2013-07-15 15:38:11

ജീവിതം, സ്നേഹത്തിന്‍റെ ഫലം


15 ജൂലൈ 2013, വത്തിക്കാന്‍
സ്നേഹത്തിലേക്കുള്ള ക്ഷണമാണ് ജീവിതമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ ജൂലൈ 14ന് നടത്തിയ ട്വീറ്റിലാണ് ജീവിതത്തിന്‍റെ ആന്തരികാര്‍ത്ഥത്തെക്കുറിച്ച് പാപ്പ പ്രതിപാദിച്ചത്. “ക്രൈസ്തവനെ സംബന്ധിച്ച് ഈ ജീവിതം ആകസ്മികമായ ഒന്നല്ല. അത് സ്നേഹത്തിന്‍റെ ഫലവും സ്നേഹത്തിലേക്കുള്ള ക്ഷണവുമാണ്.” എന്നായിരുന്നു പാപ്പായുടെ ട്വീറ്റ്.

സ്നേഹത്തിലേക്കുള്ള ക്ഷണമാണ് ക്രിസ്തീയ ജീവിതമെന്നത് ഫ്രാന്‍സിസ് പാപ്പ സാന്താമാര്‍ത്താ മന്ദിരത്തിലെ ദിവ്യബലി മധ്യേ നല്‍കിയ വചനസമീക്ഷയില്‍ ആവര്‍ത്തിച്ച സന്ദേശങ്ങളിലൊന്നാണ്. ദൈവവുമായുള്ള വ്യക്തിബന്ധമാണ് ക്രിസ്തീയ വിശ്വാസത്തിന്‍റെ കേന്ദ്രമെന്ന് തദവസരത്തില്‍ വിശ്വാസികളെ പാപ്പ അനുസ്മരിപ്പിച്ചു. ദൈവത്തിന്‍റെ വ്യക്തിപരമായ വിളി സ്വീകരിച്ചവരാണ് ഓരോ ക്രൈസ്തവനും. സ്നേഹത്തിലേക്കുള്ള വിളിയാണ് ക്രിസ്തീയ ജീവിതം. ദൈവമക്കളാകാനും ക്രിസ്തുവിന്‍റെ സഹോദരങ്ങളാകാനുമുള്ള വിളിയാണത്. ആ വിളി അന്യരോട് പങ്കുവയ്ക്കുകയെന്ന ദൗത്യവും നമുക്കുണ്ട്. ഈ യാത്ര പ്രശ്നരഹിതമല്ല. വഴിയില്‍ നിരവധി വൈതരണികളുണ്ട്. യേശു ക്രിസ്തുവും നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ നമ്മെ വിളിച്ച ദൈവം എന്നും വിശ്വസ്തനാണെന്നും പ്രതിസന്ധികളില്‍ അവിടുന്നൊരിക്കലും നമ്മെ ഏകരായി വിടുകയില്ലെന്നും ഉറപ്പുനല്‍കി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.