10, 25 - 37) നല്ല സമറിയക്കാരന്‍റെ മനോഹരമായ കഥ പറയുകയാണ്. ആരാണീ സമറിയക്കാരന്‍? യൂദയായിലെ മരുപ്രദേശപാതയിലൂടെ ജരൂസലേമില്‍നിന്നും ജറീക്കോയിലേയ്ക്കു പുറപ്പെട്ട യാത്രികനാണത്. മാര്‍ഗ്ഗമദ്ധ്യേ അയാള്‍ കവര്‍ച്ചക്കാരുടെ കയ്യില്‍പ്പെട്ടു. അയാളെ കൊള്ളയടിച്ചശേഷം മര്‍‍ദ്ദിച്ച്, അര്‍ദ്ധപ്രാണനാക്കി അവിടെയിട്ടിട്ട് അവര്‍ കടന്നുകളഞ്ഞു.

മുറിപ്പെട്ട മനുഷ്യന്‍റെ സമീപത്തൂടെ പുരോഹിതനും ലേവ്യനും – ദൈവാലയത്തിലെ കര്‍മ്മാദികളുമായി ബന്ധപ്പെട്ട രണ്ടുപേര്‍ കടന്നുപോയി. ആ പാവം മനുഷ്യനെ കണ്ടിട്ടും അവര്‍ ഗൗനിച്ചില്ല. എന്നാല്‍ മൂന്നാമതു വന്ന സമറിയക്കാരന്‍ ‘അയാളെക്കണ്ട് അനുകമ്പതോന്നി’ (ലൂക്കാ 10, 33). മുറിപ്പെട്ടവന്‍റെ അടുത്തുചെന്ന് മുറിവുകളില്‍ എണ്ണയും വീഞ്ഞുമൊഴിച്ച് ശുചിയാക്കി, വച്ചുകെട്ടി. എന്നിട്ട് കുതിരപ്പുറത്തു കയറ്റി അടുത്തുള്ള സത്രത്തില്‍ കൊണ്ടാക്കി, പരിചരിച്ചു. അതായത് ആപത്തില്‍പ്പെട്ടവനെ സമറിയാക്കാരന്‍ തക്കസമയത്ത് സഹായിച്ചു. ഇത് സ്നേഹമുള്ള നല്ല അയല്‍ക്കാരന്‍റെ മാതൃകയാണെന്ന് ക്രിസ്തു പ്രസ്താവിച്ചു. ഇവിടെ നന്മയുടെ പ്രയോക്താവാകുന്നത് യഹൂദരുടെ ബദ്ധശത്രുവായ സമറിയക്കാരനാണ്. സമറിയക്കാര്‍ മറ്റൊരു മതസ്ഥരായിരുന്നതിനാലാണ് അവരെ യഹൂദര്‍ വെറുത്തിരുന്നത്. എന്നാല്‍ സമറിയക്കാരനെ സ്നേഹത്തിന്‍റെയും ഔദാര്യത്തിന്‍റയും പ്രതീകമായി ക്രിസ്തു കഥയില്‍ ചിത്രീകരിക്കുന്നു. യഹൂദ പുരോഹിതനില്‍നിന്നും ലേവ്യനില്‍നിന്നും വ്യത്യസ്തനായി ‘ബലിയല്ല കരുണയാണ്’ ജീവിതത്തിനാവശ്യം (മത്തായി 12, 33) എന്നു പഠിപ്പിക്കുന്നത് സമറിയക്കാരനാണ്.

സമറിയക്കാരനെപ്പോലെ സേവനത്തിന്‍റെ പാതയില്‍ ചരിച്ച വിശുദ്ധ കമിലസിനെ (ജൂലൈ 14-ാം തിയതി) സഭ അനുസ്മരിക്കുന്നു. രോഗീ പരിചാരകര്‍ക്കായുള്ള (Servants of the Sick or Camillians) സന്ന്യാസ സഭാസ്ഥാപകനും, രോഗികളുടെയും ആതുരശുശ്രൂഷകരുടെയും മദ്ധ്യസ്ഥനുമാണ് ഇറ്റലിക്കാരനായ വിശുദ്ധ കമിലസ്. ജൂലൈ 14, 1614-ല്‍ അന്തരിച്ച ഈ മഹാസിദ്ധന്‍റെ 4-ാം ചരമശതാബ്ദി വര്‍ഷമാണിത്. വിശുദ്ധ കമിലസിന്‍റെ ആത്മീയമക്കളായ, രോഗികളും പരിത്യക്തരുമായവരുടെ അനുദിന ശുശ്രൂഷയിലേര്‍പ്പെട്ടിരിക്കുന്ന, സന്ന്യസ്തരെയും വൈദികരെയും പ്രത്യേകം അനുസ്മരിക്കുന്നു. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. വിശുദ്ധ കമിലസിനെപ്പോലെ ‘നല്ല സമറിയാക്കാരായി’ ജീവിക്കാം. ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരും, നഴ്സുമാരും, മറ്റ് ശുശ്രൂഷകരും ഈ പുണ്യവാന്‍റെ ശുശ്രൂഷാ ചൈതന്യത്താല്‍ പ്രചോദിതരാകട്ടെ.

ഇന്നത്തെ നമ്മുടെ നിയോഗങ്ങള്‍ പരിശുദ്ധ കന്യകാനാഥയ്ക്കു സമര്‍പ്പിക്കാം. അതുപോലെ ബ്രസീലിലെ ലോക യുവജന സംഗമത്തിലേയ്ക്കുള്ള യുവജനങ്ങളുടെയും എന്‍റെയും യാത്രയെയും (ജൂലൈ 22, തിങ്കള്‍) പരിശുദ്ധ അമ്മയെ ഭരമേല്പിക്കാം. യുവജനങ്ങള്‍ എനിക്കുമുന്നേ അവരുടെ രാജ്യങ്ങളില്‍നിന്നും റിയോ നഗരത്തിലേയ്ക്ക് പുറപ്പെട്ടു കഴിഞ്ഞു. അവരുടെ ഓരോ ചുവടുകളെയും ബസീലിന്‍റെ നാഥയും മദ്ധ്യസ്ഥയുമായ അപ്പരിസേദായിലെ കന്യകാംബിക നയിക്കട്ടെ. ക്രിസ്തു ഏല്പിച്ചിരിക്കുന്ന സ്നേഹദൗത്യത്തിനായി നമ്മുടെ ഹൃദയങ്ങള്‍ തുറക്കാന്‍ പരിശുദ്ധ അമ്മ തുണയ്ക്കട്ടെ!

Extract of the Angelus Message delivered by Papa Francis at Castel Gandolfo on 14th July 2013.
Rported : nellikal, sedoc








All the contents on this site are copyrighted ©.